കടലില്‍ എണ്ണചോര്‍ന്നത് പാരിസ്ഥിതിക പ്രതിസന്ധിക്കിടയാക്കുന്നു
ചെന്നൈ: എന്നൂര്‍ മേഖലയില്‍ കടലില്‍ എണ്ണ പടരുന്നത് മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക് മാത്രമല്ല, ജൈവ വൈവിധ്യങ്ങള്‍ക്കും വലിയ വെല്ലുവിളിയാകുന്നു. ഇക്കാര്യത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച് ഗൗരവമാര്‍ന്ന ചര്‍ച്ചകളാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ട് എണ്ണ ടാങ്കറുകള്‍ കടലില്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് എണ്ണ പടരാന്‍ ഇടയാക്കിയത്. ഇതുവഴി എണ്ണ മലിനീകരണം ഗുരുതരമായ പ്രശ്‌നമായി ഉയര്‍ന്നതായിട്ടാണ് വിലയിരുത്തുന്നത്. പ്രശ്‌നം ഗുരുതരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ഷിപ്പിങ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഒരു ടണ്‍ എണ്ണയാണ് കപ്പലുകള്‍ കൂട്ടിയിടിച്ചതുവഴി കടലില്‍ പടര്‍ന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ പിന്നീട് തിരുത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു. അതേസമയം കോസ്റ്റ് ഗാര്‍ഡിന്റെ അഭിപ്രായത്തില്‍ 20 ടണ്‍ എണ്ണയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പടര്‍ന്നതെന്നാണ്. ദേശീയ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് സെന്റര്‍ പറയുന്നത് 40 ടണ്ണോളം മാലിന്യം വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്നും ഇതില്‍ ഏതാണ്ട് 27 ടണ്‍ മാലിന്യം നീക്കം ചെയ്യാനുണ്ടെന്നും പറയുന്നു.
തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കാമരാജ് തുറമുഖ അധികൃതര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് വെളളത്തില്‍ നിന്ന് എണ്ണ മാലിന്യം നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."