കാന്‍സര്‍ ദിനാചരണത്തില്‍ കുടുംബശ്രീ സര്‍വേ
കോഴിക്കോട്: ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ സി.ഡി.എസ്, കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്നു വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുടുംബശ്രീയുടെ സമഗ്ര കാന്‍സര്‍ നിവാരണ പദ്ധതിയായ ജീവനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരസഭയിലെ 17 തീരദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കാന്‍സര്‍ സര്‍വേ സംഘടിപ്പിക്കും. സ്ത്രീകളിലെ സ്തനാര്‍ബുദ-ഗര്‍ഭാശയ കാന്‍സര്‍ നിവാരണം ലക്ഷ്യമാക്കിയാണ് സര്‍വേ.
ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നാലിനു രാവിലെ 11നു പഴയ കോര്‍പറേഷന്‍ ഓഫിസ് കോംപൗണ്ടില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനാകും. കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി 150 പേരടങ്ങുന്ന കാന്‍സര്‍ സാന്ത്വന സേനയ്ക്കു കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് രൂപം നല്‍കിയിട്ടുണ്ട്. പ്രത്യേക ഡ്രസ്‌കോഡും വിദഗ്ധ പരിശീലനവും ലഭിച്ചവരാണ് വളണ്ടിയര്‍മാര്‍. കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചെത്തിയ വിവിധ മേഖലകളിലെ 20ഓളം വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. എ.കെ രാഘവന്‍ എം.പി ആദരിക്കല്‍ കര്‍മം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എം.വി റംസി ഇസ്മാഈല്‍, ഷീജ പി.പി, ബീന. കെ, പ്രമീള ദേവദാസ്, എ.സി മൊയ്തി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."