മാവേലിക്കര സഹകരണബാങ്ക് അഴിമതി: സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നുവെന്ന് എം ലിജു
ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം കൈക്കൊള്ളുന്നതെന്ന് ഡി.സി.സി അഡ്വ. എം ലിജു കുറ്റപ്പെടുത്തി. ബാങ്ക് ഭരണസമിതി പിരിച്ചു വിടണമെന്ന് പറയുന്ന സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ബാങ്ക് ഭരണസമിതിയംഗം കൂടിയായ മാവേലിക്കര നഗരസഭ വൈസ്‌ചെയര്‍മാന്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെടുമോയെന്നും ലിജു ചോദിച്ചു. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിലെ ഉദ്യോഗസ്ഥരുമായി സി.പി.എം- ബി.ജെ.പി നേതാക്കള്‍ക്ക് അവിശുദ്ധ ബന്ധമാണുളളത്. ക്രമക്കേട് നടത്തിയ ബാങ്ക് മാനേജരില്‍ നിന്നും പാലിയേറ്റീവ് കെയറിന്റെ പേരില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഞ്ചുലക്ഷം രൂപയാണ് സംഭാവനയായി വാങ്ങിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും സംഭാവന വാങ്ങിയതിന് തുല്യമാണിത്. സേവാഭാരതിയിലേയ്ക്ക് ബി.ജെ.പിയും വന്‍തുക ഉദ്യോഗസ്ഥരില്‍ നിന്നും സംഭാവന വാങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലാപാട് ഇരുകൂട്ടരും സ്വീകരിക്കുന്നത്
നിരവധി ക്രമക്കേടുകള്‍ നടന്നുവെന്ന് വ്യക്തമായിട്ടും ക്രിമിനല്‍ കേസെടുത്തില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ ക്രമക്കേടുണ്ടെന്ന് കണ്ടിട്ടും സി പി എം ഭരണത്തിലുളളപ്പോള്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എം ലിജു ചോദിച്ചു. ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കു മേല്‍നോട്ടമുണ്ടാകുമെന്നും ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."