കുറെയേറെ ഉത്തരങ്ങളുടെ ചോദ്യങ്ങള്‍
കവിതയ്ക്ക് എന്താണു സംഭവിക്കുന്നതെന്നു കവിതയെ സ്‌നേഹിക്കുന്നവര്‍ ആലോചിക്കണം, നമ്മുടെ കവിതയില്‍നിന്നു സവിശേഷമായ പറച്ചില്‍രീതി ചോര്‍ന്നു പോവുകയാണ്, അതിനെ മറികടക്കാനുള്ള സമീപനങ്ങള്‍ സാഹിത്യരംഗത്തെ ഉത്തരവാദപ്പെട്ടവരില്‍നിന്ന് ഉണ്ടാകണം എന്നെല്ലാം കവി പ്രഭാവര്‍മ പത്മപ്രഭാ പുരസ്‌കാരം സ്വീകരിച്ചു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നു. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും രൂപപ്പെടുകയും രണ്ടായിരത്തിന്റെ ആദ്യ ദശകങ്ങളില്‍ കരുത്താര്‍ജിക്കുകയും ചെയ്ത പുതുകവിത ഇന്നു രചനയുടെയും ആസ്വാദനത്തിന്റെയും കാര്യത്തില്‍ വലിയ ഇടം തന്നെ നേടിയെടുത്തിട്ടുണ്ട്. ബൃഹദാഖ്യാനങ്ങളുടെ നടുത്തളങ്ങളില്‍നിന്നു കവിത ചെറിയ ഉഴവുചാലുകളിലേക്കും മാളങ്ങളിലേക്കും മടങ്ങുകയും ചെറിയ ജീവിതങ്ങളെയും ഒച്ചകളെയും പിടിച്ചടക്കുകയും ചെയ്തിട്ടും മലയാളത്തില്‍ കവിതയില്ലാതായിക്കൊണ്ടിരിക്കുന്നു എന്ന പരാതികളിലൊന്നാണിത്.
അന്തിയുണ്ട്, പഴങ്ങള്‍ തന്‍ മാംസം/ മന്ദം മന്ദം നുണഞ്ഞതിന്‍ ശേഷം/ നാലും കൂട്ടി മുറുക്കിയമ്പത്തില്‍/ മേളം കൂട്ടി ഞാന്‍ മേടയില്‍ വാഴ്‌കെ
വാസരത്തൊഴിലാളികള്‍ വന്നു/ വാതിലില്‍ ദൃഢം മുട്ടിയെന്നാലും/ മെത്ത കൈവിടാതെന്‍ ഹൃദയത്തില്‍/ നിദ്രചെയ്‌തൊരക്കാവ്യ സങ്കല്‍പം
എന്നു വൈലോപ്പിള്ളി പറഞ്ഞ മട്ടില്‍ കാവ്യസങ്കല്‍പം ചെയ്യുന്നവരുടെ കണ്ണില്‍ തെളിയാത്ത വെളിച്ചമായേ പുതുകവിതയെ കാണേണ്ടതുള്ളൂ. മലയാളിയുടെ വായനയെയും സൗന്ദര്യാഭിരുചികളെയും ചരിത്രബോധത്തെയും പുതുക്കിപ്പണിയുന്നുണ്ട് ഇക്കവിത. 'തീരേ ചെറിയ ഇനം ചില ഒച്ചകള്‍' എന്ന കവിത എഴുതിയ വീരാന്‍കുട്ടിയുടെ 'ദളിതം' എന്ന കവിത കാണുക:
കാരീയം ഉരുക്കി ഒഴിക്കും മുമ്പ്/ കാതില്‍ പെട്ടുപോയ/ ചില പാവം വാക്കുകള്‍ കാണും/ മന്ത്രങ്ങളല്ലാത്തവ/ തുരങ്കത്തില്‍പെട്ടതു പോലെ/ ആദ്യമൊക്കെ അവ/ ഉറക്കെ നിലവിളിച്ചിരക്കും/ പുറത്തേക്കുള്ള വഴി തിരഞ്ഞ്/ ഓടിയോടി /തമ്മില്‍ തടഞ്ഞ്/ വീണിട്ടുണ്ടാകും/ പിടഞ്ഞെഴുന്നേറ്റ്/ പിന്നെയും ഓട്ടം തുടര്‍ന്നിരിക്കണം/ പിന്നെപ്പിന്നെ/ ഒളിച്ചേ കണ്ടേ കളിയിലെ/ കുട്ടികളുടെതു പോലെ/ സ്വാഭാവികമായിത്തീര്‍ന്നിട്ടുണ്ടാകും ഓട്ടം/ നാടോടി നര്‍ത്തകരുടെ/ ഒഴുകുന്ന ചുവടുകളായി/ അത് രൂപാന്തരപ്പെട്ടിരിക്കും/ ഓടുന്നതിനിടയില്‍/ ആകസ്മികമായി/ വാക്കുകള്‍/ ചില ക്രമങ്ങളില്‍ വരുന്നുണ്ടാകും/ ചിലപ്പോള്‍ തെറിയുടെ/ അല്ലെങ്കില്‍ പ്രാര്‍ഥനയുടെ/ ഒരുനാള്‍ അവ/ കവിതയുടെ ക്രമത്തിലും/ വരാതിരിക്കില്ല/ അന്ന് അകത്തേ മുഴക്കം/ താങ്ങുമോ ലോഹവാതില്‍? കാതു പിളര്‍ന്നെത്തും/ പുതുഭാഷയില്‍/ തിരുത്തി എഴുതപ്പെടും/ അപ്പോള്‍ മുതല്‍ ലോകം
വരേണ്യവാദം കാരീയമൊഴുക്കി അടച്ചുവച്ച വാക്കുകള്‍ കവിതയുടെ ക്രമത്തില്‍ പുറത്തുവരുന്നതിനെ ലോഹവാതിലുകള്‍ക്ക് ഇപ്പോഴും താങ്ങാന്‍ കഴിയുന്നില്ല എന്നാണു പുതുകവിതയെക്കുറിച്ചുള്ള പരാതിപ്പറച്ചിലുകള്‍ കാണിക്കുന്നത്. പക്ഷേ, കവി പ്രതീക്ഷിക്കുന്നതുപോലെ കാതു പിളര്‍ന്നെത്തുന്ന പുതുഭാഷയില്‍ ലോകം തിരുത്തിയെഴുതപ്പെടുന്നതിന്റെ വ്യാകരണപ്പിഴവുകള്‍ ഇക്കവിത വേണ്ടുവോളം കാണിച്ചുതരുന്നു.
പുതുകവിതയുടെ ചില ലക്ഷണങ്ങള്‍ സച്ചിദാനന്ദന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു:
രൂപപരമായ സ്വാഛന്ദ്യം, വൈയക്തികാനുഭവങ്ങളിലുള്ള ഊന്നല്‍, മൗലികമായ ബിംബാത്മകത, ഐറണി തുടങ്ങിയവ കാണാന്‍ കഴിയുന്നു. സ്വാനുഭവസീമക്കപ്പുറമുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുകയില്ലെന്ന നിഷ്ഠ, ലളിതമായ ദൈനംദിന സംഭവങ്ങളെയും സൂക്ഷ്മാനുഭൂതികളെയും നിരീക്ഷണങ്ങളെയും കവിതയ്ക്കു പ്രമേയമാക്കുന്നതിനുള്ള ശ്രമം, എല്ലാത്തരം വന്‍ രാഷ്ട്രീയ പ്രമാണങ്ങളിലും പ്രയോഗങ്ങളിലുമുള്ള അവിശ്വാസം, വ്യത്യാസങ്ങളിലുള്ള ഊന്നല്‍, വാഗ്ധൂര്‍ത്തൊഴിവാക്കുന്നതിലുള്ള ശ്രദ്ധ, കറുത്ത നര്‍മം, ദലിതനുഭവങ്ങളുടെ ആവിഷ്‌കാരം, കവിതയെ ജനാധിപത്യവത്ക്കരിക്കാനും ബഹുസ്വരവിചിത്രമാക്കാനുമുള്ള ശ്രമങ്ങള്‍ എന്നിവ പുതിയ കവിതകളുടെ പ്രത്യേകതകളാണ്.
കഴിഞ്ഞ വര്‍ഷം വായിച്ച എസ്. ജോസഫിന്റെ 'മഞ്ഞ പറന്നാല്‍', പി. രാമന്റെ 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് ', എം.ബി മനോജിന്റെ 'പാവേ, പാവേ പോകവേണ്ട' എന്നീ കവിതാസമാഹാരങ്ങളുടെ വായനയാണ് ഈ കുറിപ്പ്.
