വിട പറഞ്ഞത് അറിവിന്റെ ആഴമറിഞ്ഞ പണ്ഡിതന്‍
കോഴിക്കോട്: അന്തരിച്ച പ്രമുഖ പണ്ഡിതന്‍ രാമന്തളി തങ്ങള്‍ അറിവിന്റെ ആഴങ്ങളറിഞ്ഞ പണ്ഡിതന്‍. ആഗോള പണ്ഡിതന്‍ സയ്യിദ് അലവി മാലികിയുടെ ശിഷ്യനായി മക്കയില്‍ പഠനം നടത്തിയ തങ്ങള്‍ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ ബിരുദം നേടിയ ശേഷം തലപ്പെരുമണ്ണ, കൂടത്തായി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയിരുന്നു. 40 വര്‍ഷത്തോളം കോഴിക്കോട് കൊടുവള്ളിക്കടുത്തെ കിഴക്കോത്തായിരുന്നു താമസിച്ചിരുന്നത്.
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററുമായിരുന്ന പാറന്നൂര്‍ പി.പി ഇബ്്‌റാഹീം മുസ്്‌ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, മുശാവറാ അംഗങ്ങളായ കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. നിരവധി ത്വരീഖത്തുകളിലും അദ്ദേഹം സജീവമായിരുന്നു.
എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി നജീബ് മൗലവി ഏകപക്ഷീയമായി സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ അദ്ദേഹം സംഘടനയില്‍ ശബ്ദമുയര്‍ത്തിയിരുന്നു. പ്രവാചകന്റെതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിച്ച വ്യാജമുടിയെ ന്യായീകരിച്ച നജീബ് മൗലവിയുടെ നിലപാടിനെ അദ്ദേഹം പരസ്യമായി തള്ളുകയും ചെയ്തിരുന്നു.
സംഘടനയില്‍ ആലോചിക്കാതെ നജീബ് മൗലവി സ്വീകരിച്ച നിലപാടുകള്‍ പണ്ഡിതോചിതമല്ലെന്ന അഭിപ്രായമായിരുന്നു തങ്ങളുടേത്. മറ്റു സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു.
തന്റെ സംഘടനയിലെ ചിലര്‍ മറ്റു മതസംഘടനകളെ അധിക്ഷേപിച്ചു നടത്തുന്ന പ്രഭാഷണത്തിനും തങ്ങള്‍ എതിരായിരുന്നു.
കര്‍മ ശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും അദ്ദേഹത്തിനു അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. കിഴക്കോത്തെ വീട്ടിലും പന്നൂര്‍ ചീപ്പേടത്തെ പള്ളിയിലും രാമന്തളിയിലെ വീട്ടിലും അറിവന്വേഷിച്ചും ആശ്വാസം തേടിയും നിരവധി പേരായിരുന്നു എത്തിയിരുന്നത്.
സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ ജനാസ രാമന്തളി ജുമാമസ്ജിദിനു പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്. മയ്യിത്ത് നിസ്‌കാരത്തിനും നിരവധി പേരെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."