സംയുക്ത സമര സമിതി സമരം തുടരും; ബി.ജെ.പി പ്രവര്‍ത്തകരും പൊലിസും ഏറ്റുമുട്ടി, തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജിന് മുന്നില്‍ സമരം ചെയ്യുന്ന ബി.ജെ.പി പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷം. സമരക്കാരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെ ബലമായി അറസ്റ്റു ചെയ്യാന്‍ പൊലിസ് ശ്രമിച്ചതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരും റോഡ് ഉപരോധത്തില്‍ പങ്കു ചേര്‍ന്നു. അറസ്റ്റ് ചെയ്യാനുള്ള ശ്രമം ചെറുത്തതോടെയാണ് പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ഇന്ന് ഹര്‍ത്താല്‍ നടത്തും. സമരം തുടരുമെന്നും നേതൃത്വം അറിയിച്ചു. അതിനിടെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ ഒഴികെയുള്ള മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് പഠിപ്പു മുടക്കിനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
സമരത്തെ തകര്‍ക്കാന്‍ എസ്.എഫ്. ഐ ശ്രമിച്ചുവെന്ന് വി. മുരളീധരന്‍ ആരോപിച്ചു. ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാണ് ആവശ്യം. അതുവരെ സമരം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു. സമരത്തെ മാനേജ്‌മെന്റിനു വേണ്ടി ഒറ്റുകൊടുത്ത എസ.്എഫ്.ഐ നിലപാട് വിദ്യാര്‍ഥി വഞ്ചനയാണെന്നും ലക്ഷ്മി നായര്‍ രാജിവയ്ക്കുംവരെ സമരം തുടരുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അറിയിച്ചു.
ഏതു പശ്ചാത്തലത്തില്‍ ആണ് എസ.്എഫ്.ഐ സമരം അവസാനിപ്പിച്ചതെന്ന് അറിയില്ലെന്ന് എ.ഐ.എസ്.എഫ് പ്രതികരിച്ചു. സംയുക്ത സമര സമിതിയുടെ സമരം തുടരുമെന്നും എ.ഐ.എസ്.എഫ് ഭാരവാഹികള്‍ അറിയിച്ചു.
കര്‍ശന നടപടിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കേരള ലോ അക്കാദമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച സിന്‍ഡിക്കേറ്റ് സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ടും, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനങ്ങളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു.
കോഴ്‌സ് റഗുലേഷനിലെ ന്യൂനതകള്‍, ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍, പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിക്കപ്പെട്ട ഉപസമിതികള്‍ അടിയന്തരമായി യോഗം ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത സാഹചര്യത്തില്‍ ചട്ടങ്ങള്‍ അനുശാസിക്കും വിധം കര്‍ശന നടപടികള്‍ ഉടന്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചെന്ന്
തിരുവനന്തപുരം: നോട്ടു നിരോധനത്തിനു ശേഷം ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി. ആദായനികുതി വകുപ്പിനാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. പേരൂര്‍ക്കടയിലെ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖയില്‍ രണ്ടു അക്കൗണ്ടുകളിലായി രണ്ടേകാല്‍ കോടി രൂപ നിക്ഷേപിച്ചെന്നാണ് പരാതി.
കോളജിന്റെ സുവര്‍ണ ജൂബിലിക്കായി പിരിച്ച പണമാണിതെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്തരമൊരു പണപ്പിരിവ് നടത്തിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."