അയല്‍ക്കൂട്ട നവീകരണം: കുടുംബശ്രീ പ്രത്യേക യോഗം ചേര്‍ന്നു
തൃശൂര്‍: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തെ നവീകരിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ദിശ 2017 കാംപയിന്‍ നടത്തുന്നു.
അയല്‍ക്കൂട്ട അംഗസംഘ്യ 50 ലക്ഷമായി ഉയര്‍ത്തുക, വയോജനങ്ങള്‍, ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ന്യൂനപക്ഷങ്ങള്‍, തീരദേശവാസികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, പ്രവാസികളായിരുന്നവരും ഇപ്പോള്‍ സ്വദേശത്തു സ്ഥിരതാമസമാക്കിയവരുമായ പ്രവാസി കുടുംബങ്ങളിലെ സ്ത്രീകള്‍ എന്നിവരുടെ അയല്‍ക്കൂട്ട പ്രവേശനം ഉറപ്പാക്കുക, നവകേരള ആക്ഷന്‍ പ്ലാന്‍ ലക്ഷ്യം വയ്ക്കുന്ന വിശാല ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക എന്നിവയാണ് ക്യംപയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഒന്നര കോടിയോളം രൂപ പദ്ധതിയ്ക്കായി ചെലവുചെയ്ത് ജില്ലയില്‍ വനിതകളുടെ നിര്‍മാണ പ്രവര്‍ത്തന സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പട്ടികജാതി മേഖലയില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മിക്കുന്ന യൂനിറ്റ് ആരംഭിക്കും. റെയില്‍വേ പാര്‍ക്കിങ്, എ.സി കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുമതല എന്നിവ കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. കുടുംബശ്രീ മാട്രിമോണിയല്‍, ചാവക്കാട്ടെ കഫേശ്രീ എന്നിവ വിപുലീകരിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള ആക്ഷന്‍ പ്ലാന്‍, ഹരിതകേരളം, ആര്‍ദ്രം, ലൈഫ് പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇവയില്‍ കുടുംബശ്രീക്ക് ഇടപെടാവുന്ന പ്രവൃത്തികള്‍ എറ്റെടുക്കും. ജില്ലയിലെ ഓരോ അയല്‍ക്കൂട്ടത്തിലും സ്‌പെഷല്‍ യോഗം ചേര്‍ന്നു നവകേരള ആക്ഷന്‍ പ്ലാന്‍ ചര്‍ച്ച ചെയ്തു.
മാള പഞ്ചായത്തിലെ അയല്‍ക്കൂട്ടത്തില്‍ വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, എടവിലങ്ങില്‍ ഇ.ടി ടൈസണ്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു. അളഗപ്പ നഗര്‍ പട്ടികജാതി കോളനികളില്‍ നടത്തിയ പ്രത്യേക അയല്‍ക്കൂട്ടത്തില്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ ബിബിന്ത് വാസു സംബന്ധിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എം.പി. ജോസ് പ്രവര്‍ത്തനങ്ങള്‍ക്കു നേത്യത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."