വയലുകള്‍ക്കു ദാഹിക്കുന്നു ;കൊടക്കവയലില് കണ്ണീരോടെ കര്‍ഷകര്‍
ചെറുവത്തൂര്‍: ജലസേചനത്തിനുള്ള നീരുറവകള്‍ വറ്റിവരണ്ടതോടെ നെല്ചെടികള് കരിഞ്ഞുണങ്ങുന്നു. തുലാവര്‍ഷം ചതിച്ചതാണു വേനലെത്തും മുമ്പേ ജലക്ഷാമം രൂക്ഷമാകാന്‍ കാരണം. നെല്ചെടികള് കരിഞ്ഞുണങ്ങുന്നതിനൊപ്പം വയലുകള്‍ വിണ്ടുകീറുകയാണ്. ഒരു കാലത്ത് നാടിന്റെ നെല്ലറയായിരുന്നു തിമിരി കൊടക്കവയല്‍. മൂന്നു വിള കൃഷി നടന്നിരുന്ന വയലുകളില്‍ ഇപ്പോള്‍ രണ്ടുവിളകൃഷിയാണു നടക്കുന്നത്. എന്നാല്‍ ജലക്ഷാമം മൂലം വരും വര്‍ഷം ഒരൊറ്റവിളയിലേക്കു കാര്യങ്ങള്‍ എത്തും.
മഴ നന്നേ കുറഞ്ഞതിനാല്‍ വീട്ടുപറമ്പില്‍ നിലമൊരുക്കി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം നനച്ചാണ് ഇത്തവണ മിക്ക കര്‍ഷകരും ഞാറ്റടികള്‍ വളര്‍ത്തിയെടുത്തത്. തുലാവര്‍ഷം കനിയുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കുണ്ടായിരുന്നു. ഈ പ്രതീക്ഷയിലാണ് കര്‍ഷകര്‍ വയലുകളില്‍ ഞാറു നട്ടത്. എന്നാല്‍ തുലാമാസത്തില്‍ ഒന്നോ രണ്ടോ മഴ മാത്രമാണു ശക്തിയായി പെയ്തത്. ഇതിനാല്‍ തൊട്ടടുത്തുള്ള കല്‍നട തോടില്‍നിന്നു മണ്ണെണ്ണ മോട്ടോര്‍ വച്ച് കൃഷിയിടത്തിലേക്കു വെള്ളം കയറ്റിയായിരുന്നു ഇത്രയും ദിവസം പിടിച്ചുനിന്നത്.
മണിക്കൂറുകളോളം വെള്ളം പമ്പ് ചെയ്താല്‍ മാത്രമെ നെല്ചെടികള്ക്ക് ആവശ്യമായ വെള്ളം ലഭിക്കൂ. കര്‍ഷകര്‍ ആശ്രയിച്ചിരുന്ന കല്‍നട തോട്ടിലെ വെള്ളവും വറ്റി. ഇനിയെങ്ങനെ കൃഷിക്കു വെള്ളം ലഭ്യമാക്കുമെന്ന ആശങ്കയാണു കര്‍ഷകര്‍ക്കിപ്പോള്‍.
ഇനി ആശ്രയിക്കാനുള്ളതു കുട്ടമത്ത് കുളമാണ്. മീറ്ററുകള്‍ അകലെ റോഡിനപ്പുറം സ്ഥിതി ചെയ്യുന്ന കുളത്തില്‍ നിന്നു റോഡ് മറികടന്നു വെള്ളം കൃഷിയിടത്തിലെത്തിക്കാന്‍ കഴിയില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. പാതിവളര്‍ന്ന നെല്ചെടികള് കരിയുമ്പോള്‍ കണ്ണീരോടെ നോക്കി നില്ക്കാനെ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."