മുത്വലാഖ് ബില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
മൂന്നു ത്വലാഖും ഒറ്റയടിക്കു ചൊല്ലുന്നതു ജാമ്യമില്ലാവകുപ്പായും പൊലിസിനു സ്വമേധയാ കേസെടുക്കാവുന്ന കുറ്റകൃത്യമായും പരിഗണിക്കുന്ന മുസ്‌ലിം വനിത (വിവാഹമോചന സംരക്ഷണ)ബില്‍ പരസ്പരവിരുദ്ധവും ഏറെ സങ്കീര്‍ണത നിറഞ്ഞതുമാണ്. മുത്വലാഖ് ചൊല്ലുന്ന വ്യക്തിക്കു മൂന്നുവര്‍ഷംവരെ തടവോ പിഴയോ ചുമത്തണമെന്നു പറയുന്ന ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പാസായില്ലെന്നത് ആശാവഹമാണ്. 'മോശം നിയമങ്ങള്‍ ദുര്‍ഭരണത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപമാണെ'ന്ന എഡ്മണ്ട് ബര്‍കിന്റെ വാചകം അനുസ്മരിപ്പിക്കും വിധമാണ് ഈ ബില്ലിന്റെ കരടുരേഖ.
ഷെയറാബാനു വിധിയോടെ 3:2 ഭൂരിപക്ഷത്തില്‍ മുത്വലാഖ് അസാധുവായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഷെയറാബാനു കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ ഖെഹാറും നസീറും മുത്വലാഖ് നിയമപരമാണെന്നും വ്യക്തിനിയമത്തിന്റെ ഭാഗമായതിനാല്‍ ഭരണഘടനാപരമാണെന്നുമാണു നിരീക്ഷിച്ചത്. അതേസമയം, ജസ്റ്റിസുമാരായ യു.യു ലളിതും നരിമാനും വിധിയെഴുതിയതു മുത്വലാഖ് ഇസ്‌ലാമില്‍ നവീനമായി ഉടലെടുത്തതാണെന്നും അത് അന്യായവും യുക്തിരഹിതവുമാണെന്നതിനാല്‍ ഭരണഘടനാവിരുദ്ധമാണെന്നുമാണ്. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിധിയുടെ കാതല്‍ മുത്വലാഖ് ഖുര്‍ആനില്‍ വിവരിക്കപ്പെട്ട ത്വലാഖിനു വിരുദ്ധമാണെന്നും ഖുര്‍ആനു വിരുദ്ധമായ ത്വലാഖ് ഇസ്‌ലാംവിരുദ്ധമാണെന്നുമാണ്.
മുസ്‌ലിം വനിത (വിവാഹമോചന സംരക്ഷണ) ബില്ലിന്റെ പ്രാഥമികവിലയിരുത്തലില്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ കാണുന്നു.
1- ഇസ്‌ലാമിലെ വിവാഹം രണ്ടു പേര്‍ തമ്മിലെ ഉടമ്പടിയാണ്. കരാര്‍ നിയമപ്രകാരം ഉടമ്പടിയിലെ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ അവ വ്യാഖ്യാനിക്കപ്പെടേണ്ടത് ആ കരാറിലെ നിബന്ധനകള്‍ അടിസ്ഥാനമാക്കിയാണ്. ഷെയറാബാനു വിധിയോടു കൂടി അസാധുവാണെന്നു പ്രഖ്യാപിക്കപ്പെട്ട മുത്വലാഖ് സിവില്‍നിയമത്തിന്റെ പോലും ലംഘനമാവുന്നില്ല. സിവില്‍നിയമത്തിന്റെ അടിസ്ഥാനത്തില്‍പ്പോലും നിലനില്‍ക്കാത്ത പ്രവൃത്തിയെ എങ്ങനെയാണു സിവില്‍നിയമലംഘനമായി പരിഗണിക്കുക.
2- സിവില്‍നിയമലംഘനമാണെന്ന് അംഗീകരിച്ചാല്‍പ്പോലും സിവില്‍ഉടമ്പടിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ക്രിമിനല്‍ നിയമമാക്കുന്നതിലെ സാംഗത്യമെന്താണ്. സിവില്‍നിയമലംഘനത്തെ പൊതുകുറ്റകൃത്യമായി പരിഗണിക്കാമോ.?
