പാകിസ്താനുള്ള മുഴുവന്‍ സുരക്ഷാ സഹായങ്ങളും അമേരിക്ക നിര്‍ത്തി
വാഷിങ്ടണ്‍: പാകിസ്താനുള്ള മുഴുവന്‍ സുരക്ഷാ സഹായങ്ങളും അമേരിക്ക നിര്‍ത്തിവച്ചു. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്‍ താലിബാനും ഹഖാനി ശൃംഖലയ്ക്കുമെതിരേ പാകിസ്താന്‍ നടപടി സ്വീകരിക്കുന്നതുവരെ സഹായം നിര്‍ത്തലാക്കിയ നടപടി തുടരുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
ബില്യന്‍ കണക്കിനു സഹായം കൈപ്പറ്റി പാകിസ്താന്‍ അമേരിക്കയെ കബളിപ്പിക്കുകയായിരുന്നുവെന്ന ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നതിനു പിന്നാലെയാണു ശക്തമായ നടപടികളുമായി യു.എസ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ട്രംപിന്റെ പ്രസ്താവനയ്ക്കുപിറകെ 255 മില്യന്‍ ഡോളറിന്റെ സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. ഇതിനു പുറമെയാണു പുതിയ നടപടികള്‍. ഏകദേശം 1.15 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണു പുതുതായി തടഞ്ഞുവച്ചിരിക്കുന്നത്.
ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങള്‍ അടങ്ങുന്ന യു.എസ് നിരീക്ഷണപ്പട്ടികയില്‍ കഴിഞ്ഞദിവസം പാകിസ്താനെ ഉള്‍പ്പെടുത്തിയിരുന്നു. ചൈനയും ഈ പട്ടികയിലുണ്ട്. മ്യാന്മര്‍, ഇറാന്‍, ഉ.കൊറിയ, സുദാന്‍, സഊദി അറേബ്യ, എരിത്രിയ, തുര്‍ക്കുമെനിസ്താന്‍, താജികിസ്താന്‍, ഉസ്‌ബെകിസ്താന്‍ എന്നിവയാണു പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍.
യു.എസ് നടപടി വഞ്ചനയാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. സമാധാനം കൈവരിക്കാനുള്ള പരിശ്രമത്തില്‍ പരസ്പര ബഹുമാനവും പരസ്പര വിശ്വാസവും ആവശ്യമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
തോന്നിയപോലെയുള്ള കാലാവധികളും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും തെറ്റായ ഫലമാണുണ്ടാക്കുകയെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
യു.എസ് നടപടിയെ ഇന്ത്യയും അഫ്ഗാനിസ്താനും അഭിനന്ദിച്ചിരുന്നു. എന്നാല്‍, പാകിസ്താനെ പ്രതിരോധിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ പാകിസ്താനില്‍ ബില്യനുകളുടെ നിക്ഷേപമുള്ള ചൈന കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."