'കറുത്ത കല്ല് ' എന്ന ഒന്നാമത്തെ സമാഹാരം മുതല്‍ നമ്മുടെ കവിതയുടെ വഴിയില്‍നിന്നു മാറിനടക്കുന്ന കവിയാണ് എസ്. ജോസഫ്. മലയാളിക്ക് ഒട്ടും പരിചയമില്ലാത്ത സ്ഥലവും കാലവും സംഭ്രമിപ്പിക്കുന്ന രീതി ഇക്കവിതയിലുണ്ട്. കല്ലിന്റെയും പുല്ലിന്റെയും കീരിയുടെയും ഉടുമ്പിന്റെയും ഉപ്പന്റെയും ഭാഷയിലാണ് ജോസഫ് സംസാരിക്കുന്നത്. ''അടിസ്ഥാനപരമായി നമുക്ക് തകര്‍ക്കേണ്ടതു സ്ഥൂലസ്വത്വത്തില്‍നിന്നു സൂക്ഷ്മത്തെ വെട്ടിക്കളയുന്ന പരിപാടിയെയാണ്. ചെറുതിനെ, പ്രാദേശികതയെ നിലനിര്‍ത്തുകയാണ് ഇതിന്റെ വഴി'' എന്ന് ജോസഫ് ഇതിനെ വിശദമാക്കുന്നുണ്ട്.
പറമ്പുകളിലേക്ക് കേറി വളഞ്ഞു കിടക്കുന്ന/ പാടങ്ങളില്‍ നിന്ന് ഒട്ടലു കൊണ്ടു വരുന്നു
ഇരുട്ടു കൂടിയ കുളങ്ങള്‍ക്കു മേലേ നിന്നു,/ തോടിന്റെ തിട്ടകളില്‍ നിന്ന്
ജോസഫിന്റെ 'കൊട്ട' എന്ന ആദ്യകാല കവിതയുടെ തുടക്കമാണിത്. പറമ്പുകളിലേക്കു കേറി വളഞ്ഞുകിടക്കുന്ന പാടങ്ങളും തോടിന്റെ തിട്ടകളും നമ്മുടെ എത്ര അടുത്തുണ്ടായിരുന്നോ, അത്രയും നമ്മുടെ കവിതയില്‍ നിന്നകലത്തായിരുന്നു. അതു തിരിച്ചറിയുന്നതും തിരിച്ചുപിടിക്കുന്നതുമാണ് അദ്ദേഹത്തിന്റെ കവിത.
പാടാനറിയില്ലെങ്കിലും പാട്ട് ഉള്ളിലുള്ളവരുണ്ട്/ വരയ്ക്കാനറിയാത്ത ഒരാള്‍ സ്വയമൊരു ചിത്രമാകാം
ശരിക്കുള്ള ശില്പികള്‍ ആശാരി,/ തട്ടാന്‍, കൊല്ലന്‍, മേസ്തിരി/ എന്നിവരൊക്കെയാണെന്ന് തോന്നാറുണ്ട്്
കുശവന്റെ കലം ഗ്യാലറിയില്‍ വച്ചാല്‍ രസകരമായിരിക്കും/ ഈ ജീവിതത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട വീട് ഒരു ഓലവീടാണ്
അതിന്റെയുള്ളില്‍ പ്രത്യേക സുഖമുണ്ടായിരുന്നു/ അതിന്റെ മണ്‍ഭിത്തികള്‍ മണ്ണിലേക്ക് മടങ്ങി
മരച്ചോടുകള്‍, തൊണ്ടുകള്‍, പാടത്തെ ഒറ്റയടിപ്പാതകള്‍/ എനിക്ക് ഇഷ്ടപ്പെട്ടവ
ഇന്ന് നിശബ്ദമായ പാറക്കെട്ടുകള്‍ക്കുള്ളില്‍ ഒരു ഉടമ്പായി/ ഞാന്‍ പാര്‍ക്കുന്നുണ്ട്
'പാടാനറിയില്ലെങ്കിലും' എന്ന 'മഞ്ഞ പറന്നാല്‍' സമാഹാരത്തിലെ കവിത ജോസഫിന്റെ കവിതയുടെ മാനിഫെസ്റ്റോയാണ്. ശരിക്കുള്ള ശില്‍പി ആശാരിയാണെന്നും ഇഷ്ടപ്പെട്ട വീട് ഓലവീടാണെന്നും ഉള്ള തിരിച്ചറിവിനെക്കാള്‍ പ്രധാനമാണ് അതു പറയാനുപയോഗിക്കുന്ന ലളിതമായ വാക്കുകള്‍. ഓലവീടു പോലെ ആ വാക്കുകള്‍ക്ക് ഒരു സുഖമുണ്ട്.
