കനത്ത തോല്‍വി: ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസ് വീണ്ടും സമ്പൂര്‍ണ തോല്‍വി നേരിട്ട സാഹചര്യത്തില്‍ നേതൃത്വം അടിമുടി മാറണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. ജില്ലയിലെ ദയനീയ പരാജയത്തിന് ഡി.സി.സി നേതൃത്വത്തിനും ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികള്‍ക്കും പങ്കുണ്ടെന്നും ഇവരെ മാറ്റിനിര്‍ത്തി പുതിയ നേതൃനിരയെ കൊണ്ടുവരണമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം. ഡി.സി.സിയുടെ ജംബോ കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യവുമായി എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗ്രൂപ്പ് താല്‍പ്പര്യം മാത്രം നോക്കി യോഗ്യരല്ലാത്തവരെ ഭാരവാഹികളാക്കിയതാണ് പാര്‍ട്ടിയുടെ ശാപമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാത്ത ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഡി.സി.സി നേതൃത്വം പരാജയപ്പെട്ടതായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പല മണ്ഡലങ്ങളിലും പ്രചാരണം വേണ്ടവിധം നടക്കാതിരുന്നിട്ടും അന്വേഷിക്കാനോ പരിഹാരം കാണാനോ ഡി.സി.സി പ്രസിഡന്റ് കെ.സി അബു തയാറായില്ലെന്നും വിമര്‍ശനമുണ്ട്. ബേപ്പൂരിലെ കണ്‍വന്‍ഷനില്‍ അബു നടത്തിയ വിവാദ പ്രസ്താവന ദോഷം ചെയ്‌തെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. കെ.സി അബു ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തനം തുടങ്ങിയ ശേഷം ജില്ലയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നതാണ് പ്രവര്‍ത്തകരുടെ പ്രധാന പരാതി. പരാജയത്തെ തുര്‍ന്ന് ജില്ലയിലെ ബഹുഭൂരിഭാഗം പ്രവര്‍ത്തകരും നേതാക്കളും നിരാശയിലാണ്. ഇവരെ പ്രവര്‍ത്തന രംഗത്ത് സജീവമാക്കാന്‍ ഊര്‍ജ്വസ്വലരായ നേതാക്കള്‍ ഡി.സി.സിയുടെ തലപ്പത്തു വരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ പ്രതിപക്ഷ കക്ഷിയെന്ന നിലയിലും പരാജയമാകുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെ ഡി.സി.സി പ്രസിഡന്റാക്കുന്നതാണ് കോണ്‍ഗ്രസിന് ഗുണകരമാകുകയെന്നാണ് മിക്കവരുടെയും നിലപാട്. നിലവില്‍ എ ഗ്രൂപ്പിന്റേതാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം. അതിനാല്‍ വി.എം സുധീരന്‍ പക്ഷക്കാരനായ അനില്‍കുമാറിന് ഈ സ്ഥാനം ലഭിക്കാന്‍ സംസ്ഥാന തലത്തില്‍ അഭിപ്രായ സമന്വയം വേണ്ടിവരും. എ ഗ്രൂപ്പിനു തന്നെ പ്രസിഡന്റ് സ്ഥാനം നല്‍കുകയാണെങ്കില്‍ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖിനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം ധൃതിപിടിച്ചൊരു തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ജൂണ്‍ ആദ്യവാരം കെ.പി.സി.സി യോഗം ചേരുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അവലോകനം മാത്രമാണ് അജന്‍ഡ. ഇതിനുശേഷം മാത്രമേ പുനഃസംഘടനാ ചര്‍ച്ചയിലേക്ക് നേതൃത്വം കടക്കുകയുള്ളൂ. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തല്‍ക്കാലത്തേക്ക് മാറ്റം ഉണ്ടാവില്ലെങ്കിലും മറ്റു സ്ഥാനങ്ങളില്‍ പുനഃസംഘടന നടക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."