HOME
DETAILS

ആത്മീയാനന്ദത്തിന്റെ പുസ്തകം

  
backup
January 07 2018 | 03:01 AM

athmiyanandhathinte-pusthakam

നമ്മുടെ കൃഷ്ണനെപ്പോലെ ഒരാള്‍.

 

നബിയെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ രാമനുണ്ണിയ്ക്ക് ഒറ്റ വാക്കില്‍ നല്‍കിയ മറുപടിയായിരുന്നു അത്. ഒരു നബിദിന ഘോഷയാത്ര കടന്നുപോകുമ്പോഴാണ് ഉണ്ണി അമ്മയോട് ആരാണമ്മേ നബിയെന്ന് ചോദിച്ചത്. കൃഷ്ണനെ ആവോളം സ്‌നേഹിക്കുന്ന ഉണ്ണിയ്ക്ക് നബിയെ ഉള്‍ക്കൊള്ളാന്‍ ഒറ്റവാക്കിലുള്ള ആ ഉത്തരം മതിയായിരുന്നു. അന്നു നെഞ്ചേറിയതാണ് ഉണ്ണിയില്‍ മുഹമ്മദ് നബി. കൂടുതല്‍ അറിയുംതോറും ആ ഇഷ്ടം കൂടിക്കൂടി വന്നു. ആ ഇഷ്ടക്കൂടുതലില്‍നിന്നാണ് 'ദൈവത്തിന്റെ പുസ്തകം' എന്ന നോവലുണ്ടാകുന്നത്. കഠിനാധ്വാനത്തിലൂടെ ആവിഷ്‌കരിച്ച ആ ജീവിതത്തെ തേടി കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം വന്നെത്തിയിരിക്കുകയാണ്. അവാര്‍ഡിന്റെ ആഹ്ലാദവും സമൂഹമാധ്യമങ്ങളില്‍ അതേച്ചൊല്ലി ഉയര്‍ന്ന വിവാദവും കൂടിക്കുഴഞ്ഞു നില്‍ക്കുന്ന വേളയില്‍ കെ.പി രാമനുണ്ണി സംസാരിക്കുന്നു

 

പി.ടി മുഹമ്മദ് സാദിഖ്: വിവാദത്തില്‍നിന്നു തന്നെ തുടങ്ങാം. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതിയില്‍ അംഗമായിരിക്കെ താങ്കള്‍ ഈ പുരസ്‌കാരം സ്വീകരിച്ചതു ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. അതില്‍ എന്തെങ്കിലും സാംഗത്യമുണ്ടോ?


കെ.പി രാമനുണ്ണി: ജവഹര്‍ലാല്‍ നെഹ്‌റു രൂപകല്‍പന ചെയ്ത നയപരിപാടികളിലൂടെ മുന്നോട്ടുപോകുന്ന സ്ഥാപനമാണ് കേന്ദ്ര സാഹിത്യ അക്കാദമി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിക്കു കൃത്യമായ നിയമസംഹിതകളും നടപടിക്രമങ്ങളുമുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ കൃതികള്‍ അടക്കം അവാര്‍ഡിനു പരിഗണിക്കും. ഭരണ നിര്‍വഹണ സമിതി അംഗങ്ങളുടേതു മാത്രമാണു പുരസ്‌കാരങ്ങള്‍ക്കു പരിഗണിക്കാതിരിക്കുന്നത്. ഉപദേശക സമിതി എന്നു പറഞ്ഞാല്‍, അക്കാദമിക്കു പുറത്തുള്ളതാണ്. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ കൃതികള്‍ കൂടി പരിഗണിക്കുന്ന അക്കാദമി ഉപദേശക സമിതി അംഗങ്ങളുടെയും അവാര്‍ഡ് അര്‍ഹതയുടെ കാലാവധിയില്‍ വരുന്ന കൃതികള്‍ കണക്കിലെടുക്കും. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും എത്രയോ രചനകള്‍ ഇന്ത്യാ രാജ്യത്ത് പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാരണം, ഇരുസംഘങ്ങള്‍ക്കും അവാര്‍ഡ് നിര്‍ണയത്തില്‍ യാതൊരുവിധ പങ്കാളിത്തവുമില്ല. മൂന്നു ഘട്ടങ്ങളിലൂടെ അരിച്ചെടുത്ത് ഒടുവില്‍ ജൂറിക്കു മുന്‍പില്‍ കൃതികള്‍ എത്തുന്ന സങ്കീര്‍ണ പ്രക്രിയയിലൂടെയാണ് അക്കാദമി അവാര്‍ഡ് നിര്‍ണയിക്കുന്നത്.
ഇക്കാര്യങ്ങള്‍ ഒന്നും അറിയാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അസംബന്ധമാണെന്ന് എത്രയോ കാലം അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ച സച്ചിദാനന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉപദേശക സമിതി അംഗമായ ഞാന്‍ അപ്ലിക്കേഷന്‍ കൊടുത്തുവാങ്ങിയ അവാര്‍ഡല്ല ഇത്. അര്‍ഹത കൊണ്ട് അക്കാദമി തിരഞ്ഞെടുത്തതാണ്. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ സ്വയംഭരണ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി 'ദൈവത്തിന്റെ പുസ്തകത്തി'നു നല്‍കിയ അവാര്‍ഡ് ഒരു രാഷ്ട്രീയ വിജയമായാണു ഞാന്‍ കണക്കുകൂട്ടുന്നത്. കാരണം, കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്തുമ്പോള്‍ 'ദൈവത്തിന്റെ പുസ്തകം' വര്‍ഗീയതയ്‌ക്കെതിരേ നിലകൊള്ളുന്ന ഗ്രന്ഥമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇന്ന് സോഷ്യല്‍ മീഡിയ തെമ്മാടികളുടെയും സിനിക്കുകളുടെയും പരനിന്ദകരുടെയും കേളീരംഗമാണ്. ഞാനെടുക്കുന്ന നിലപാടുകളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ലോബിയാണ് ഈ വിവാദം സൃഷ്ടിച്ചത്. അതോടൊപ്പം സാഹിത്യരംഗത്ത അസൂയാലുക്കളും എഴുതിത്തോറ്റവരും കൂട്ടുചേര്‍ന്നു എന്നു മാത്രം. പക്ഷെ, 'ദൈവത്തിന്റെ പുസ്തകത്തി'ന്റെ ആസ്വാദകരില്‍നിന്ന് സ്‌നേഹോഷ്മളമായ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് എനിക്കു ലഭിക്കുന്നത്.

