ഭൂമി വിവാദം; സീറോ മലബാര്‍ സഭ സിനഡ് നാളെ മുതല്‍
കൊച്ചി: ഭൂമി ഇടപാട് വിവാദമാകുകയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വൈദികര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭ സിനഡ് സമ്മേളനം നാളെ മുതല്‍ കൊച്ചിയില്‍ നടക്കും.
സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 13 വരെയാണു മെത്രാന്മാരുടെ സിനഡ് നടക്കുന്നത്. സഭയുടെ 26-ാമതു സിനഡിന്റെ ആദ്യ സെഷനാണു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുക. രാവിലെ 10ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നയിക്കുന്ന ധ്യാനത്തോടെയാണു തുടക്കം. ഉച്ചകഴിഞ്ഞ് 2.30നു സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം മേജര്‍ ആര്‍ച്ച് ബിഷപ് നിര്‍വഹിക്കും. വിരമിച്ചവര്‍ ഉള്‍പ്പെടെ 62 മെത്രാന്മാരാണു സീറോ മലബാര്‍ സഭയില്‍ ഇപ്പോഴുള്ളത്.
ഭൂമി ഇടപാട് വിവാദമായതിനെ തുടര്‍ന്ന് സഭയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. ഭൂമി ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയും ഇക്കാര്യത്തില്‍ കര്‍ദ്ദിനാളിനെതിരേ മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. സഭയുടെ ഭൂമി വിവാദം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട പുരോഹിതന്മാരെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. കൂടാതെ പ്രത്യേക അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സഭയ്ക്ക് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
ഇടപാടില്‍ സാമ്പത്തികനഷ്ടത്തേക്കാള്‍ ധാര്‍മികച്യുതിയുണ്ടായിട്ടുണ്ടെന്ന് അതിരൂപതാ സഹായമെത്രാന്‍ വൈദികര്‍ക്ക് അയച്ച സര്‍ക്കുലറിലും വ്യക്തമാക്കിയിരുന്നു. നാളെ ആരംഭിക്കുന്ന സമ്പൂര്‍ണ സിനഡിന് മുന്നോടിയായി സഭയുടെ സ്ഥിരം സിനഡ് കഴിഞ്ഞയാഴ്ച കൂടിയിരുന്നു. പ്രത്യേക അന്വേഷണസമിതി ജനുവരി 31ന് മുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
സഭയുടെ ഭൂമി ഇടപാട് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും വിവാദ ഇടപാടില്‍ ഉത്തരവാദികളായവര്‍ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് കേരള കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രാര്‍ഥനാ ധര്‍ണ നടത്തിയിരുന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് കെ.ജോര്‍ജ് ജോസഫ് ഉദ്ഘാടനംചെയ്ത ധര്‍ണയില്‍ വിവിധ സംഘടനാപ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."