3- സുപ്രിംകോടതി വിധി മുത്വലാഖ് അസാധുവാണെന്നു പ്രഖ്യാപിച്ചെങ്കിലും നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടില്ല. അസാധുവായ കരാറുകള്‍ നിയമവിരുദ്ധമാകണമെന്നു നിര്‍ബന്ധമില്ലെന്നിരിക്കെ അവ നിയമവിരുദ്ധമാക്കണമെന്നു ശഠിക്കുന്നത്തിന്റെ ഉദ്ദേശ്യമെന്താണ്.
4- സുപ്രിംകോടതിവിധിയെ ലംഘിക്കുന്നുവെന്നോ ധിക്കരിക്കുന്നുവെന്നോ അര്‍ഥത്തില്‍ കോടതിയലക്ഷ്യമായാല്‍പ്പോലും നിയമപരമായി ഇഫക്ട് ഇല്ലാത്ത മുത്വലാഖിനെ ക്രിമിനല്‍കുറ്റകരമാണെന്നു പ്രഖ്യാപിക്കാന്‍ കഴിയില്ല. മാത്രമല്ല, മുത്വലാഖ് ഒന്നായി പരിഗണിക്കുംവിധമോ അല്ലെങ്കില്‍ നീക്കം ചെയ്തു കൊണ്ടോ നിയമം കൊണ്ടുവരണമെന്നു നിയമനിര്‍മാണസഭയോടു നിര്‍ദേശിച്ച ജസ്റ്റിസുമാരായ ഖെഹാറിന്റെയും നസീറിന്റെയും വിധിയില്‍പ്പോലും അതു ക്രിമിനല്‍ക്കുറ്റമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
5- സമൂഹത്തെ വലിയ അളവില്‍ ബാധിക്കുന്ന പ്രവൃത്തി മാത്രമേ ക്രിമിനല്‍ക്കുറ്റമായി പരിഗണിക്കാവൂ എന്നതാണു ക്രിമിനല്‍നിയമങ്ങളുടെ മൂലപ്രമാണം. രണ്ടു വ്യക്തികള്‍ക്കിടയിലുള്ള, തികച്ചും സ്വകാര്യമായ, നിയമപരമായി സാധുതയില്ലാത്ത പ്രവര്‍ത്തിയെ വൈയക്തികമായ പെരുമാറ്റങ്ങള്‍ നിയന്ത്രിക്കുന്നതിനുവേണ്ടി ക്രിമിനല്‍വല്‍ക്കരിക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുന്നതു ക്രിമിനല്‍ നിയമങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ക്കു വിരുദ്ധമല്ലേ.
6- ക്രിമിനല്‍നിയമത്തിന്റെ പൊതു തത്വമനുസരിച്ച് ഒരു പ്രവൃത്തി ക്രിമിനല്‍ക്കുറ്റമാണെന്നു തെളിയിക്കേണ്ടത് ഉദ്ദേശ്യശുദ്ധിയുടെ (മെന്‍സ്‌റിയ) അടിസ്ഥാനത്തിലാണ്. ഇസ്‌ലാമികദൃഷ്ടിയില്‍ ഉദ്ദേശ്യമില്ലാതെ (നിയ്യത്ത്) ചൊല്ലുന്ന വാക്കുകൊണ്ടു സംഭവിക്കാവുന്ന ത്വലാഖിനെ ഉദ്ദേശ്യംകൊണ്ടു തെളിയിക്കപ്പെടേണ്ടുന്ന ക്രിമിനല്‍ക്കുറ്റമായി പ്രഖ്യാപിക്കുന്നതു വിരോധാഭാസമല്ലേ.