 

"കേന്ദ്ര സര്‍ക്കാരിനു കീഴില്‍ സ്വയംഭരണ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി 'ദൈവത്തിന്റെ പുസ്തകത്തി'നു നല്‍കിയ അവാര്‍ഡ് ഒരു രാഷ്ട്രീയ വിജയമായാണു ഞാന്‍ കണക്കുകൂട്ടുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇന്ന് സോഷ്യല്‍ മീഡിയ തെമ്മാടികളുടെയും സിനിക്കുകളുടെയും പരനിന്ദകരുടെയും കേളീരംഗമാണ്. ഞാനെടുക്കുന്ന നിലപാടുകളോട് അസഹിഷ്ണുത
പുലര്‍ത്തുന്ന ലോബിയാണ് പുതിയ വിവാദം സൃഷ്ടിച്ചത്. സാഹിത്യരംഗത്തെ അസൂയാലുക്കളും എഴുതിത്തോറ്റവരും കൂട്ടുചേര്‍ന്നു എന്നു മാത്രം"

 

സാദിഖ്: ഫാസിസത്തിനെതിരേ കൃത്യമായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരനാണു താങ്കള്‍. അതോടൊപ്പം ന്യൂനപക്ഷത്തോട് എപ്പോഴും മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്നു. എന്നിട്ടും താങ്കള്‍ അതില്‍ തുടര്‍ന്നു.


രാമനുണ്ണി: ഫാസിസത്തിനെതിരായ ഒറ്റമൂലിയല്ല സാഹിത്യ അക്കാദമിയില്‍നിന്നുള്ള ബന്ധവിച്ഛേദനം. കല്‍ബുര്‍ഗി വധത്തെ അക്കാദമി പ്രസിഡന്റ് വേണ്ടവിധത്തില്‍ അപലപിക്കാത്തതിനെതിരായ പ്രതിഷേധ പ്രകടനമായാണു കുറെ അംഗങ്ങള്‍ അക്കാദമി ജനറല്‍ കൗണ്‍സിലില്‍നിന്നും എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍നിന്നും രാജിവച്ചത്. എന്നാല്‍, എല്ലാവരും ഒന്നിച്ചു രാജിവയ്ക്കുന്നത് സര്‍ക്കാരിന് അക്കാദമിയെ വിഴുങ്ങാന്‍ അവസരമൊരുക്കുമെന്ന് അഭിപ്രായമുയര്‍ന്നു. സച്ചിദാനന്ദന്റെയും മറ്റ് ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരുടെയും ഉപദേശനിര്‍ദേശ പ്രകാരമാണ് ഞാന്‍ അക്കാദമിയില്‍നിന്നു രാജിവയ്ക്കാതിരുന്നത്. രാജിവയ്ക്കാത്തവരെല്ലാം കല്‍ബുര്‍ഗി വധത്തിനെതിരായ റെസല്യൂഷന്‍ പ്രസിഡന്റിനെ കൊണ്ട് പാസാക്കിപ്പിക്കാന്‍ കത്തെഴുതണമെന്ന് തീരുമാനമെടുത്തു. ഞാനും ശക്തമായ കത്തെഴുതി. അങ്ങനെ എക്‌സിക്യൂട്ടിവ് ബോര്‍ഡ് റെസല്യൂഷന്‍ പാസാക്കാന്‍ നിര്‍ബന്ധിതമായി. അതൊരു രാഷ്ട്രീയ വിജയമായിരുന്നു. ഒരു പ്രത്യേക രാഷ്ട്രീയ ഇഷ്യുവില്‍ പ്രതിഷേധിച്ചു രാജിവച്ച സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരും ഇന്ന് സാഹിത്യ അക്കാദമിയുടെ നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

 

സാദിഖ്: ഫാസിസ്റ്റ് ഭരണത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ഇടക്കാലത്ത് അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ പ്രതിഷേധം വരെ എഴുത്തുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നിട്ടും താങ്കളെ പോലെ ഒരാള്‍ ഈ പുരസ്‌കാരം സ്വീകരിക്കുകയാണ്.


രാമനുണ്ണി: ഞാന്‍ അപ്ലിക്കേഷന്‍ നല്‍കാതെത്തന്നെ അക്കാദമി എനിക്ക് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടേയുള്ളൂ. ഞാന്‍ സ്വീകരിച്ചിട്ടില്ല. നിലപാടുകളുടെ കാര്യത്തില്‍ എനിക്കു കൃത്യതയും വ്യക്തതയുമുണ്ട്. എല്ലാ കാര്യത്തിലും ഞാന്‍ അതിനനുസരിച്ചു തന്നെ പ്രവര്‍ത്തിക്കും.

സാദിഖ്: 'ദൈവത്തിന്റെ പുസ്തകം' മുഹമ്മദ് നബിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. ആ കൃതി എഴുതാനുള്ള തയാറെടുപ്പ് എന്തായിരുന്നു? പ്രത്യേകിച്ച്് നബിയെ കുറിച്ച് എഴുതുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ട ഒരുപാട് കാര്യങ്ങളില്ലേ?


രാമനുണ്ണി: എന്നോട് പലരും പറഞ്ഞിട്ടുണ്ട്, പ്രസംഗത്തില്‍ പോലും മുഹമ്മദ് നബിയെ പരാമര്‍ശിക്കാന്‍ പേടിയാണെന്ന്. ഞാന്‍ പറയും പൊന്നാനിക്കാര്‍ക്ക് മാപ്പിളമാരെ പേടിയില്ലെന്ന്. അപരത്വത്തില്‍നിന്നാണു പേടി വരുന്നത്. പൊന്നാനിയിലെ ഹിന്ദുക്കള്‍ക്ക് മുസ്്‌ലിംകളെ ഒരു പേടിയുമില്ല. മുസ്്‌ലിംകള്‍ ഒരു ഉപദ്രവവും ചെയ്യില്ലെന്ന രൂഢമൂലമായ വിശ്വാസമുണ്ട്. അതു ചരിത്രവുമാണ്. നബിയെ കൃഷ്ണനെപ്പോലെ സ്‌നേഹിക്കുന്ന ആളാണു ഞാന്‍. കൃഷ്ണനും നബിയുമാണ് എന്റെ പ്രവാചകന്മാര്‍. അവരുടെ സൈക്കിനോട് യോജിച്ചാണ് എന്റെ മനസു നില്‍ക്കുന്നത്. നബിയും കൃഷ്ണനും തമ്മിലുള്ള സാമ്യതകളെക്കുറിച്ച് ഓഷോ പറഞ്ഞിട്ടുണ്ട്. അതിനും മുന്നേ എന്റെ അമ്മ പറയുന്നുണ്ട്, നമ്മുടെ കൃഷ്ണനെപ്പോലെയാണ് നബിയെന്ന്. വായിച്ചപ്പോള്‍ അതു കൂടുതല്‍ കൂടുതല്‍ ബോധ്യം വന്നു. അങ്ങനെയുള്ള ഒരു സ്‌നേഹത്തില്‍നിന്നാണ് ആ നോവലുണ്ടായത്.

 

സാദിഖ്: ബാങ്കിലെ ഉദ്യോഗം രാജിവച്ചു മുഴുസമയ എഴുത്തിലേക്കു വന്ന ആളാണു താങ്കള്‍. ഉദ്യോഗം യഥാര്‍ഥത്തില്‍ വ്യക്തിപരമായും എഴുത്തുകാരന്‍ എന്ന നിലയിലും അസ്വാതന്ത്ര്യങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണോ?


