രാജിവയ്ക്കില്ല, അവധിയില്‍ പോകാം: ലക്ഷ്മി നായര്‍
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ലോ അക്കാദമി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്. ഇന്നലെ രാത്രി വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കിയത്. ഇതോടെ വിദ്യാര്‍ഥി പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥി പ്രതിനിധികളുമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തിയത്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ഒരു വര്‍ഷം മാറിനില്‍ക്കും, പ്രിന്‍സിപ്പലിന്റെ ചുമതല വൈസ് പ്രിന്‍സിപ്പലിന് നല്‍കും, ലക്ഷ്മി നായര്‍ ഫാക്കല്‍റ്റിയായി തുടരും എന്നീ നിര്‍ദേശങ്ങളാണ് ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളായ നാരായണന്‍നായരും നാഗരാജുവും വിദ്യാര്‍ഥി പ്രതിനിധികള്‍ക്കു മുന്നില്‍ വച്ചത്.
എന്നാല്‍ ഈ ഉപാധികളൊന്നും വിദ്യാര്‍ഥികള്‍ അംഗീകരിച്ചില്ല. ലക്ഷ്മി നായര്‍ രാജി വയ്ക്കാതെ സമരം പിന്‍വലിക്കില്ലെന്നും സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ സംഘടനകളുടെ രണ്ടു വീതം പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ആദ്യവട്ട ചര്‍ച്ച അലസി രാത്രി എട്ടുമണിയോടെ പുറത്തുവന്ന വിദ്യാര്‍ഥികള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിലപാട് വ്യക്തമാക്കിയതോടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ലക്ഷ്മിനായരെ അടുത്ത് അധ്യയന വര്‍ഷം വരെ മാറ്റി നിര്‍ത്താമെന്ന് ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ എത്രനാള്‍ മാറ്റി നിര്‍ത്തുമെന്ന് എഴുതി നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഓരോ സംഘടനകളും അവരുടെ ആവശ്യങ്ങള്‍ എഴുതിനല്‍കണമെന്ന ആവശ്യമാണ് ഡയറക്ടര്‍ ബോര്‍ഡ് മുന്നോട്ടുവച്ചത്. ലക്ഷ്മി നായര്‍ രാജിവയ്ക്കുകയോ അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് മാറിനില്‍ക്കുകയോ വേണമെന്നും ഫാക്കല്‍റ്റിയായി തുടരാന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികള്‍ എഴുതി നല്‍കി.
തീരുമാനമൊന്നും കൈക്കൊള്ളാതെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ നിലയുറപ്പിച്ചതോടെ എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനാ നേതാക്കള്‍ ബഹിഷ്‌കരണ തീരുമാനത്തിലേക്കെത്തുകയായിരുന്നു. ഇന്നലത്തെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ യോഗത്തില്‍ ലക്ഷ്മി നായര്‍ പങ്കെടുത്തിരുന്നില്ല.
ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് തങ്ങളെ വിളിച്ചുവരുത്തി അവഹേളിക്കുകയായിരുന്നു മാനേജ്മന്റ് പ്രതിനിധികളെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ് ഒന്നും സ്വീകാര്യമല്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥി സംഘടനകള്‍. പ്രശ്‌നം പരിഹരിക്കാന്‍ ഇന്നും ചര്‍ച്ച നടക്കും. എന്നാല്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട എന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്.
ഉചിത തീരുമാനം ഉടനെന്ന് മന്ത്രി
ന്യൂഡല്‍ഹി: ലോ അക്കാദമി വിഷയത്തില്‍ ഉചിതമായ തീരുമാനം വൈകാതെ ഉണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഇക്കാര്യത്തില്‍ സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കാലത്ത് 11നാണ് റിപ്പോര്‍ട്ട് ഓഫിസില്‍ എത്തിയത്. ഡല്‍ഹിക്ക് പുറപ്പെട്ടതു കാരണം ഇതു പരിശോധിക്കാന്‍ സാധിച്ചില്ല. തിരുവനന്തപുരത്തു തിരിച്ചെത്തി സമരം തീര്‍ക്കുന്നതിനു മുന്‍കൈയെടുക്കും.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റേണ്ടതുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അതിനു ശേഷമാകും തീരുമാനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."