7- അസാധുവായ വാക്കുച്ചരിച്ചുവെന്നു കോടതിയില്‍ തെളിയിക്കേണ്ട ബാധ്യത(ബേഡന്‍ ഓഫ് പ്രൂഫ്) ആര്‍ക്കാണ്. നിയമത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നു പ്രതിയുടെ നിരപരാധിത്വം (പ്രിസംഷന്‍ ഓഫ് ഇന്നസന്‍സ്) ആണെന്നതിനാല്‍ എങ്ങനെയാണു മുത്വലാഖ് തെളിയിക്കപ്പെടുക. ഉദ്ദേശ്യമില്ലെങ്കില്‍ അതു ക്രിമിനല്‍നിയമത്തിന്റെ പരിധിയില്‍ വരില്ല. അങ്ങനെയെങ്കില്‍ ക്രിമിനല്‍ക്കുറ്റം തെളിയിക്കുക അസാധ്യമല്ലേ.
8- മുത്വലാഖ് വഴി വിവാഹമോചനം നടത്താമെന്നു ഫത്‌വ നല്‍കുന്ന പണ്ഡിതന്മാര്‍ക്കെതിരേ ഇന്ത്യന്‍ പീനല്‍ കോഡ് വിവക്ഷിക്കുന്നതു പ്രകാരമുള്ള പ്രേരണാക്കുറ്റം ബാധകമാകുമോ. ഏതെങ്കിലും മതപണ്ഡിതന്റെ നിര്‍ദേശാനുസൃതമാണു മുത്വലാഖ് ചൊല്ലിയതെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആ പണ്ഡിതനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടിയെടുക്കാമോ. ഇത്തരം നിയമങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയില്ലേ.
9- ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം പത്തുവര്‍ഷംവരെ തടവു ലഭിക്കാവുന്ന വൈവാഹിക കുറ്റകൃത്യങ്ങളില്‍പ്പോലും പരാതിയിന്മേല്‍ മാത്രമേ പൊലിസിനു കുറ്റം (നോണ്‍ കോഗ്നിസിബിള്‍ ഒഫന്‍സ്) രജിസ്റ്റര്‍ ചെയ്യാവൂ എന്നുണ്ട്. അതിരിക്കെ, നിയമപരമായി സാംഗത്യമില്ലാത്ത മുത്വലാഖില്‍ ഒരു വാചകം ഉച്ചരിച്ചതിന്റെ പേരില്‍ മൂന്നാമതൊരാള്‍ക്കു പരാതി രജിസ്റ്റര്‍ ചെയ്യാവുന്ന രീതിയില്‍ കുറ്റകൃത്യമാക്കിയതും (കോഗ്നിസിബിള്‍ ഒഫന്‍സ്) അതേത്തുടര്‍ന്നു പൊലിസിന് തുടര്‍നടപടികളാകാമെന്നതും അന്യായവും യുക്തിരഹിതവുമല്ലേ. അന്യായനിയമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന ജസ്റ്റിസ് നരിമാന്റെ നിലപാടിന്റെ വെളിച്ചത്തില്‍ അത്തരമൊരു നിയമം നിലനില്‍ക്കുമോ. ഇന്‍ഫര്‍മേഷന്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതു ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂട്ടില്ലേ.
10 - കോടതി അസാധുവാണെന്നു വിധിയെഴുതിയ മുത്വലാഖ് സാധുവാകുമെന്ന രീതിയില്‍ നിര്‍വചിക്കുകയും മറുവശത്ത് മുത്വലാഖ് ചൊല്ലുന്നതു വഴി വിവാഹമോചനം അസാധുവും നിയമവിരുദ്ധവുമാണെന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന കരടുരേഖ അര്‍ഥമാക്കുന്നതെന്താണ്. സുപ്രിംകോടതി അസാധുവാണെന്നു പ്രഖ്യാപിക്കുകയും നിയമപരമായ സാധുതയില്ലെന്നു വ്യക്തമാക്കുകയും ചെയ്ത വാക്കിനെ ക്രിമിനല്‍വല്‍ക്കരിക്കുന്നതിന്റെ ഔചിത്യമെന്താണ്.
