ഇ. അഹമ്മദിന്റെ വിയോഗം: പ്രവാസ ലോകത്തുനിന്ന് അനുശോചന പ്രവാഹം
മനാമ: മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിനു വേണ്ടി കഴിഞ്ഞ ദിവസം പ്രവാസലോകത്തെങ്ങും പ്രാര്‍ഥനകളും അനുസ്മരണ ചടങ്ങുകളും നടന്നു. മുസ്‌ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സിയുടെയും മറ്റു പ്രവാസി സംഘടനകളുടെയും നേതൃത്വത്തിലാണു വിവിധ രാഷ്ട്രങ്ങളില്‍ മയ്യിത്ത് നിസ്‌കാരങ്ങളും അനുശോചന യോഗങ്ങളും നടന്നത്.
ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മനാമയിലെ ഫാറൂഖ് മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും നടന്നു. ഇന്നു രാത്രി എട്ടിന് മനാമ അല്‍ രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കെ.എം.സി.സി വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
ഇ. അഹമ്മദിനു വേണ്ടി മദ്‌റസകളില്‍ പ്രാര്‍ഥന നടത്തണമെന്ന സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാനമനുസരിച്ച് ഗള്‍ഫിലെ വിവിധ മദ്‌റസകളില്‍ പ്രത്യേക പ്രാര്‍ഥനാ സദസുകളും നടന്നു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയില്‍ നടന്ന പ്രാര്‍ഥനാ സദസിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. ജന. സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി എറവക്കാട്, ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ കളത്തില്‍ സംസാരിച്ചു.
മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍, ഒ.ഐ.സി.സി യൂത്ത് വിങ് , കണ്ണൂര്‍ ജില്ലാ പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു. നിര്യാണത്തില്‍ അനുശോചിച്ച് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ഇന്നു രാത്രി എട്ടിനു യോഗം ചേരുമെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ അറിയിച്ചു.
അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക് ബഹ്‌റൈന്‍ ചാപ്റ്റര്‍, ഐ.സി.എഫ്, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍, 'പ്രതിഭ', ആം ആദ്മി ബഹ്‌റൈന്‍ കൂട്ടായ്മ, ജെ.സി.സി ഗള്‍ഫ് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ഥനാ സദസുകളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."