രാമനുണ്ണി: വ്യക്തി എന്ന നിലയില്‍, ഇഷ്ടമില്ലാതെ സ്വീകരിക്കാന്‍ നിര്‍ബന്ധിതനായതാണ് എന്റെ ബാങ്കിലെ ജോലി. അതിന്റെ കാരണം ആത്മകഥയില്‍ ഞാനെഴുതിയിട്ടുണ്ട്. പ്രീഡിഗ്രി കാലത്ത് ഒരു ഭാഗത്ത് ആത്മീയവായനയും മറുഭാഗത്ത് കമ്മ്യൂണിസ്റ്റ് ഭൗതികവായനയും വൈരുദ്ധ്യാത്മക ഭൗതികവായനയുമൊക്കെയായി ആശയക്കുഴപ്പമായി. ദൈവമുണ്ടോ ഇല്ലയോ എന്ന ചിന്തയിലൊക്കെ പെട്ടു. ഉള്‍വലിഞ്ഞിരുന്നു. ഇവനെന്തോ മാനസികരോഗമാണെന്നു വീട്ടുകാരൊക്കെ തെറ്റിദ്ധരിച്ചു വേണ്ടാത്ത ചികിത്സയൊക്കെ ചെയ്തു. അങ്ങനെയൊരു ചരിത്രമുണ്ട് എനിക്ക്. അതിനുശേഷം പഠിപ്പു മുടങ്ങി.
അച്ഛന്‍ സര്‍വിസിലിരിക്കെ മരിച്ചതിനാല്‍ എനിയ്ക്കു ജോലിയ്ക്ക് അര്‍ഹതയുണ്ടായിരുന്നു. സയന്‍സ് പഠിക്കാനായിരുന്നു താല്‍പര്യം. ഡോക്ടറാകാനായിരുന്നു മോഹം. അച്ഛന്‍ പറഞ്ഞതായി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, ശത്രുക്കള്‍ക്കുപോലും ബാങ്കിലെ ജോലി കിട്ടരുതേ എന്ന്. ശത്രുക്കള്‍ക്കു പോലും കിട്ടരുതേ എന്ന് ആഗ്രഹിച്ച ജോലി മകനു സ്വീകരിക്കേണ്ടി വന്നു. കാരണം പഠിപ്പു മുടങ്ങിനില്‍ക്കുന്നു. അടിയന്തരാവസ്ഥയുടെയൊക്കെ കാലവുമാണ്. അങ്ങനെയാണ് ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അച്ഛന് ഇഷ്ടമില്ലാത്ത ജോലി സ്വീകരിക്കേണ്ടി വന്നല്ലോ എന്ന പ്രശ്‌നമുണ്ടായിരുന്നു. ബാങ്കില്‍ അതുകൊണ്ടുതന്നെ വലിയ അംപിഷനൊന്നുമുണ്ടായിരുന്നില്ല. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളിലായിരുന്നു താല്‍പര്യം. എന്നാലും അമ്മയുടെയൊക്കെ നിര്‍ബന്ധം കൊണ്ട് പ്രമോഷനൊക്കെ പോയി. തുടക്കം മുതലേ വിട്ടുപോരണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ സമയത്തുതന്നെ എഴുത്ത് തുടങ്ങുകയും ചെയ്തിരുന്നു.
എഴുത്തിന്റെ ലോകവും ബാങ്കിന്റെ ലോകവും വ്യത്യസ്തമാണ്. കാഷ് മാനേജറൊക്കെ ആകുമ്പോള്‍ വലിയ പ്രശ്‌നമാണ്. കീ ഒക്കെയുണ്ടാകും. കോടിക്കണക്കിനു രൂപയുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായി പറഞ്ഞാല്‍ ബാങ്കില്‍നിന്നു പെട്ടെന്നു രക്ഷപ്പെടാനുള്ള ഒരു വ്യഗ്രത ഉണ്ടായിരുന്നു. പിന്നെ എഴുത്തുകാരന്‍ എന്ന നിലയ്ക്ക്, എല്ലാ സ്വാതന്ത്ര്യങ്ങളെയും ഹനിയ്ക്കുന്ന, 24 മണിക്കൂര്‍ ഡ്യൂട്ടി എന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള ജോലിയാണ്. അതുകൊണ്ടൊക്കെയാണു ഞാന്‍ വോളന്ററി റിട്ടയര്‍മെന്റ് സ്വീകരിച്ചത്.

 

സാദിഖ്: രണ്ടുതരം വായനകളുണ്ടായിരുന്നുവെന്നു പറഞ്ഞു. ആത്മീയവായനയും കമ്മ്യൂണിസ്റ്റ്, വൈരുദ്ധ്യാത്മക ഭൗതികവായനയും. രണ്ടു ധാരയിലുള്ള ഈ വായനയില്‍ എത്തിപ്പെടുന്നത് എങ്ങനെയാണ്?


രാമനുണ്ണി: ഞാന്‍ പത്താം ക്ലാസില്‍ ഫസ്റ്റ്ക്ലാസില്‍ പാസായിട്ടാണു വരുന്നത്. ഫാറൂഖ് കോളജില്‍ സുഹൃത്തായ ഖയ്യൂമിനൊപ്പം പഠിക്കുക എന്നതായിരുന്നു മോഹം. അതു നടന്നില്ല. നല്ല മാര്‍ക്കുള്ളതുകൊണ്ട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിച്ചാല്‍ മതിയെന്നായി വീട്ടുകാര്‍. ക്രിസ്ത്യന്‍ കോളജിലെത്തിയപ്പോള്‍ രണ്ടുതരം വിദ്യാര്‍ഥികളുണ്ട്. സവര്‍ണരും അവര്‍ണരും. സവര്‍ണരൊക്കെ ഇംഗ്ലീഷ് മീഡിയംകാരാണ്. പ്രൊവിഡന്‍സില്‍നിന്നും സെന്റ് ജോസഫ്‌സില്‍നിന്നുമൊക്കെ വരുന്നവര്‍. മറ്റുള്ളവര്‍ നാടന്‍ സ്‌കൂളില്‍നിന്നു വരുന്നവരാണ്. മലയാളം മീഡിയക്കാര്‍. അവരായിരിക്കും ബ്രൈറ്റായിട്ടുള്ളവര്‍. കൂടുതല്‍ മാര്‍ക്ക് വാങ്ങിയവര്‍. പക്ഷേ, ഇംഗ്ലീഷ് മീഡിയക്കാരെ മാത്രമേ ലക്ചര്‍മാരൊക്കെ മൈന്‍ഡ് ചെയ്യുകയുള്ളൂ. ഇംഗ്ലീഷ് മീഡിയത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ ഭയങ്കര ലോഗ്യവും സൗഹൃദവുമൊക്കെയായിരിക്കും.