11- മുത്വലാഖ് ചൊല്ലുക വഴി മുസ്‌ലിംപുരുഷന്‍ ചെയ്യുന്നതു കുറ്റകൃതമാണെന്നു ബില്ല് അനുശാസിക്കുന്നു. മുസ്‌ലിംവ്യക്തിനിയമപ്രകാരം വിവാഹം കഴിച്ച മുസ്‌ലിംപുരുഷനെ മാത്രമാണോ ഈ നിയമം ബാധിക്കുകയെന്നതു വ്യക്തമാകുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമോ ലിവിങ് ടുഗെതര്‍ അനുസരിച്ചോ ജീവിക്കുന്ന മുസ്‌ലിംദമ്പതിമാര്‍ക്കിടയിലും ഈ നിയമം ബാധകമാകുമോ.
12- മുസ്‌ലിംവ്യക്തിനിയമ പ്രകാരം ഏഴുവയസിനു ശേഷം ആണ്‍കുട്ടിയുടെയും പ്രായപൂര്‍ത്തിക്കുശേഷം പെണ്‍കുട്ടിയുടെയും സംരക്ഷണച്ചുമതല (കസ്റ്റഡി) പിതാവിനാണ്. സമീപകാലങ്ങളില്‍ പൊതുവെ കോടതികള്‍ കുട്ടികളുടെ ക്ഷേമത്തിനു മുന്‍തൂക്കം നല്‍കണമെന്ന നിലപാടാണു സ്വീകരിച്ചുവരുന്നത്. ഈ പൊതുനിയമങ്ങള്‍ക്കു വിരുദ്ധമായി കുട്ടികളുടെ സംരക്ഷണച്ചുമതല മാതാവിനു മാത്രമാണെന്ന നിയമം തുല്യനീതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമല്ലേ. മോശം ഭര്‍ത്താവിനു നല്ല പിതാവാകാന്‍ കഴിയില്ലെന്നൊരു തത്വം നിയമത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.
13- മുത്വലാഖ് ചൊല്ലിയ വ്യക്തിയുടെ വിവാഹമോചനം അസാധുവാണെങ്കിലും ത്വലാഖുല്‍ അഹ്‌സന്‍(ഭാര്യയുടെ ശുദ്ധിസമയത്തുള്ള ത്വലാഖ്), ത്വലാഖുല്‍ ഹസന്‍(തുടര്‍ച്ചയായ മൂന്നു ശുദ്ധികാലയളവില്‍ ഓരോ ത്വലാഖ് ചെല്ലല്‍) തുടങ്ങിയ വഴികളിലൂടെ വിവാഹമോചനം സാധൂകരിക്കുന്നതിനു തടസമില്ലെന്നിരിക്കെ പ്രതിക്കു വിവാഹമോചനം സാധ്യമാവില്ലേ.
14 - മുത്വലാഖ് വഴി വിവാഹമോചനം സാധ്യമാകുന്നില്ലെങ്കില്‍ ജീവനാംശം നല്‍കണമെന്ന് അനുശാസിക്കുന്ന നിയമം നിലവിലെ ക്രിമിനല്‍ പ്രൊസിജ്യര്‍ കോഡിലെ നിയമത്തിനു തുല്യമാണോ. ജീവനാംശമെന്ന വാക്കിന്റെ അര്‍ഥമെന്താണ്. നിലവിലെ ജീവനാംശത്തിനു പുറമെ അധികമായി നല്‍കേണ്ട തുകയാണോ നിയമപരമായി ഭാര്യാഭര്‍തൃ ബന്ധം വിച്ഛേദിക്കാത്ത അവസരത്തില്‍ നിയമപരമായി സാംഗത്യമില്ലാത്ത വാക്ക് ഉച്ചരിച്ചു എന്നതിന്റെ പേരില്‍ മറ്റു ഭര്‍ത്താക്കന്മാരില്‍നിന്നു വ്യത്യസ്തമായി അധികസാമ്പത്തിക ബാധ്യത ഏര്‍പ്പെടുത്തുന്നത് മതപരമായ വിവേചനവും ഭരണഘടനാലംഘനവുമല്ലേ.
