മാറ്റി സ്ഥാപിച്ച ബിവറേജ് ഔട്ട്‌ലെറ്റിനെതിരേ പ്രതിഷേധം
തൃപ്രയാര്‍: എടമുട്ടം പാലപ്പെട്ടിയില്‍ മാറ്റി സ്ഥാപിച്ച ബിവറേജ് ഔട്ട്‌ലെറ്റിനെതിരെ ബി.ജെ.പി, കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്നു. ഔട്ട്‌ലെറ്റിന് സ്‌റ്റോപ്പ് മെമ്മോ ആവശ്യപ്പെട്ടെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. ആനവിഴുങ്ങിയില്‍ നിന്ന് പാലപ്പെട്ടിയിലേക്ക് ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിച്ചതോടെ ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുകയാണ്.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അനില്‍ പുളിക്കല്‍, വി.ആര്‍ വിജയന്‍, കോണ്‍ഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡന്റ് കെ.വി മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിവറേജ് ഔട്ട്‌ലെറ്റിന് സ്‌റ്റോപ്പ് മെമ്മോ നല്‍കണമെന്ന നിവേദനവുമായി വലപ്പാട് ഗ്രാമപഞ്ചായത്ത് ഒഫീസിലെത്തി. രണ്ട് ദിവസത്തിനുള്ളില്‍ ഭരണസമിതി യോഗം വിളിച്ച് തീരുമാനം അറിയിക്കാമെന്ന നിലപാടായിരുന്നു വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസിന്റേത്. കൃത്യമായ തീരുമാനം അറിയിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അനില്‍പുളിക്കല്‍ ആവശ്യപ്പെടുന്നതിനിടെ സ്ഥലത്ത് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തടിച്ചുകൂടി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തുണയുമായെത്തിയതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റും കോണ്‍ഗ്രസ് നേതാക്കളോട് രൂക്ഷമായാണ് പ്രതികരിച്ചത്. വിവരമറിഞ്ഞ് വലപ്പാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം കൈമാറി. നിവേദനത്തിന്മേല്‍ ഉടന്‍ തീരുമാനം അറിയിക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. ഇന്നലെ അവധി ദിനമായതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മറുപടി നല്‍കാമെന്ന സെക്രട്ടറിയുടെ നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തു. തര്‍ക്കം രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളെ ഒഫീസില്‍ നിന്ന് പുറത്താക്കാന്‍ പൊലിസും ശ്രമം നടത്തി. തുടര്‍ന്ന് ഒഫീസില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇസ്മയില്‍ അറക്കലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. പ്രശ്‌നം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ പൊലിസ് ഇടപ്പെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിക്കുകയായിരുന്നു.
സ്‌റ്റോപ്പ് മെമ്മോ നല്‍കിയില്ലെങ്കില്‍ ഇന്ന് പാലപ്പെട്ടി ബിവറേജ് ഔട്ട്‌ലെറ്റിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ നിവേദനം നല്‍കി മടങ്ങിയതിന് പിന്നാലെ ബി.ജെ.പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കോതകുളത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ പുതിയ ഔട്ട്‌ലെറ്റ് സ്ഥിതി ചെയ്യുന്ന അഞ്ചാം വാര്‍ഡിലെ ബിജെപി അംഗം ലെന്നി ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രമീള സുദര്‍ശന്‍ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ തെക്കിനിയേടത്ത് അധ്യക്ഷനായിരുന്നു. പട്ടികജാതി മോര്‍ച്ച മണ്ഡലം ജനറല്‍ സെിക്രട്ടറി പി.ആര്‍ ആനന്ദന്‍, ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് സേവ്യന്‍ പള്ളത്ത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍ സംസാരിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുവാനുള്ള തീരുമാനത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."