പൊന്നാനിയില്‍ രാജകുമാരനെപ്പോലെ ജീവിച്ച എനിക്ക് ഇവിടെ വന്നപ്പോള്‍ ഒരു അപകര്‍ഷതാബോധം. പെണ്‍കുട്ടികളുമായൊന്നും അടുക്കാന്‍ പറ്റുന്നില്ല, അവര്‍ക്കൊന്നും നമ്മളെ ഒരു വിലയുമില്ല. അതില്‍നിന്നൊക്കെയുള്ള ഒരു രക്ഷപ്പെടല്‍, ഉള്‍വലിയലായിരുന്നു വായനയിലേക്കുള്ള മാറ്റം. അതിലും മനഃശാസ്ത്രപരമായ കാര്യമുണ്ട്. അന്ന് അച്ഛന്റെ മരുമോന്റെ വീട്ടിലാണ് താമസിക്കുന്നത്. അവിടെ വിവേകാനന്ദ സാഹിത്യസദസും ശ്രീരാമകൃഷ്ണ വചനാമൃതവും പോലുള്ള പുസ്തകങ്ങളുണ്ട്. എഴുപതുകളാണല്ലോ. നക്‌സലേറ്റ് പ്രസ്ഥാനത്തിലേക്ക് ആളെ പിടിക്കുന്ന ഒരു താടിക്കാരന്‍ ആ പരിസരത്തുണ്ടായിരുന്നു. അദ്ദേഹം രഹസ്യമായി വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെയൊക്കെ പുസ്തകങ്ങളെത്തിക്കും. അതും വായിക്കും. ആത്മീയതയാണെങ്കിലും മാര്‍ക്‌സിസമാണെങ്കിലും ആളെ നിരപ്പാക്കുന്ന സാധനമാണ്. അവിടെ എല്ലാവരും സമന്മാരാണ്. അവിടെ സെന്റ് ജോസഫ്‌സുകാരും പ്രൊവിഡന്‍സുകാരും നാടന്മാരുമൊക്കെ തുല്യരാണ്. ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരല്ലേ. കമ്മ്യൂണിസവും അതാണ്. ഇതു രണ്ടും വായിക്കാനുള്ള ഒരു അബോധപ്രേരണ ഈ അപകര്‍ഷതാബോധമാണ്. അങ്ങനെ വായിച്ച് രണ്ടും കൂടി ദഹിക്കാതായി. ആത്മീയതയും ഭൗതികതയും തമ്മില്‍ ചേരില്ലല്ലോ. പതിനാറ് വയസല്ലേ ആയിട്ടുള്ളൂ. എനിക്ക് ഒരു ഒബ്‌സഷന്‍. ദൈവമുണ്ടോ ഇല്ലയോ എന്ന മട്ടില്‍. അങ്ങനെ ഛയലെശൈ്‌ല രീാുൗഹശെ്‌ല റശീെൃറലൃ എന്ന ഒരു പ്രശ്‌നമാണ് എനിക്കുണ്ടായത്. ചെറിയൊരു മാനസിക പ്രശ്‌നം. ഒരു കൗണ്‍സിലര്‍ക്ക് തിരുത്താവുന്നതേയുള്ളൂ അത്. വീട്ടുകാര്‍ വലിയ സൂക്കേടായി തെറ്റിദ്ധരിക്കുകയും സൈക്യാട്രിക് ട്രീറ്റ്‌മെന്റ് നടത്തുകയും ചെയ്തു.

 

സാദിഖ്: പിന്നീട് എപ്പോഴാണ് ഈശ്വരസാന്നിധ്യം കണ്ടെത്തുന്നത്. അഥവാ ഒരു വിശ്വാസിയാകുന്നത്?


രാമനുണ്ണി: സൈക്യാട്രിക് ചികിത്സ കഴിഞ്ഞാല്‍ എല്ലാബോധവും തെളിയും, ജ്ഞാനമുദിക്കും എന്നൊക്കെയായിരുന്നു ഞാന്‍ വിചാരിച്ചത്. മരുന്നു കഴിച്ചാല്‍ ഉറക്കം തൂങ്ങി ഇരിക്കുകയേ ഉള്ളൂ. ഉറങ്ങി എണീക്കുമ്പോള്‍ വേവലാതികളും സംശയങ്ങളുമാകും. അങ്ങനെയാണ് ഇനി മരുന്ന് കഴിക്കില്ലാന്നു തീരുമാനിച്ചത്. സൈക്യാട്രിക്കെതിരായ നിരാഹാരസമരം തുടങ്ങി. മരുന്നും കഴിക്കില്ല, ഭക്ഷണവും കഴിക്കില്ല. മനോരോഗം ആരോപിക്കപ്പെട്ടവന്റെ ഒരു പ്രശ്‌നം, രോഗമില്ലാന്നു പറഞ്ഞാല്‍ അതുതന്നെയാണല്ലോ രോഗമുണ്ടെന്നതിന്റെ തെളിവ്. അങ്ങനെ ഞാന്‍ ദൈവത്തെ അങ്ങ് ഒഴിവാക്കാന്‍ തീരുമാനിച്ചു. ദൈവമാണല്ലോ ഈ പ്രശ്‌നമുണ്ടാക്കുന്നത്. എ.ടി കോവൂരിനെ കണ്ടാലേ ഭക്ഷണം കഴിക്കൂ എന്നു വാശിപിടിച്ചു. കോവൂര്‍ സിലോണിലാണ് അപ്പോഴുള്ളത്. അദ്ദേഹം പറഞ്ഞതനുസരിച്ചു പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. പി.എം മാത്യൂ വെല്ലൂരിനെ കണ്ടു. എന്റെ നിര്‍ബന്ധപ്രകാരമാണ് വെല്ലൂരിനെ കാണുന്നത്.
മരുന്നു കഴിക്കേണ്ട സൂക്കേടൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിയൊരു ഒബ്‌സെഷനാണ്. ദൈവത്തെ നമുക്ക് ഒഴിവാക്കാമെന്ന് അദ്ദേഹം ഫിലോസഫിക്കലായൊക്കെ പറഞ്ഞു. അങ്ങനെ അദ്ദേഹം എന്നെ ജീവിതത്തിലേക്കു കൊണ്ടുവന്നു. വേണമെങ്കില്‍ ദൈവത്തെ തിരിച്ചുകൊണ്ടുവരികയും ചെയ്യാമെന്ന് വെല്ലൂര്‍ പറഞ്ഞിരുന്നു. പിന്നീട് ദൈവം വലിയൊരു സങ്കല്‍പമാണെന്ന ആത്മീയതയിലേക്കു വരുന്നു. നമ്മള്‍ വിചാരിച്ച പോലെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ഒരാളല്ല ദൈവമെന്ന സങ്കല്‍പം.

സാദിഖ്: കഥകളിലും നോവലുകളിലും മറ്റ് എഴുത്തുകളിലുമൊക്കെ മതങ്ങളെ ദാര്‍ശനികമായി സമീപിക്കുന്ന ഒരു രീതിയാണ് താങ്കള്‍ സ്വീകരിച്ചു കാണുന്നത്.