15 - മുത്വലാഖ് ചൊല്ലിയാല്‍ ഭാര്യക്ക് അധികച്ചെലവു നല്‍കുകയും കുട്ടികളുടെ കസ്റ്റഡി നഷ്ടമാവുകയും ചെയ്യുന്നെങ്കില്‍ ഭാര്യയെ ഉപേക്ഷിച്ചുപോകുന്നതല്ലേ ബുദ്ധിയെന്നു കരുതി അങ്ങനെ ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയാത്ത ബില്‍ അപൂര്‍ണവും അപക്വവുമാണ് .
16- മുത്വലാഖ് ചൊല്ലുന്ന ഭര്‍ത്താവ് മൂന്നുവര്‍ഷംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും നിയമപരമായി വേര്‍പിരിയാത്ത ഭാര്യക്കു ജീവനാംശം നല്‍കണമെന്നും പറയുന്നതിന്റെ പ്രായോഗികതയും യുക്തിയുമെന്താണ്.
17- രാജ്യദ്രോഹം, കള്ളനാണയം നിര്‍മിക്കല്‍, മതസ്പര്‍ധ വളര്‍ത്തല്‍, മോഷണവസ്തു സ്വീകരിക്കല്‍ തുടങ്ങി മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കു തുല്യമായി മുത്വലാഖിനെ സമാന്യമായി പരിഗണിക്കുന്നത് അന്യായമാണ്. അശ്രദ്ധയോടെ വാഹനമോടിക്കുക, അപകീര്‍ത്തിപ്പെടുത്തുക, വ്യാജരേഖ നിര്‍മിക്കുക, പൊതുസേവകരെ ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘംചേരുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുപോലും രണ്ടുവര്‍ഷത്തില്‍ താഴെ മാത്രമേ തടവുശിക്ഷയുള്ളൂ. മുത്വലാഖ് ചൊല്ലിയ വ്യക്തിക്ക് മൂന്നുവര്‍ഷംവരെ തടവുശിക്ഷ നല്‍കണമെന്ന നിയമം ജസ്റ്റിസ് നരിമാന്റെ വിധിപ്രകാരം അന്യായവും യുക്തിരഹിതവുമല്ലേ.
18- ക്രിമിനല്‍ക്കുറ്റമാരോപിക്കപ്പെടുന്ന വ്യക്തിക്കു മാനസികസംഘര്‍ഷമുണ്ടാക്കാനും പാസ്‌പോര്‍ട്ട് ലഭ്യതയും സര്‍ക്കാര്‍ജോലിയും ഉദ്യോഗക്കയറ്റവും തടയാനും മറ്റും മുത്വലാഖിനെ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ട്. ഒരു മതത്തിന്റെ ഭാഗമായെന്ന കാരണം കൊണ്ടു മാത്രം ക്രിമിനല്‍ നടപടികള്‍ക്കു വിധേയനാകേണ്ടി വരുന്നത് അന്യായവും വിവേചനപരവുമല്ലേ.
19- ഒരേസമയം മൂന്നുതവണ ത്വലാഖ് ചൊല്ലിയാല്‍ മൂന്നായി പരിഗണിക്കുമെന്ന നിയമം മാത്രമാണു സുപ്രിംകോടതി അസാധുവാക്കിയത്. അത് ഒരു ത്വലാഖ് മാത്രമായി പരിഗണിച്ചാല്‍ നിയമസാധുത ലഭിക്കുമെന്നര്‍ഥം. അങ്ങനെയെങ്കില്‍, മദ്ഹബിന് പുറത്തുള്ള മൂന്നു ത്വലാഖും ഒന്നായേ പരിഗണിക്കൂവെന്നു വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്ക് എങ്ങനെയാണു ഈ നിയമം ബാധകമാവുക. ഒരു പൊതുനിയമമാകുമ്പോള്‍ എല്ലാവര്‍ക്കും ബാധകമാകേണ്ടതല്ലേ? അവരെ സംബന്ധച്ചിടത്തോളം തിരിച്ചെടുക്കാനാവാത്തവിധം വിവാഹബന്ധം വേര്‍പിരിയുന്നില്ല. ഭരണഘടനാപരമായി സാധുതയുള്ള ത്വലാഖ് വഴി (മൂന്നു ത്വലാഖും ഒന്നായി പരിഗണിക്കുന്ന) വിവാഹമോചനം നടത്തുന്നതു ക്രിമിനല്‍ കുറ്റമാണെങ്കില്‍ അതു ഭരണഘടനാവിരുദ്ധമല്ലേ.
