ഫൈസല്‍ വധം: രണ്ടാം പ്രതിക്കും വധശിക്ഷ ആവശ്യപ്പെട്ടു കുടുംബങ്ങള്‍ വീണ്ടും കോടതിയില്‍
ദമാം: കണ്ണൂര്‍ സ്വദേശിയുടെ കൊലപാതക കേസില്‍ രണ്ടാം പ്രതിക്കും വധശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ടു യുവാവിന്റെ കുടുംബങ്ങള്‍ കോടതിയെ സമീപിച്ചു. ജുബൈല്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ആയിരുന്ന കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫൈസലിന്റെ(26) കൊലപാതകക്കേസിലാണ് രണ്ടാം പ്രതി മൂവാറ്റുപുഴ നെല്ലാട് മഴുമന്നൂര്‍ കുന്നത്ത് നാട് സ്വദേശി എല്‍ദോ വര്‍ഗീസിനും വധശിക്ഷ തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം മേല്‍ കോടതിയെ സമീപിച്ചത്. ജുബൈല്‍ ശരീഅത്ത് കോടതിയിലെ മൂന്നംഗ ബെഞ്ച് നേരത്തെ പത്ത് വര്‍ഷത്തെ തടവും ഒന്നാം പ്രതിയായ തമിഴ്‌നാട് പെരിയകോട്ടുമല പാണ്ഡു രാജന്‍ ഭരതന് വധശിക്ഷയുമാണ് വിധിച്ചിരുന്നത്. രണ്ടു പ്രതികള്‍ക്കും വധശിക്ഷ വിധിക്കുന്നതോടൊപ്പം പ്രതികളുടെ ശിക്ഷാ നടപടികള്‍ എത്രയും വേഗം തന്നെ നടപ്പാക്കണമെന്നും ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2008 ജൂണിലാണ് ജുബൈലിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ട ഫൈസലും പ്രതികളായ ഭരതനും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. എക്‌സ്‌റേ ടെക്‌നീഷ്യനായിരുന്ന ഭരതന് ബിസിനസ് ആവശ്യാര്‍ഥം ഫൈസല്‍ നേരത്തെ നല്‍കിയ പണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നര വയസുള്ള തന്റെ ഇരട്ടക്കുട്ടികളെ കാണാനായി താന്‍ അവധിക്കു നാട്ടില്‍ പോകുകയാണെന്നും അതിനാല്‍ പണം നല്‍കണമെന്നും ഫൈസല്‍ ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ ഭരതന്‍ തയ്യാറായില്ല. പിന്നീട് ഫൈസലിനെ റൂമിലേക്ക് വിളിച്ചുവരുത്തി കീഴ്‌പ്പെടുത്തി മുഖത്തു മാസ്‌കിന്‍ ടേപ്പ് ഒട്ടിച്ചു ശ്വാസം വിടാന്‍ വായ ഭാഗത്തു ചെറിയ ദ്വാരമുണ്ടാക്കി കൈകാലുകള്‍ അലമാരയോട് ബന്ധിപ്പിച്ചിടുകയായിരുന്നു. ഈ സമയം മുറിയിലേക്ക് കടന്നു വന്ന രണ്ടാം പ്രതി എല്‍ദോ വര്‍ഗ്ഗീസ് ഇത് തടഞ്ഞില്ല.
തുടര്‍ന്ന് ഇരുവരും പുറത്തേക്ക് പോയി വീണ്ടും തിരിച്ചു വന്നപ്പോള്‍ രക്ഷപ്പെടാനായി ഫൈസല്‍ നടത്തിയ ശ്രമം ശ്രദ്ധയില്‍പെട്ട ഇവര്‍ വീണ്ടും കട്ടിലുമായി ശക്തിയായി ബന്ധിക്കുകയും വീണ്ടും പുറത്തേക്ക് പോയി. പിന്നീട് കുറെ സമയത്തിന് ശേഷം പ്രതികള്‍ തിരിച്ചെത്തിയപ്പോള്‍ മരണ വെപ്രാളം കാണിച്ച ഫൈസലിന്റെ കഴുത്തില്‍ കേബിള്‍ മുറുക്കി മരണം ഉറപ്പുവരുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി കുറച്ചകലെ തള്ളാന്‍ പദ്ധതിയിട്ടുവെങ്കിലും അടുത്തുള്ള കെട്ടിടത്തില്‍ ബാസ്‌കറ്റ് ബോള്‍ കളി നടക്കുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചു ബ്ലാങ്കറ്റ് കൊണ്ട് പൊതിഞ്ഞു അടുക്കളയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഏറ്റവും അടുത്ത ഉറ്റ സുഹൃത്തുക്കളായിരുന്നു കൊലക്കു പിന്നിലെന്ന സത്യം പുറത്തുവന്നപ്പോഴും ഇവരെ അറിയുന്ന സുഹൃത്തുക്കള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു പ്രതികളും ഫൈസലും തമ്മില്‍. പിന്നീട് തെളിവുകള്‍ എതിരായപ്പോള്‍ ഇവര്‍ തന്നെ കുറ്റം ഏറ്റുപറയുകയായിരുന്നു.
പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന നിയമപോരാട്ടത്തിനിടയില്‍ പ്രതികളുടെ കുടുംബം ഇത് വരെ ഫൈസലിന്റെ വീട്ടുകാരുമായി ബന്ധപ്പെടാനോ ആശ്വസിപ്പിക്കാനോ ശിക്ഷ ഇളവ് ചെയ്യാനോ മുതിരാതിരുന്നത് ഇവര്‍ക്ക് ഏറെ മനഃപ്രയാസമുണ്ടാക്കിയതായും ഇരു പ്രതികള്‍ക്കും വധശിക്ഷ തന്നെ വിധിക്കണമെന്ന നിലപാടില്‍ വീട്ടുകാര്‍ ഉറച്ചുനില്‍ക്കുന്നതായും കേസ് നടത്തുന്ന ഫൈസലിന്റെ ബന്ധു കൂടിയായ മഹമൂദ് മാട്ടൂല്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."