സംസ്ഥാന സ്‌കൂള്‍ കലോത്സവം: മുഖ്യമന്ത്രി എത്തില്ല, സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും
തൃശൂര്‍: 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സി.പി.എമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനാല്‍ എത്താന്‍ സാധിക്കില്ലെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. സാധാരണയായി എല്ലാ വര്‍ഷവും മുഖ്യമന്ത്രിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാറുള്ളത്.
പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോത്സവത്തിന് അരങ്ങുണരുന്നത്. കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചതിനു ശേഷമുളള ആദ്യ കലോത്സവം എന്നതിനു പുറമേ കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്, 80 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എ ഗ്രേഡ്, എല്ലാവര്‍ക്കും ട്രോഫി തുടങ്ങിയ പ്രത്യേകതകളും ഇത്തവണത്തെ കലോത്സവത്തിനുണ്ട്. കലോത്സവത്തിന്റെ പതാക പ്രധാന വേദിയായ നീര്‍മാതളത്തിനു മുന്നില്‍ ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഉയര്‍ത്തി.
മേളയുടെ വരവറിയിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്നലെ വിളംബര ജാഥ നടത്തി. പ്രധാനവേദിയായ തേക്കിന്‍കാട് മൈതാനത്തിനു സമീപം, പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ നിന്നാണ് വിളംബരജാഥ ആരംഭിച്ചത്. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് കാളവണ്ടിയില്‍ സ്ഥാപിച്ച പെരുമ്പറ മുഴക്കിയാണ് വിളംബരജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."