ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം: നിയന്ത്രിക്കുന്നതില്‍ ധനകാര്യ വകുപ്പിന് വീഴ്ച പറ്റിയെന്ന്
പാലക്കാട്: കേന്ദ്രസര്‍ക്കാറിന്റെ മൗനാനുവാദത്തോടെ ദേശീയ ഹരിത ട്രൈബ്യൂണലും, കേന്ദ്രഉപരിതലഗതാഗതമന്ത്രാലയവും ചേര്‍ന്ന്, രാജ്യത്തെ മോട്ടോര്‍ വാഹന മേഖലയില്‍ നടപ്പിലാക്കി വരുന്ന അപ്രായോഗികവും ജനവിരുദ്ധവുമായ നടപടികള്‍ക്കെതിരെ രാജ്യവ്യാപകപ്രക്ഷോദത്ത തയ്യാറാവാന്‍ സ്റ്റേറ്റ് ലോറി ഓണേര്‍സ് ഫെഡറേഷന്‍, കേരളയുടെ സംസ്ഥാന പ്രതിനിധിസമ്മേളനം എല്ലാവിഭാഗം മോട്ടോര്‍ വാഹന ഉടമകളോടും ആവശ്യപ്പെട്ടു.
വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള ഫീസ് നിരക്കുകള്‍ അശാസ്ത്രീയമായി മുന്‍കാല പ്രാബല്യത്തോടെ കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് മരവിപ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ 2016-ല്‍ നടപ്പിലാക്കിയ യൂസര്‍ ഫീ (സേവന ഫീ ഇപ്പോഴും വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് അടിയന്തിരമായി നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇന്ധന വില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണം എണ്ണ കമ്പനികള്‍ക്ക് ഡീസല്‍ വില നിയന്ത്രാധികാരം കേന്ദ്രസര്‍ക്കാര്‍ കൈമാറിയതോടെ, രാജ്യത്ത് ചരക്കു വാഹനങ്ങള്‍ക്കുള്ള ലോറി വില നിശ്ചയിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഈ സാഹചര്യത്തില്‍ ബസ്, ഓട്ടോ, ടാക്‌സി എന്നിവക്കുള്ള ഫെയര്‍ സ്റ്റേജ് നിശ്ചയിക്കുന്നതു പോലെ കി.മീറ്റര്‍ അടിസ്ഥാനത്തില്‍ വാടക നിശ്ചയിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഒരു കമ്മീഷനെ നിയമിക്കണം.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലും, ശക്തിപ്പെടുത്തുന്നതിലും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഡോ. തോമസ് ഐസക് പരാജയപ്പെട്ടതായും പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
കേരള-തമിഴ്‌നാട് ലോറി ഓണേര്‍സ് കോ.ഓഡിനേഷന്‍ കമ്മിറ്റി, വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ശക്തമായ നിലപാട് കൈകൊള്ളാത്ത പ്രതിനിധി സമ്മേളനം തീരുമാനിച്ചു. വേനല്‍ചൂട് കടുത്തതോടെ ഉച്ചസമയങ്ങളില്‍ തൊഴിലെടുക്കുന്നതിന് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍, ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സമയനിയന്ത്രണം പിന്‍വലിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
ചെറുകിട-ഇടത്തരം ഇഷ്ടിക നിര്‍മ്മാണമുള്‍പ്പെടെയുള്ള മേഖലകളില്‍, തണ്ണീര്‍തട-നീര്‍തട നിയമത്തിന്റെ പേരില്‍ കര്‍ശന നടപടികളും കരിനിയമങ്ങളും അടിച്ചേല്‍പിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കണം.
നോട്ട് അസാധുവാക്കല്‍ മൂലമുള്ള തീരുമാനം അസംഘടിത മേഖലയായ ചരക്കു വാഹനമേഖലയില്‍ ഉത്പാദനവും തൊഴിലും വന്‍തോതില്‍ ഇടിയുന്നതിനു കാരണമായതായി സമ്മേളനം വിലയിരുത്തി. സംസ്ഥാന പ്രതിനിധി സമ്മേളനം കെ.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. നന്ദകുമാര്‍, സ്വാഗതവും ചെയര്‍മാന്‍ പി.കെ. ജോണ്‍ അധ്യക്ഷനായി.
പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, വിവിധ സംഘടനാ നേതാക്കളായ എം.ആര്‍. കുമാരസ്വാമി, (പ്രസിഡന്റ്, സ്റ്റേറ്റ് ലോറി ഓണേര്‍സ് ഫെഡറേഷന്‍, തമിഴ്‌നാട്) ടി. ഗോപിനാഥ്, പി.കെ. ശങ്കരന്‍കുട്ടി, എന്‍.എച്ച്. കാജാഹുസൈന്‍, കെ.എസ്. കാളിയപെരുമാള്‍ സംസാരിച്ചു. സ്റ്റേറ്റ് ലോറി ഓണേര്‍സ് ഫെഡറേഷന്‍ കേരള സംസ്ഥാന പ്രസിഡന്റായി പി.കെ.ജോണ്‍, ജന.സെക്രട്ടറി എം.നന്ദകുമാര്‍ തുടങ്ങി 32 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."