സമ്പൂര്‍ണ വൈദ്യുതീകരണം: പട്ടികജാതി കോളനികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി
കണ്ണൂര്‍: ജില്ലയിലെ പട്ടികജാതി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി. സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പട്ടികജാതി ബി.പി.എല്‍ കുടുംബങ്ങളുടെ വീടുകള്‍ വൈദ്യുതീകരിക്കല്‍ എന്ന പേരീല് രൂപീകരിച്ച് പദ്ധതി നടപ്പാക്കും. വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി 97,55,592 രൂപയുടെ എസ്റ്റിമേറ്റ് തയാറായതായി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാപഞ്ചായത്ത് തുക വകയിരുത്തിയത്.
ശേഷമുള്ള ബാക്കി തുകയില്‍ നിന്ന് 1,50,000 രൂപ കാഞ്ഞിരപ്പൊയില്‍ പട്ടികജാതി കോളനിയില്‍ കുടിവെള്ള പദ്ധതിക്കും 28,07,408 രൂപ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി ഐ.എ.വൈ പദ്ധതിക്ക് വകയിരുത്താനും തീരുമാനമെടുത്തിട്ടുണ്ട്.
ഫര്‍ണിച്ചര്‍ ദൗര്‍ലഭ്യമുളള സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ നല്കാന് രണ്ട് കോടി രൂപയും നീക്കിവച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിനായി 22 ലക്ഷം രൂപ, 16 ശ്മശാനങ്ങള്‍ക്ക് 13 ലക്ഷം രൂപ വീതം എന്നിങ്ങനെയും ഫണ്ട് വിലയിരുത്തി. പ്രസിഡന്റ് ചെയര്‍മാനായി വിദഗ്ധരടങ്ങിയ ജില്ലാ പഞ്ചായത്തിന്റെ ആസൂത്രണ സമിതിയും രൂപീകരിച്ചു.
വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ടി.ടി റംല, കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, കെ.ശോഭ, വി.കെ രാജന്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."