കശ്മിര്‍: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ചിദംബരവും കപില്‍സിബലും
ന്യൂഡല്‍ഹി: കശ്മിരിലെ തീവ്രവാദം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കശ്മിരില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. തീവ്രവാദം നേരിടുന്നതില്‍ കേന്ദ്രത്തിന്റെ കഠിനവും സൈനികാധിപത്യവുമുള്ള സമീപനം സംസ്ഥാത്തെ കൂടുതല്‍ അശാന്തിയിലേക്കാണ് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കേന്ദ്രത്തിന്റെ വീഴ്ച്ചകളെ കണക്കുകള്‍ ഉദ്ധരിച്ചാണ് ചിദംബരം വിമര്‍ശിച്ചത്. കശ്മിരില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെയും ഭീകരരുടെ എണ്ണം 2014നെ അപേക്ഷിച്ച് 2017ല്‍ ഇരട്ടിയായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
2014ല്‍ 28 സാധാരണക്കാര്‍ കൊല്ലപ്പെട്ട സ്ഥാനത്ത് 2017ല്‍ 57 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 110ല്‍ നിന്ന് 218 ആയി. വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം 47ല്‍ നിന്ന് 83 ആയി വര്‍ധിച്ചു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനും മധ്യസ്ഥ ശ്രമത്തിനുമായി ദീനേശ്വര്‍ ശര്‍മയെ നിയോഗിച്ചതില്‍ വ്യത്യസ്ത താല്‍പര്യങ്ങളുണ്ടായതിനാല്‍ തീരുമാനം പരാജയമായിരുന്നു. ഗുജാറത്ത് തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായ കേവലം ഗിമ്മിക്ക് മാത്രമായിരുന്നു ഇതെന്ന് ചിദംബരം പറഞ്ഞു. കശ്മിരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം.
സര്‍ക്കാരിന്റെ കശ്മിര്‍ നയത്തില്‍ മാറ്റംവരുത്തണം. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങും എ.ബി വാജ്‌പോയും കശ്മിര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ എക്കാലത്തും പ്രശംസിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കശ്മിര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രംഗത്തെത്തി. സൈനികരും പൊലിസുകാരും ദിനംപ്രതി കൊല്ലപ്പെടുകയാണ്. സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കുമോയെന്നും ജീവന്‍ നഷ്ടപ്പെടുന്നത് എന്ന് അവസാനിക്കുമെന്നും കപില്‍ സിബല്‍ ട്വീറ്ററിലുടെ ചോദിച്ചു.
കശ്മിരില്‍ കഴിഞ്ഞ ദിവസം നാലു പൊലിസുകാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നലെയാണ് ചിദംബരവും കപില്‍ സിബലും കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭീകരരുടെ നേതൃത്വത്തില്‍ പൊലിസ് പെട്രോള്‍ യൂനിറ്റിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സോപേറിലെ ഛോട്ടാ ബസാറിനും ബഡാ ബസാറിനും ഇടിയിലായി ഒരു കടയില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. വിദൂര നിയന്ത്രണ സംവിധാനം വഴിയാണ് ഭീകരര്‍ സ്‌ഫോടനം നടത്തയത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."