നിശബ്ദതയോടടുത്തതാണ് പി. രാമന്റെ വാക്കുകള്‍. ''മൂന്നോ നാലോ വരികള്‍. അമൂര്‍ത്തമായ വാങ്മയം'' എന്നിങ്ങനെ പി.പി രാമചന്ദ്രന്‍ ഈ കവിതകളെ വിവരിക്കുന്നു. 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് ' എന്ന സമാഹാരത്തിലെ 'ഒരു പൊടിക്കവിത' എന്ന കവിത രാമന്റെ കാവ്യജീവിതത്തെ നന്നായി കാണിക്കുന്നുണ്ട്്:
ഏറ്റവുമധികം/ പൊടി പറ്റിപ്പിടിക്കുന്നത്/ ഏതു വസ്തുവിന്‍മേലാണ് എന്നറിയാന്‍
ഞാനൊരു പരീക്ഷണം തുടങ്ങി/ ജനലും വാതിലും/ തുറന്നുമടച്ചും പരീക്ഷിച്ചു.
വെളിച്ചം തെളിച്ചും കെടുത്തിയും/ പരീക്ഷിച്ചു/ യാത്ര ചെയ്തു
എല്ലാവരെയും തുറിച്ചു നോക്കി/ ഓരോന്നിന്മേലും പറ്റിപ്പിടിച്ച പൊടി
ഓരോ കവിതയിലായി/ ശേഖരിച്ചു വരികയാണ്.
സൂക്ഷിച്ചാണ് രാമന്‍ കവിത പെറുക്കിയെടുക്കുന്നത്. 'രാത്രിയാവുമ്പോള്‍, തീവണ്ടിജനലിലൂടെ' എന്ന കവിത വായിക്കുക.
ഭൂമി ഇരുളിലാഴും മുന്‍പുള്ള/ അവസാനവെളിച്ചം/ വീണു കിടക്കുന്നത് വെള്ളക്കെട്ടുകളില്‍ മാത്രം.
അവസാന തുള്ളിവെളിച്ചവും അരിച്ചെടുക്കുന്ന കാഴ്ചയും ജാഗ്രതയുമാണ് രാമന്റെ കവിത.
ദലിത് അതിജീവനത്തിന്റെ ആഴവും ഭൂപടവും അനുഭവിപ്പിക്കുന്ന കവിതയാണ് എം.ബി മനോജിന്റേത്. കടമ്മനിട്ടയും മറ്റും മുകളിലേക്കു പരത്തിയിട്ട മുഴക്കങ്ങളെ മനോജ് പിടിച്ചെടുക്കുന്നു. അദ്ദേഹത്തിന്റെ നാലാമത്തെ സമാഹാരമാണ് 'പാവേ, പാവേ പോകവേണ്ട'.
തിക്കിത്തിരക്കും തെരുവില്‍/ കാല്‍നടക്കാര്‍ പോകും ഇടുക്കില്‍/ വിക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന നാടന്‍ പച്ചമരുന്നാണെന്റെ ഭാഷ
എന്ന് 'എന്റെ ഭാഷ' എന്ന കവിതയില്‍ കവി കാവ്യഭാഷയെ കണ്ടെത്തുന്നു. അതിന്റെ വീര്യവും ചൂരും പ്രകടിപ്പിക്കുന്നു.
'അപ്പോള്‍ ആത്മഹത്യ ഏത് ഉത്തരത്തിന്റെ ചോദ്യമാണ് ' എന്ന കവിതയില്‍ ഭരണകൂടയുക്തികളെ വിചാരണ ചെയ്യുകയും രോഹിത് വെമുല ഉയര്‍ത്തിവിട്ട ചോദ്യങ്ങളെ ഏറ്റെടുക്കുകയുമാണ് കവി.
അപ്പോള്‍/ ആത്മഹത്യ/ ഏത് ഉത്തരത്തിന്റെ ചോദ്യമാണ്/ ഒന്നും നടന്നിട്ടില്ലെന്നേ
ഒന്നും സംഭവിച്ചിട്ടില്ല/ ആരെയും ഇറക്കി വിട്ടിട്ടില്ല/ ജനപ്രതിനിധികള്‍ കത്തയച്ചിട്ടില്ല
ആരെയും ചുടുകാട്ടില്‍ കത്തിച്ചിട്ടില്ല/ ആ സര്‍വകലാശാല തന്നെയില്ല
എല്ലാം നിങ്ങളുടെ തോന്നലുകള്‍/ തോന്നലുകള്‍/ സര്‍വം മായ ഭ്രമം മായ.
കുറെയേറെ ഉത്തരങ്ങളുടെ ചോദ്യങ്ങളായി പുതുകവിത മാറിക്കൊണ്ടിരിക്കുന്നു. കടുത്ത രാഷ്ട്രീയവും പക്ഷപാതിത്തവും അതിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."