ലോ അക്കാദമി: ബി.ജെ.പി റോഡുപരോധിച്ചു;സംഘര്‍ഷം
പേരൂര്‍ക്കട:ലോ അക്കാദമി പരിസരം ഇന്നലെ സംഘര്‍ഷ ഭരിതമായിരുന്നു. വിദ്യാര്‍ഥികളുടെ നിരാഹാര സമരം ഇരുപത് ദിവസം പിന്നിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ സമരം തെരുവിലേക്ക് വ്യാപിക്കുന്ന കാഴ്ചയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരുടെ റോഡുപരോധമാണ് സംഘര്‍ഷത്തിനു കാരണമായത്. പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി ബി.ജെ.പി, യുവമോര്‍ച്ച, പട്ടികജാതി മോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണി പിന്നിട്ടതോടെയാണ് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രവര്‍ത്തകര്‍ വഴയില-പേരൂര്‍ക്കട-അമ്പലമുക്ക് റോഡ് ഉപരോധിച്ചു. 150 ഓളം പ്രവര്‍ത്തകരാണ് റോഡില്‍ കുത്തിയിരുന്ന് സമരം നടത്തിയത്. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലിസ് പരമാവധി ശ്രമിച്ചുവെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല.
മണ്ണാമ്മൂല, കുടപ്പനക്കുന്ന് ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ റോഡുപരോധം നടത്താത്തതിനാല്‍ പൊലിസ് ഇടപെട്ട് അതുവഴി വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടിരുന്നു.അല്‍പ സമയത്തിനകം പ്രവര്‍ത്തകര്‍ ഈ ഭാഗത്തും വാഹനഗതാഗതം തടഞ്ഞു.തുടര്‍ന്ന് പൊലിസ് ലാത്തി വീശുകയായിരുന്നു.
ഇതിനിടെ സമരക്കാരെ ബലംപ്രയോഗിച്ച് നീക്കാന്‍ പൊലസ് ശ്രമം നടത്തി. ഇത് പ്രവര്‍ത്തകര്‍ ചേര്‍ന്നു തടഞ്ഞു. തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടായില്ല. വീണ്ടും പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ പൊലിസ് എത്തിയതോടെ റോഡില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ വീണ്ടും പൊലിസ് ലാത്തി വീശി.റോഡിന്റെ ഒരുവശത്ത് സമരം തുടര്‍ന്ന സ്ത്രീകളെ അറസ്റ്റുചെയ്തു നീക്കാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷമുണ്ടാക്കി.
ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ലാത്തിയടിയില്‍ തലയ്ക്കു പരുക്കേറ്റു.
പട്ടികജാതി മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് സുധീര്‍, യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ് രാജീവ്, ജില്ലാ വൈസ്പ്രസിഡന്റ് കല്ലയം വിജയകുമാര്‍, യുവമോര്‍ച്ചയുടെ വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറിയും മണികണേ്ഠശ്വരം സ്വദേശിയുമായ മനു പ്രദീപ്, യുവമോര്‍ച്ചാ വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്‍ും പ്ലാവോട് സ്വദേശിയുമായ വിജേഷ്, മണ്ഡലം ട്രഷററും മണികണേ്ഠശ്വരം സ്വദേശിനിയുമായ രാഖി, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും പൂങ്കുളം സ്വദേശിയുമായ സതീഷ്, പൂജപ്പുര സ്വദേശി രാജേഷ്‌കുമാര്‍ തുടങ്ങി 12 ഓളം പേര്‍ക്കും പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിന് അല്‍പം അയവു വന്നതിനിടക്കാണ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെത്തിയ എസ്.എഫ്.ഐ നേതാക്കള്‍ , പിന്‍സിപ്പാളിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചുവെന്നും സമരം പിന്‍വലിക്കുകയാണെന്നും അറിയിച്ചത്.
തൊട്ടുപിന്നാലെ മാനേജ്‌മെന്റിന്റെ വാര്‍ത്താ സമ്മേളനവും നടന്നു. അതേ സമയം കെ.എസ്.യു, എ.ഐ.എസ്.എഫ്, എം.എസ്.എഫ്, എ.ബി.വി.പി സംഘടനകളുടെ സംയുക്ത സമരം അവസാനിച്ചിട്ടില്ല. പ്രിന്‍സിപ്പാള്‍ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് അവര്‍ വ്യക്തമാക്കി.
വി. മുരളീധരന്‍ നിരാഹാരസമരം തുടരുന്നു
പേരൂര്‍ക്കട: ബി.ജെ.പി നേതാവ് വി. മുരളീധരന്റെ നിരാഹാരസമരം ഏഴു ദിവസം പിന്നിട്ടു. പ്രിന്‍സിപ്പാളിന്റെ രാജിക്കു പുറമേ, ഭൂമി പിടിച്ചെടുക്കല്‍ തുടങ്ങിയ നടപടികളും വേണമെന്ന നിലപാടിലാണ് അദ്ദേഹം. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം പൊലിസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്തു നീക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു.
കെ. മുരളീധരനും നിരാഹാര
സമരത്തിലേക്ക്
പേരൂര്‍ക്കട: ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.മുരളീധരന്‍ എം.എല്‍.എ നിരാഹാര സമരത്തിലേക്ക്. നാളെ രാവിലെ 10 മുതലാണ് അക്കാദമി പരിസരത്ത് പ്രത്യേക സമരപ്പന്തലില്‍ നിരാഹാര സമരം ആരംഭിക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു.
സമരപ്പന്തലില്‍
പന്ന്യന്‍ എത്തി
പേരൂര്‍ക്കട: ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എത്തി. ഇന്നലെ രാവിലെയാണ് പന്ന്യന്‍ രവീന്ദ്രന്‍ സമരപ്പന്തലിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ മുതല്‍ പ്രത്യേകം തയ്യാറാക്കിയ സമരപ്പന്തലില്‍ മേളവും താളവുമായി പ്രതിഷേധക്കാര്‍ ഇടം പിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."