ദേശീയ സുരക്ഷാ സേന കുറ്റിപ്പുറത്ത്; കുഴിബോംബുകള്‍ പരിശോധിച്ചു
കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലത്തിന് താഴെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഴിബോംബുകള്‍ ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി) പരിശോധിച്ചു. ബോംബുകളുടെ ഉറവിടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കുറ്റിപ്പുറത്ത് ചേര്‍ന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
കണ്ടെത്തിയ സാധനങ്ങള്‍ മലപ്പുറം പടിഞ്ഞാറ്റുമുറി എ.ആര് കാംപിലാണ് സൂക്ഷിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ സേന ഇവിടെ എത്തിയാണ് പരിശോധന നടത്തിയത്. മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പുഴയില്‍ കണ്ടെത്തിയ കുഴിബോംബുകള്‍ യുദ്ധവേളയില്‍ ഇന്ത്യന്‍ സൈന്യം ശത്രുസൈന്യത്തിനെതിരേ ഉപയോഗിക്കുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇതിലേക്ക് സൂചന നല്കുന്ന അടയാളങ്ങള്‍ ഇംഗ്ലീഷില്‍ ബോംബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം എ.ആര് ക്യാംപില്‍ സൂക്ഷിച്ചിട്ടുള്ള മൈനുകള്‍ ഇന്റലിജന്‍സ് സ്ഥലത്തെത്തി വിശദമായി പരിശോധിക്കും. ഇതിനുശേഷം ബോംബുകള്‍ നിര്‍വീര്യമാക്കും. ബോംബുകള്‍ കണ്ടെത്തിയ സ്ഥലം ഐ.ജി എം.ആര് അജിത് കുമാറും സംഘവും സന്ദര്‍ശിച്ചു.
മലപ്പുറം എസ്.പിയുടെ ചുമതലയുള്ള പാലക്കാട് എസ്.പി പ്രതീഷ് കുമാറും പുഴയില്‍ പരിശോധന നടത്തി. സംഭവം ആദ്യം പൊലിസില്‍ പറഞ്ഞ യുവാവിനേയും യുവതിയേയും സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."