അട്ടപ്പാടി ശിശു മരണം കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍
സ്വന്തം ലേഖകന്‍
പാലക്കാട്: അട്ടപ്പാടിയില്‍ മരിച്ച ശിശുക്കളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാന്‍ ആവശ്യമായ നടപടി റവന്യൂ വകുപ്പ് കൈക്കൊള്ളണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. ആരോഗ്യ - കുടുംബക്ഷേമം, സാമൂഹ്യനീതി, റവന്യൂ, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്കുള്ള പ്രത്യേക ഉത്തരവുകളും അട്ടപ്പാടിയിലെ ശിശുമരണങ്ങളെ സംബന്ധിച്ച് കമ്മിഷന്‍ പുറപ്പെടുവിച്ചു.
90 ദിവസത്തിനകം ഉത്തരവില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2015 ല്‍ 'തമ്പ്'പ്രസിഡന്റ് രാജേന്ദ്രപ്രസാദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബാലാവകാശ കമ്മിഷന്‍ കേസെടുത്തത്. പരാതിയിലെ നിജസ്ഥിതി മനസിലാക്കുന്നതിനായി ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള കമ്മിറ്റി അംഗങ്ങള്‍ മൂന്ന് ദിവസം അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നു.
പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കുക, മേഖലയില്‍ നിന്നും അട്ടപ്പാടിക്ക് പുറത്തു പഠിക്കുന്ന ആദിവാസി കുട്ടികളുടെ സ്ഥിതിവിവര ശേഖരണം നടത്തുക, ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രി ക്യാന്റീനില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുക, ആശുപത്രി ജീവനക്കാരുടെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തുക, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുക, അങ്കണവാടികളിലും ഊരുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങി 37 നിര്‍ദേശങ്ങളടങ്ങിയ ഉത്തരവാണ് ബാലാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ബാലാവകാശ കമ്മിഷന്‍ അംഗം എന്‍. ബാബുവിന്റേതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."