പൊന്നാനി നഗര വികസനം വിവാദത്തില്‍
പൊന്നാനി: പൊന്നാനി നഗരവികസനം വന്‍ വിവാദത്തിലേക്ക്. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് അങ്ങാടി മോടി പിടിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമത്തെ ഒരു വിഭാഗം പിന്തുണക്കുമ്പോള്‍ ചരിത്ര പൈതൃകമുള്ള അങ്ങാടിയെ ഹെറിറ്റേജ് പദ്ധതിയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തുവന്നിട്ടുണ്ട് .
പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നത് പൈതൃകങ്ങളെ നശിപ്പിക്കില്ലെന്നാണ് നഗരസഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് പ്രതിപക്ഷത്തിനുമുള്ളത്. നല്ലൊരു വിഭാഗം നാട്ടുകാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. എന്നാല്‍ എം.ജി.എസ് അടക്കമുള്ള ചരിത്രകാരന്മാര്‍ ഇതിനെതിരേ രംഗത്ത് വന്നത് നഗരസഭാ ഭരണസമിതിയെ വെട്ടിലാക്കിയിട്ടുണ്ട്. ചരിത്രകാരന്മാരെ തെറ്റിധരിപ്പിച്ച് ഒരു വിഭാഗം പൊന്നാനിയുടെ വികസനം നശിപ്പിക്കുകയാണെന്നാണ് നഗരസഭയുടെ വാദം. വികസന വിരോധികള്‍ എന്നാരോപിച്ച് പൈതൃകങ്ങള്‍ നശിപ്പിക്കുന്നതിനെ ചോദ്യം ചെയ്തവര്‍ക്കെതിരേ നഗരസഭ പ്രമേയം പാസാക്കുകയും ചെയ്തു .
ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ടായിരുന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ വീട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊളിച്ചുമാറ്റിയിരുന്നു. മഖ്ദൂം പള്ളിയുടെ ചില ഭാഗങ്ങളും ഇത്തരത്തില്‍ പൊളിച്ച് മാറ്റി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഹിയുദ്ദീന്‍ പള്ളിയും സഭയുടെ കെട്ടിടവും വലിയ പള്ളിയുടെ കവാടങ്ങളും ഇത്തരത്തില്‍ പൊളിച്ച് മാറ്റിയിട്ടുണ്ട്. പൊന്നാനിയുടെ പൈതൃകങ്ങള്‍ ഓരോന്നായി നശിപ്പിക്കാനാണ് ഭരണകൂടവും നാട്ടുകാരും ശ്രമിക്കുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഏതായാലും പൊന്നാനി അങ്ങാടി മോടിപിടിപ്പിക്കാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."