രാമനുണ്ണി: ഫിലോസഫിക്കല്‍ ചിന്തകളോട് ആദ്യമേ ഒരു താല്‍പര്യമുണ്ട്. ഇസ്‌ലാമിനെ ഒരു തത്വമായിട്ടല്ല, സ്‌നേഹമായിട്ടാണ് ഞാന്‍ കാണുന്നത്. സുഹൃത്ത് ഖയ്യൂമിന്റെ വീട്ടുകാരുടെയും ഉപ്പ അബ്ദുല്ല ഹാജിയുടെയും സ്‌നേഹമായിട്ടാണ് ആ മതത്തെ പരിചയപ്പെടുന്നത്. ഇസ്‌ലാം എനിക്ക് വേണ്ടപ്പെട്ടതാണ്. നബി എനിക്ക് വേണ്ടപ്പെട്ടയാളാണ്. നബിദിനാഘോഷമൊക്കെ കഴിഞ്ഞു മടങ്ങിവരുമ്പോള്‍ അമ്മയോട് ഞാന്‍ ചോദിക്കും, ഈ നബിയാരാണെന്ന്. നമ്മുടെ കൃഷ്ണന്റെ മാതിരി തന്നെ നബി എന്ന് അമ്മ പറയും. കൃഷ്ണന്‍ ഏറ്റവും പ്രിയപ്പെട്ട ആളാണ്.
ഗുരുവായൂര്‍ക്ക് പോകുന്നത് ചെറുപ്പകാലത്തേ ഏറ്റവും വലിയ ഉത്സവമാണ്. ബസില്‍ പോകാം, മസാല ദോശ കഴിക്കാം. കൃഷ്ണന്റെ മാതിരി ഒരാള്‍ എന്നു പറയുമ്പോള്‍ ഏറ്റവും സ്‌നേഹമുള്ള ഒരാളാണല്ലോ. ഇങ്ങനെ ഇസ്‌ലാമിനോടും നബിയോടുമുള്ള സ്‌നേഹത്തില്‍ വളര്‍ന്നതാണ്. അല്ലാതെ ചിന്താപരമായി, പൊളിറ്റിക്കലി കറക്ട് ആകാന്‍ ന്യൂനപക്ഷങ്ങളോടൊപ്പം നില്‍ക്കുക എന്ന ബുദ്ധിപരമായ വ്യായാമമല്ല എന്റെ ന്യൂനപക്ഷ സ്‌നേഹം. കുട്ടിക്കാലത്തേ ഉള്ളതാണത്. വലുതായപ്പോള്‍ ഇസ്‌ലാമിന്റെ കാര്യങ്ങളൊക്കെ പോസിറ്റീവായി മനസിലാക്കി. പോസിറ്റീവായ കാര്യങ്ങള്‍ ഇസ്‌ലാമിലുണ്ട്. വിവരമില്ലാത്ത ആളുകള്‍ ഇതിനെ നശിപ്പിക്കുന്നു എന്നേയുള്ളൂ.

ഇസ്‌ലാം വേറെയാണ്. വേറൊരു മതമാണ്. ഞാന്‍ ഹിന്ദുമതത്തിലാണ്. പക്ഷേ, ഞാനും ഖയ്യൂമും ഒന്നാണ്. ഇവ തമ്മില്‍ വൈകാരികമായി ഒരു ബന്ധമുണ്ടെന്നു സ്ഥാപിക്കേണ്ടത് എന്റെ ആവശ്യമാണ്. വേറെയാണ് എന്നതല്ല. ഹിന്ദുമതത്തിലും ധര്‍മം ക്ഷയിക്കുന്ന സമയത്ത് ഞാന്‍ പ്രത്യക്ഷപ്പെടുമെന്നു പറയുന്നുണ്ട്. പ്രവാചകപരമ്പരകളുടെ അതേ സാധനമാണ് അതില്‍ കിടക്കുന്നത്. തനിക്കുമുന്‍പു വന്ന എല്ലാ വേദങ്ങളെയും പ്രവാചകന്മാരെയും ആദരിക്കണമെന്ന് മുഹമ്മദ് നബി പറയുന്നുണ്ട്. ബുദ്ധിപരമായ ചിന്തകളൊക്കെ വളര്‍ത്തുന്നതിനു പിറകിലുള്ള ഹേതു വൈകാരികമായിരിക്കും. വികാരമാണു പലപ്പോഴും നമ്മെ ആ ചിന്തകളിലേക്ക്, സരണിയിലേക്ക് കൊണ്ടുപോകുന്നത്. എന്റെ വൈകാരികമായ ആവശ്യമാണ്, ഹിന്ദുവും മുസ്‌ലിമുമൊക്കെ ഒന്നായിട്ടു ജീവിക്കുന്ന ഒരു ലോകം എന്നത്. അപ്പോള്‍ അതു കണ്ടുപിടിക്കുക എന്നത് എന്റെ ധാര്‍മികമായ ദൗത്യമാണ്.

 

സാദിഖ്: ഇസ്‌ലാമിനെയാണെങ്കിലും ഹിന്ദുമതത്തെയാണെങ്കിലും കുറേക്കൂടി ലിബറലായി, വിശാലമായ തലത്തിലാണ് താങ്കള്‍ അവതരിപ്പിക്കുന്നത്.


രാമനുണ്ണി: ലിബറലാകുമ്പോഴേ മതങ്ങള്‍ ഉണ്ടായ കാലത്തെ അതിന്റെ ദൗത്യം നിറവേറ്റപ്പെടുന്നുള്ളൂ. എല്ലാ മതങ്ങള്‍ക്കും ജനാധിപത്യപരവും വിപ്ലവകരവുമായ ഘടകമുണ്ട്. നോക്കൂ, ക്രിസ്തുമതമുണ്ടാകുന്ന കാലത്ത് വളരെ വിപ്ലവകരമായാണ് യേശു പുതിയ കാര്യങ്ങള്‍ പറയുന്നത്. നബി പറഞ്ഞത് ഭയങ്കര റവല്യൂഷനായിരുന്നില്ലേ? കൃഷ്ണന്‍ റവല്യൂഷനായിരുന്നു അന്ന്. ശക്തിയുള്ളവന്റെ കൂടെയല്ല, നീതിയുടെ കൂടെ നില്‍ക്കുക, സ്ത്രീയുടെ അപമാനത്തിന്റെ കൂടെ നില്‍ക്കുക അതൊക്കെ റവല്യൂഷനായിരുന്നു. ആ റവല്യൂഷന്‍ എന്നു പറഞ്ഞാല്‍ ലിബറലാണ്. സ്ഥാപനവല്‍ക്കരിക്കുമ്പോഴാണ് ഇത് അടഞ്ഞടഞ്ഞു പോകുന്നത്.
മതത്തിന്റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ അതിനെ ലിബറലാക്കുകയാണു വേണ്ടത്. ലിബറലാക്കുക എന്നാല്‍ അരാജകമാക്കുക എന്നതല്ല അതിന്റെ അര്‍ഥം. അതിന്റെ ഏറ്റവും ജനാധിപത്യപരവും വിപ്ലവാത്മകവുമായ മാനങ്ങള്‍ ഇങ്ങനെ സൃഷ്ടിച്ചുകൊണ്ടിരിക്കണം എന്നാണ്. ഇതിനൊക്കെ മതത്തില്‍ തന്നെ ന്യായമുണ്ട്. അതു നമ്മള്‍ കാണാത്തതുകൊണ്ടാണ്. ഹിന്ദുമതത്തിലാണെങ്കില്‍ കാലത്തിനനുരിച്ചു കാര്യങ്ങളുണ്ടാകും. മാറ്റത്തെ സ്വീകരിക്കുന്നുണ്ട്. ഇസ്‌ലാമിലാണെങ്കില്‍ അതു വളരെ പ്രകടമായിട്ടാണ്. വേദഗ്രന്ഥങ്ങളുടെയൊക്കെ അര്‍ഥം വ്യാഖ്യാനിച്ചുതീരണമെങ്കില്‍ ഭൂലോകത്തുള്ള എല്ലാ ചെടികളുടെയും നീരുപയോഗിക്കണമെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം എന്താണ്? അനന്തമായ ലിബറലൈസേഷനാണ് അതിന്റെ അകത്ത്.

