വികസനം പറയാതെ ഹിന്ദുത്വ കാര്‍ഡുമായി ബി.ജെ.പി
ന്യൂഡല്‍ഹി: വികസനം പറയാതെ ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഉയര്‍ത്തുന്നത് വര്‍ഗീയ കാര്‍ഡ്. കേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍, നോട്ട് നിരോധനം, മിന്നലാക്രമണം തുടങ്ങിയ വിഷയങ്ങളേക്കാള്‍ കൂടുതല്‍ വര്‍ഗീയതക്ക് ഊന്നല്‍ നല്‍കിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നത്.
നോട്ട് നിരോധനം തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് വര്‍ഗീയ കാര്‍ഡ് പുറത്തെടുക്കാന്‍ ബി.ജെ.പി തയാറാകുന്നതെന്നാണ് വിവരം. പാകിസ്താനെതിരേ നടത്തിയ മിന്നലാക്രമണം തെരഞ്ഞെടുപ്പു വിഷയമാക്കാനുള്ള ശ്രമം പാളിയതോടെ ഇക്കാര്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രചാരണം നടത്താനും ബി.ജെ.പിക്ക് കഴിയാതായി. സര്‍ക്കാര്‍, പ്രത്യേകിച്ചും മോദി ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ രാജ്യവിരുദ്ധമായി മാറുന്ന സാഹചര്യത്തിലാണ് ഇതിനെ അതിജീവിക്കാന്‍ വര്‍ഗീയത മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്.
രാമക്ഷേത്രം നിര്‍മിക്കുമെന്ന ഉറപ്പ് ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിക്കു വോട്ട് ചെയ്യില്ലെന്ന് അടുത്തിടെ അയോധ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്യാസിമാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രകടനപത്രിക പുറത്തിറക്കികൊണ്ട് അമിത്ഷാ ഈ എതിര്‍പ്പിനെ മറികടക്കുകയെന്ന ലക്ഷ്യം വച്ച് രാമക്ഷേത്ര നിര്‍മാണം മുഖ്യ അജണ്ടയാണെന്ന് പ്രഖ്യാപിച്ചത്. മൂന്നുപതിറ്റാണ്ടായി ഉത്തര്‍പ്രദേശ് നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ പ്രചാരണ വിഷയമാണ് രാമക്ഷേത്ര നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."