നാട്ടില്‍ നല്ല റോഡു വേണ്ടേ...
ബദിയടുക്ക: ചെര്‍ക്കള കല്ലടുക്ക സംസ്ഥാന പാതയുടെ ശോചനീയാവസ്ഥക്കു പരിഹാരമായില്ല. പുതിയ ടാറിങ് നടത്താനായി സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചുവെങ്കിലും അതിനുള്ള നടപടി പൂര്‍ത്തിയായില്ല. മാര്‍ച്ച് മാസത്തിനുള്ളില്‍ പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ തിരക്കേറിയ അന്തര്‍ സംസ്ഥാന പാതയില്‍ ബസ് സര്‍വിസ് നിര്‍ത്തിവെക്കാനാണു ബസ് ജീവനക്കാരുടെ തീരുമാനം.
ചെര്‍ക്കള കല്ലഡുക്ക റോഡില്‍ പലസ്ഥലങ്ങളിലായി പൊട്ടി പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ചെര്‍ക്കള , നെക്രാജെ , ബീജന്തഡുക്ക,കരീമ്പില,ഉക്കിനഡുക്ക, നല്‍ക്ക, ഗോളിത്തഡുക്ക, അഡ്ക്കസ്ഥല തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പാതാള കുഴി രൂപപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനങ്ങള്‍ ഒച്ചിന്റെ വേഗതയില്‍ മുന്നോട്ടെടുക്കുകയാണ് പതിവ്.
സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഈ റോഡിനു തുകവകയിരുത്തിയില്ലെങ്കിലും കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ കൂടി കടന്നു പോകുന്ന റോഡ് എന്നതു കൊണ്ട് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നും പി.ബി അബ്ദുല്‍ റസാഖും വിഷയം നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് 30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് അധികൃതര്‍ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കു വേണ്ടി അപേക്ഷ സമര്‍പ്പിച്ചതായാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. പത്തു വര്‍ഷം മുമ്പ് റബറൈസ്ഡ് ടാറിങ് നടത്തിയ റോഡില്‍ പിന്നീട് ടാറിങ് നടത്തിയിട്ടില്ല.
പല തവണ കുഴികള്‍ അടക്കുവാന്‍ വേണ്ടി കോടികള്‍ പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചിട്ടും റോഡിലെ കുഴി അതേ പടി നിലനില്‍ക്കുകയാണെന്നാണ് ആക്ഷേപം.
കര്‍ണാടകയിലെ പുത്തൂര്‍,നെല്യാഡി, ധര്‍മ്മസ്ഥല, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തി ചേരാന്‍ കഴിയുന്ന റോഡായതിനാല്‍ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതു വഴി പോകുന്നത്. റോഡ് പാടെ തകര്‍ന്നതിനാല്‍ പലരും മംഗളുരു വഴിയിലൂടെയും സുള്ള്യയിലൂടെയുമാണ് അയല്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കു പോകുന്നത്. കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പായി റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."