 

സാദിഖ്: താങ്കള്‍ ഇസ്‌ലാമിനെ ദാര്‍ശനികമായി പിന്തുണയ്ക്കുന്ന ആളാണ്. മതപരിവര്‍ത്തനത്തെ എങ്ങനെ കാണുന്നു?


രാമനുണ്ണി: ഒരു മനുഷ്യനു പലതരം ഐഡന്റിറ്റിയുണ്ട്. മനുഷ്യനാണ് എന്നതുകൊണ്ട് നിങ്ങള്‍ ഇന്ത്യക്കാരനല്ലാതാകുന്നില്ല. ഇന്ത്യക്കാരനാണ് എന്നതുകൊണ്ട് കേരളക്കാരന്‍ അല്ലാതാകുന്നില്ല. കേരളക്കാരനാണ് എന്നതുകൊണ്ട് പൊന്നാനിക്കാരന്‍ അല്ലാതാകുന്നില്ല. സൂക്ഷ്മമായ എല്ലാ ഐഡന്റിറ്റികളും മനുഷ്യനിലുണ്ട്. ഒന്നായിരിക്കുമ്പോള്‍ തന്നെ സാംസ്‌കാരിക വൈജാത്യങ്ങളുമുണ്ട്. ഇതാണു ശരിയായ ഡെമോക്രസി. ഭാഗ്യവശാല്‍ മതങ്ങളിലൊക്കെ അങ്ങനെയാണു പറഞ്ഞിട്ടുള്ളത്.
ഇസ്‌ലാമിനെ ദാര്‍ശനികമായി പിന്തുണക്കുന്നത്, ഇവിടുത്തെ സെക്കുലറിസ്റ്റുകള്‍ പറയുന്നതുപോലെ ഗള്‍ഫ് പത്തിരി തിന്നാനോ മുസ്‌ലിംകളെ പ്രീണിപ്പിക്കാനോ അല്ല. നല്ല കാര്യങ്ങള്‍ അതിലുള്ളതു കൊണ്ടാണ്. നിങ്ങള്‍ ഒരു സ്ത്രീയില്‍നിന്നും ഒരു പുരുഷനില്‍നിന്നും സൃഷ്ടിക്കപ്പെട്ടവരാണ്. അതേസമയം, നിങ്ങളെ തിരിച്ചറിയാന്‍ വേണ്ടി വ്യത്യസ്ത വര്‍ഗങ്ങളും ഗോത്രങ്ങളുമായി തിരിച്ചിരിക്കുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. വലിയൊരു കാര്യമാണത്. മനുഷ്യന്റെ ഏകത്വം. അതേസമയം അവന്റെ വ്യത്യസ്തമായ ഐഡന്റിറ്റി, ബഹുസ്വരതയെ അംഗീകരിക്കുന്നു. അതേസമയം തനിമാവാദിയാകാന്‍ അനുവദിക്കുന്നുമില്ല. ഇതാണ് കറക്ടായ കാഴ്ചപ്പാട്. ഇതുവച്ചു നോക്കുമ്പോള്‍ ഇസ്‌ലാം അറേബ്യയില്‍ ഉത്ഭവിച്ചതാണെങ്കിലും അതു വളര്‍ന്നത് ഓരോ രാജ്യത്തിന്റെയും സാംസ്‌കാരിക പൈതൃകങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്. ഓരോ നാട്ടാചാരങ്ങളും ദൈവദത്തമായി സ്വീകരിക്കണമെന്നാണ് നബി പറഞ്ഞിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇവിടത്തെ ഇസ്‌ലാം എന്നു പറയുന്നത്, ഇവിടത്തെ മണ്ണിന്റെ മണമുള്ള ഇസ്‌ലാമാണ്. ഇവിടത്ത കള്‍ച്ചറല്‍ ആയിട്ടുള്ള കാര്യങ്ങള്‍ സ്വീകരിക്കുന്നത് ഇസ്‌ലാമികമായിട്ടു തെറ്റല്ല. ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാകരുത് എന്നാണു പറയുന്നത്. അടിസ്ഥാനതത്വം മനുഷ്യന്‍ ഏകനാണ് എന്നതാണ്.
കാര്‍ത്തി ഇവിടുത്തെ സംസ്‌കാരത്തെ സ്വീകരിക്കുകയാണു ചെയ്യുന്നത്. അതു കളയുന്നില്ല. അവറു മുസ്‌ലിയാര്‍ ചോദിക്കുന്നു, നിനക്ക് ആരാധിക്കാന്‍ സര്‍വശക്തനായ അല്ലാഹുവിനെ ഞാന്‍ പരിചയപ്പെടുത്തി തന്നില്ലേ, പിന്നെ എന്തിനാണ് ഈ മച്ചിലമ്മയെന്ന്. അത് ആരാധിക്കാനല്ല, ഓര്‍മിക്കാനാണ് എന്നാണ് കാര്‍ത്തിയുടെ മറുപടി. എന്റെ ഉമ്മയാണ് അവിടെ ഇരിക്കുന്നതെന്നാണ് കാര്‍ത്തി പറയുന്നത്. അതിന്റെ അര്‍ഥം ആരാധിക്കണമെന്നല്ല, എന്റെ കള്‍ച്ചറിനെ എനിക്കു സൂക്ഷിക്കണമെന്നാണ്. അതു സൂക്ഷിക്കാന്‍ ഇസ്‌ലാമില്‍ അനുവാദവുമുണ്ട്. നമ്മുടെ സാംസ്‌കാരികസ്വത്വം റിയാലിറ്റിയാണ്. അതു തള്ളേണ്ട കാര്യമില്ല. മാധവിക്കുട്ടി വര്‍ഷങ്ങള്‍ക്കുശേഷം പറയുന്നത്, കാര്‍ത്തിയുടെ അതേ വാക്കുകളാണ്. ഞാനെന്റെ കൃഷ്ണനെയും കൊണ്ടാണ് ഇസ്‌ലാമിലേക്കു വന്നതെന്ന്.

