'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
ന്യൂഡല്‍ഹി: ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ലെന്ന് അരുന്ധതി റോയ്. 2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങവെയായിരുന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ പ്രതികരണം. സമ്മാനത്തുകയുടെ വിഹിതം ഫലസ്തീന്‍ കുട്ടികളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അവര്‍ വേദിയില്‍ പ്രഖ്യാപിച്ചു.
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് അരുന്ധതി റോയിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്. ബ്രിട്ടീഷ്-ഈജിപ്ഷ്യന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അലാ അബ്ദുല്‍-ഫത്താഹുമായാണ് അരുന്ധതി 'റൈറ്റര്‍ ഓഫ് കറേജ് 2024' പുരസ്‌കാരം പങ്കിട്ടത്. നാടകകൃത്ത് ഹരോള്‍ഡ് പിന്ററിന്റെ സ്മരണക്കായി ഇംഗ്ലീഷ് PEN ഏര്‍പ്പെടുത്തിയതാണിത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സര്‍ക്കാറിന്റെ നിലപാടുകളില്‍ ശബ്ദമുയര്‍ത്തിയതിന് അഞ്ച് വര്‍ഷത്തിലേറെ 42കാരനായ ഫത്താഹ് ഈജിപ്തില്‍ തടങ്കലില്‍ കഴിഞ്ഞിരുന്നു. വീണ്ടും ജയിലില്‍ അടക്കപ്പെട്ട അദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി ഈ സെപ്റ്റംബറില്‍ തീര്‍ന്നിട്ടും ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഈജിപ്ഷ്യന്‍ വാര്‍ത്താ വെബ്‌സൈറ്റായ മദാ മാസ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ലിന അത്താലയാണ് ഫത്താഹിനെ പ്രതിനിധീകരിച്ച് പുരസ്‌കാരം കൈപ്പറ്റിയത്.
തന്നെ ആദരിച്ചതിന് പെന്‍ പിന്ററിന് നന്ദി പറഞ്ഞ അരുന്ധതി അവാര്‍ഡ് പങ്കിടുന്ന ധീരനായ എഴുത്തുകാരന്റെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് വേദിയില്‍ സംസാരിച്ചു തുടങ്ങിയത്. ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന എന്റെ സുഹൃത്തുക്കളെയും സഖാക്കളെയും കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്ന് തുടര്‍ന്ന അവര്‍ അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തടവിലുള്ള ഉമര്‍ ഖാലിദ്, ഗള്‍ഫിഷ ഫാത്തിമ, ഖാലിദ് സൈഫി, ഷര്‍ജീല്‍ ഇമാം, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റൗട്ട്, ഖുറം പര്‍വൈസ് തുടങ്ങിയവരെയെല്ലാം പരാമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."