മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്; 'വരുംതലമുറയ്ക്ക് വേണ്ടിയെങ്കിലും പ്രതികരിക്കണം'
കോഴിക്കോട്: മുഖ്യമന്ത്രിക്ക് പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മയുടെ തുറന്ന കത്ത്. ഇതിനുമുന്‍പെഴുതിയ മൂന്ന് കത്തുകളോടും പ്രതികരിക്കാത്തതിനാലാണ് തുറന്ന കത്ത് എന്ന് വിശദീകരിച്ചാണ് തുടക്കം. നെഹ്‌റു കോളജ് മാനേജ്‌മെന്റിനെതിരേ മുഖ്യമന്ത്രി ഒരക്ഷരവും ഉരിയാടാത്തതില്‍ പഴയ എസ്.എഫ്.ഐക്കാരിയായ തനിക്ക് വേദനയുണ്ടെന്നും കത്തില്‍ പറയുന്നു.
മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോലും അനുശോചിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും മഹിജ ഉയര്‍ത്തുന്നുണ്ട്. മകനില്ലാതായിട്ട് 23 ദിവസമായി. കണ്ണൂരിലും കോഴിക്കോട്ടും വന്നപ്പോള്‍ നീതി ലഭ്യമാക്കാനായി ഒരിക്കലെങ്കിലും കാണാന്‍വരുമെന്ന് ആഗ്രഹിച്ചു.
വിദ്യാഭ്യാസ മന്ത്രി , ആരോഗ്യ മന്ത്രി എന്നിവര്‍ ഉള്‍പ്പെടെ ഏഴു മന്ത്രിമാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി. എന്റെയും കുടുംബത്തിന്റെയും കണ്ണീരും പരാതികളും കേട്ട് ഇവരെല്ലാം മടങ്ങി. വി.എം സുധീരനെ പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് ഞങ്ങളുടെ കാര്യങ്ങള്‍ വീണ്ടും അന്വേഷിച്ച് സഹായിച്ചത്. ജിഷ്ണുവിന്റെ ഫേസ്ബുക്ക് പേജ് കാണാന്‍ ആവശ്യപ്പെടുന്ന കത്തില്‍ ചെ ഗുവേരക്ക് ഒപ്പം പിണറായിയായിരുന്നു അവന്റെ ഇഷ്ടപ്പെട്ട നേതാവെന്നും എഴുതിയിട്ടുണ്ട്.
പൊലിസ് അന്വേഷണത്തിലെ അതൃപ്തികളും പോസ്റ്റ്‌മോര്‍ട്ടത്തിലെ ദുരൂഹതകളും കത്തില്‍ വിശദീകരിക്കുന്നു. ഞങ്ങളെ നിരാശപ്പെടുത്തരുതെന്നും കേരളത്തിലെ വരുംതലമുറയ്ക്കുവേണ്ടി താങ്കള്‍ ശബ്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."