 

സാദിഖ്: ഭരണഘടന പോലും കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത ഒരു സങ്കല്‍പമാണ് സെക്കുലറിസം. താങ്കളുടെ കൃതികളിലും പ്രഭാഷണങ്ങളിലുമൊക്കെ സെക്കുലറിസത്തെ വേറിട്ട കാഴ്ചപ്പാടിലൂടെയാണു അവതരിപ്പിക്കുന്നത്. 'പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്‌ലിംകളോടും ഒരു വിശ്വാസി' എന്ന തലക്കെട്ടില്‍ ഈയിടെ എഴുതിയ ലേഖനപരമ്പരയില്‍ ഇതു വ്യക്തമാണ്. എന്താണ് താങ്കളുടെ കാഴ്ചപ്പാടില്‍ സെക്കുലറിസം?


രാമനുണ്ണി: സെക്കുലറിസം ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടില്ലെങ്കിലും അതിന്റെ ടോട്ടാലിറ്റിയില്‍ ഒരു സെക്കുലറിസമുണ്ട്. അതു മതസഹിതമായ മതേതരത്വമാണ്. മതരഹിതമായ മതേതരത്വമല്ല. ഓരോരുത്തര്‍ക്കും ഏതു മതത്തില്‍ വിശ്വസിക്കാനും അതു പരിപോഷിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മതസഹിതമായ മതേതരത്വമുണ്ടാകാന്‍ പ്രധാനമായുമുള്ള കാരണം ഗാന്ധിയുടെ സാന്നിധ്യമാണ്. സഹസ്രാബ്ദങ്ങളായുള്ള ഭാരതത്തിന്റെ പൈതൃകത്തിന്റെ സാന്നിധ്യമാണ്. എന്തൊക്കെ മോശമാണെന്നു പറഞ്ഞാലും ഭാരതീയപൈതൃകത്തില്‍ സുവര്‍ണമായ ഒരു സംഗതി കിടക്കുന്നുണ്ട്. അതില്‍ കുറേ നന്മകളുണ്ട്. വിവേകാനന്ദനൊക്കെ പറഞ്ഞത്, എല്ലാ മതങ്ങളുടെയും മാതാവാണ് ഹിന്ദുമതം എന്നാണ്. എല്ലാ മതങ്ങളെയും വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പൈതൃകമുണ്ട്. അതാണു മതസഹിതമായ മതേതരത്വം എന്നു പറയുന്നത്.
അതേസമയം ഫ്രാന്‍സില്‍ അതല്ല. അവിടെ മതനിരപേക്ഷത മതവിരുദ്ധമാണ്. മതത്തെ അകറ്റിനിര്‍ത്തുന്ന മതേതരത്വമാണ്. അവരുടെ കോണ്‍സെപ്റ്റ് തന്നെ വ്യത്യസ്തമാണ്. രാഷ്ട്രപിതാവ് ഗാന്ധിജി പറഞ്ഞത്, മതരഹിതമായ ഭരണകൂടം നരകത്തെക്കാള്‍ ഭയാനകം എന്നാണ്. എന്താണ് ഇതിനര്‍ഥം? എന്താണ് ഗാന്ധിജി പറഞ്ഞ മതം? അത് ട്യേെലാ ീള ്മഹൗല െഒരു ആണ്. അതില്ലാത്ത ഒരു ഭരണകൂടം എന്നു പറയുന്നത് നരകത്തെക്കാള്‍ കഷ്ടമാണെന്നാണ് ഗാന്ധിജി പറഞ്ഞത്.

 

സാദിഖ്: എന്നാല്‍ ഇന്നു മതങ്ങള്‍ തിന്മകളുടെയും അക്രമങ്ങളുടെയും ഉറവിടമാകുന്ന കാഴ്ചയാണു കാണുന്നത്. അതെങ്ങനെ സംഭവിക്കുന്നു?


രാമനുണ്ണി: മതങ്ങളുടെ സ്ഥാപനവല്‍ക്കരമാണ് അതിനൊരു കാരണം. രണ്ടു തരത്തിലാണതു സംഭവിക്കുന്നത്. ഒന്നാമത്, ഓരോ മതങ്ങളും അവയുടെ ആവിര്‍ഭാവസമയത്ത് വളരെ ജനാധിപത്യപരവും വിപ്ലവകരവുമായാണു വന്നത്. പിന്നീട് സ്ഥാപനവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കേടുവന്നു. അതാണ് അതിന്റെ പ്രധാനമായിട്ടുള്ളൊരു കാര്യം. പാശ്ചാത്യ മുഖ്യധാരാ ചിന്താഗതികള്‍ എല്ലാറ്റിനെയും പദാര്‍ഥവാദപരമായി കാണുന്നുണ്ട്. മതത്തിന്റെ മൂല്യങ്ങളൊക്കെ നഷ്ടപ്പെടുത്തി അതിനെ പ്രയോജനവാദപരമാക്കി മാറ്റുകയാണ്. സാമുദായികതയല്ല അതിന്റെ പിന്നില്‍. ഇസ്‌ലാം സാമുദായികതയ്ക്കു വിരുദ്ധമായ മതമാണ്. ഗോത്രീയതക്കെതിരായാണ് ഇസ്‌ലാം വരുന്നത്. ഹേ ജനങ്ങളെ എന്നാണല്ലോ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്. ഹേ മുസ്‌ലിംകളേ എന്നല്ല. ഇസ്‌ലാമിനെ സാമുദായികതയിലേക്കു മാറ്റുന്നത് പാര്‍ട്ടികളാണ്. സാമുദായികമാക്കി മാറ്റുമ്പോള്‍ നമ്മുടെ സാധനമായി മാറുകയാണ്. നമ്മളും നിങ്ങളുമായി മാറുന്നു. ചുരുങ്ങിച്ചുരുങ്ങി ഗോത്രീയതയായി മാറുന്നു.

 

സാദിഖ്: 'സൂഫി പറഞ്ഞ കഥ'യില്‍ കാര്‍ത്തി മതം മാറുന്നുണ്ട്. 'ജീവിതത്തിന്റെ പുസ്തകത്തി'ലെത്തുമ്പോള്‍ സുബൈദ മതം മാറാതെ തന്നെ ഗോവിന്ദ വര്‍മ രാജയെ വിവാഹം കഴിക്കുകയാണ്. സുബൈദയെ ആ രീതിയില്‍ നിലനിര്‍ത്തിയത് എന്തുകൊണ്ടാണ്?