20- മുത്വലാഖ് മോശമാണെന്നു വിശ്വസിക്കുന്ന ഭാര്യയെ സംബന്ധിച്ചിടത്തോളം അതേ ഭര്‍ത്താവിന്റെ കൂടെ വീണ്ടും ജീവിക്കേണ്ട സ്ഥിതി സംജാതമാകുന്നു. മുത്വലാഖ് ചൊല്ലുക വഴി മാനസികമായി ഉപദ്രവിക്കുന്ന ഭര്‍ത്താവിനെ വേണ്ടെന്നു വയ്ക്കാനുള്ള ഭാര്യയുടെ അവകാശത്തെ ഈ നിയമം ഇല്ലായ്മ ചെയ്യുകയല്ലേ ചെയുന്നത്.
21- മുത്വലാഖ് വഴി പുരുഷന്‍ വിവാഹമോചിതനാകുന്നതുപോലെ നിക്കാഹ് നാമ വഴിയോ മറ്റോ ലഭിക്കുന്ന അവകാശം മൂലം ത്വലാഖ്-തത്ഫവീദ് (ഡെലിഗേറ്റഡ് ഡിവോസ്) വഴിയോ മറ്റു രീതികളിലൂടെയോ ഭാര്യക്കും വിവാഹമോചിതയാകാം. അങ്ങനെ വിവാഹമോചിതയാകുന്ന മുസ്‌ലിംസ്ത്രീയെ ക്രിമിനല്‍കുറ്റപ്രകാരമുള്ള ശിക്ഷയ്ക്കു വിധേയമാക്കാത്തതു തുല്യനീതിയുടെ ലംഘനമാവില്ലേ.
22- ഇന്ത്യന്‍ പീനല്‍ കോഡിലെ 498 എ വകുപ്പു പ്രകാരമുള്ള ഭര്‍തൃപീഡനക്കേസുകളിലെ ദുര്‍വ്യവഹാരങ്ങളും അനാവശ്യമായി കേസുകള്‍ പെരുകിവരുന്നത് തടയുന്നതിനുവേണ്ടി ജില്ലാ ഫാമിലി വെല്‍ഫെയര്‍ കമ്മിറ്റികള്‍ സ്ഥാപിക്കണമെന്നും അവയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സുപ്രിംകോടതി മുന്നോട്ടുവച്ചതു 2017 ലാണെന്നതു കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. മുത്വലാഖിനെ ക്രിമിനല്‍വത്കരിക്കുന്നതിലൂടെ അനാവശ്യമായ ദുര്‍വ്യവഹാരങ്ങള്‍ക്ക് വേഗം കൂട്ടനല്ലേ ഉപകരിക്കൂ.
സുപ്രിംകോടതിയുടെ നിര്‍ദേശമനുസരിച്ചു നിയമനിര്‍മാണം നടത്തുന്നുവെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍, കോടതി നിയമവിരുദ്ധമെന്നു പറയാത്ത പ്രവൃത്തിയെ ക്രിമിനല്‍വല്‍ക്കരിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്.
സിവില്‍നിയമത്തിന്റെ ഭാഗമായ വ്യക്തിനിയമങ്ങളെ ക്രിമിനല്‍ നടപടികളുടെ ഭാഗമാക്കുന്നത് ഉചിതമല്ല. മാത്രമല്ല, മതാടിസ്ഥാനത്തിലുള്ള വിവേചനം ക്രിമിനല്‍നിയമങ്ങളില്‍ സാധ്യവുമല്ല. ഇതുമൂലം കേന്ദ്ര സര്‍ക്കാര്‍ മതപരമായ വിഭജനത്തിനാണ് ശ്രമിക്കുന്നതെന്നു പറയാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."