രാമനുണ്ണി: സുബൈദ നബിയെ അത്രയേറെ സ്‌നേഹിക്കുന്നുണ്ട്. സിനിമാ നടിയായിരിക്കുമ്പോള്‍ സുബൈദ ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ കൈവിടുന്നില്ല. തന്റെ കണ്ണിനോടും കാതിനോടുമൊക്കെ അഭിനയിക്കാന്‍ പറഞ്ഞിട്ട്, താന്‍ ഉള്ളില്‍ ജീര്‍ണതകളില്‍നിന്നു വിട്ടുനില്‍ക്കുന്ന ഒരു സ്വഭാവമാണ്. ഇസ്‌ലാം എന്ന വളരെ ലിബറേറ്റഡ് ആയ മൂല്യത്തിന്റെ അടിസ്ഥാനഘടകമാണത്. ഹിന്ദുമതത്തിലുള്ള ഒരാള്‍ കൂടി ഏകദൈവത്വത്തില്‍ വിശ്വസിക്കണമെന്നാണ് ഇതിന്റെ ഒരു തത്വം. ആ വിഭാഗത്തില്‍പെട്ട ഒരാളെ കല്യാണം കഴിക്കുക എന്നു പറയുന്നത് ഏറ്റവും ലിബറല്‍ ആയ സംഗതിയാണ്.

 

സാദിഖ്: താങ്കളുടെ കൃതികളിലെ ലൈംഗികത വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതേ കാരണത്താല്‍ സ്‌കൂള്‍ ലൈബ്രറിയില്‍ 'ജീവിതത്തിന്റെ പുസ്തകത്തി'നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ലേ? പല കൃതികളിലും സ്വവര്‍ഗരതിയെ ഒക്കെ വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണത്തോടെ അവതരിപ്പിക്കുന്നുണ്ട്.


രാമനുണ്ണി: എന്റെ കൃതികളിലെ ലൈംഗിക ചിത്രീകരണങ്ങള്‍ പൊളിറ്റിക്കല്‍ ആക്ടാണ്. ബി. രാജീവന്‍ പറഞ്ഞല്ലോ, മലയാളത്തില്‍ ഈ രീതിയിലുള്ള ലൈംഗിക ചിത്രീകരണം ഒരു കൃതിയിലും വന്നിട്ടില്ലെന്ന്. ഓരോന്നിനും പ്രത്യേകമായ രാഷ്ട്രീയദൗത്യമുണ്ടെന്ന് അദ്ദേഹം വിലയിരുത്തുകയുണ്ടായി. 'പൊഖ്‌റാന്‍' എന്ന കഥയില്‍ പ്രതിഷേധത്തിന്റെ ലൈംഗികതയാണ് ആവിഷ്‌കരിക്കുന്നത്. എനിക്കു ലൈംഗികത ഒരു ടാബു അല്ല. ലൈംഗികത ഒരു അസ്പൃശ്യമാണ്, പാപമാണ് എന്ന ചിന്ത എനിക്കു ജന്മസിദ്ധമായേ ഇല്ല. ഒരു ഹിന്ദുവിനോ മുസ്‌ലിമിനോ അങ്ങനെയാകേണ്ട കാര്യമില്ല. ഹിന്ദുമതത്തില്‍ ലൈംഗികത വളരെ ഉദാത്തമാണ്. ഇസ്‌ലാമിലും ലൈംഗികത പാപമല്ല. െൈലംഗികതയ്ക്കു ചില ചിട്ടവട്ടങ്ങള്‍ വേണം. തോന്നിയ മാതിരി റോട്ടില്‍ കിടന്നു പറ്റില്ല. 'ജീവിതത്തിന്റെ പുസ്തകത്തി'ന് സ്‌കൂള്‍ ലൈബ്രറിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതു ശരിയാണ്. അത് ആരോ ഒറ്റുകൊടുത്തതിന്റെ പേരില്‍ സംഭവിച്ചതാണ്.

 

സാദിഖ്: താങ്കളുടെ കൃതികളില്‍ വ്യത്യസ്തമായ ഭാഷ ഉപയോഗിക്കുന്നുണ്ട്. ഒരുപാടു വാക്കുകള്‍ സ്വന്തമായി കോയിന്‍ ചെയ്യുന്നുണ്ട്. അതിനു ഭാഷയില്‍ അക്കാദമിക സമൂഹത്തില്‍നിന്നോ വായനക്കാരില്‍നിന്നോ അംഗീകാരം ലഭിച്ചിട്ടുണ്ടോ?


രാമനുണ്ണി: ബി. രാജീവനെപ്പോലുള്ള നിരൂപകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കാദമിക സമൂഹവും ഇതു ശ്രദ്ധിച്ചിട്ടുണ്ട്. മീഡിയ പക്ഷേ ഇക്കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ വേദനയുണ്ട്. എനിക്കു പ്രണയം പോലെ, അല്ലെങ്കില്‍ ഭ്രാന്തിന്റെ അംശം പോലെയാണ് എഴുത്ത് വരുന്നത്. ഭാഷയോ വാക്കോ ഒന്നും ആലോചിക്കാറില്ല. കാമിനിയുമായി രതിയില്‍ ഏര്‍പ്പെടുമ്പോള്‍ നമ്മള്‍ ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്നില്ലല്ലോ. സ്വാഭാവികമായി അങ്ങു സംഭവിക്കുകയല്ലേ. അതുപോലെയാണ് എഴുത്തിലും.

 

സാദിഖ്: അസഹിഷ്ണുത എഴുത്തുകാരുടെ ജീവന്‍ വരെ എടുക്കുന്ന കാലമാണിത്. താങ്കളുടെ കാര്യത്തില്‍ തന്നെ മതതീവ്രവാദികളുടെ ഭീഷണി വലിയ വാര്‍ത്തയായി. എങ്ങനെയാണ് ജീവിതത്തിലും എഴുത്തിലും ഇത്ര ധീരമായി നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നത്?


രാമനുണ്ണി: എഴുതുന്ന സമയത്ത് അതിന്റെ ഫലങ്ങളെ കുറിച്ചു ഞാന്‍ ചിന്തിക്കാറില്ല. ഒരു കഥ വന്നാല്‍ എങ്ങനെ സ്വീകരിക്കപ്പെടും, അതു തെറ്റിദ്ധരിക്കപ്പെടുമോ എന്നതൊന്നും എന്റെ മനസിലേ വരില്ല. ഇന്നത്തെ കാലത്തിന് അനുയോജ്യമല്ലാത്ത ചില സ്വഭാവവിശേഷങ്ങള്‍ എനിക്കുണ്ട്. വേണമെങ്കില്‍ പൊട്ടത്തരമെന്നൊക്കെ പറയാം. അത് ക്രിയേറ്റിവായി ഗുണം ചെയ്യും. അതേസമയം, മിടുക്ക് നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് ഒരുപാടു പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ പേരില്‍ പുരസ്‌കാരങ്ങളൊന്നും കിട്ടാതായിപ്പോയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago