പദ്ധതി നിര്‍വഹണം: ജില്ലക്ക് നാണക്കേടായി ബ്ലോക്ക് പഞ്ചായത്തുകള്‍
മാനന്തവാടി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പദ്ധതി നിര്‍വഹണത്തില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നില്‍.
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും പിന്നിലായുള്ളത് മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളാണ്. ജനുവരി 30 വരെയുള്ള പദ്ധതി പ്രോഗ്രസ് റിപ്പോര്‍ട്ടിലാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണത്തിന്റെ കണക്കുകളുള്ളത്. മാനന്തവാടി 2.5 ശതമാനവും കല്‍പ്പറ്റ 3.54 ശതമാനവും പദ്ധതി വിഹിതം മാത്രമാണ് ഇതിനോടകം ചെലവഴിച്ചത്.
സംസ്ഥാനത്ത് മുന്‍പന്തിയിലുള്ള ബ്ലോക്കുകള്‍ 60 ശതമാനത്തോളം തുക ചെലവഴിച്ചപ്പോഴാണ് ജില്ലയിലെ ബ്ലോക്കുകള്‍ പത്ത് ശതമാനം പോലും പൂര്‍ത്തിയാക്കാതെ മുടന്തുന്നത്.
മാനന്തവാടി ബ്ലോക്കില്‍ ഈവര്‍ഷം നടപ്പിലാക്കുന്ന 114 പദ്ധതികളില്‍ 9 എണ്ണമാണ് ഇതിനോടകം ആരംഭിച്ചത്. 783.53 ലക്ഷം രൂപയുടെ പദ്ധതിയില്‍ ചെലവഴിച്ചത് 19.53 ലക്ഷം രൂപ മാത്രമാണ്.
151-ാം സ്ഥാനത്ത് നില്‍ക്കുന്ന കല്‍പ്പറ്റ ബ്ലോക്കിലാവട്ടെ ആകെയുള്ള 141 പ്രവൃത്തികളില്‍ 52 പ്രൊജക്ടുകള്‍ തുടങ്ങുകയും 23.68 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 148-ാം സ്ഥാനത്തുള്ള പനമരം ബ്ലോക്ക് പഞ്ചായത്ത് 94 ല്‍ 71 പദ്ധതികള്‍ ആരംഭിക്കുകയും 7.67 ശതമാനം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ 10 ശതമാനത്തിന് മുകളില്‍ പദ്ധതി തുക ചെലവഴിച്ചത് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മാത്രമാണ്. 11.32 ശതമാനം ചെലവഴിച്ച് 141 ാം സ്ഥാനത്താണ് ബത്തേരി.
പദ്ധതി പൂര്‍ത്തീകരണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കാലാവധിയായ മാര്‍ച്ച് 31ലേക്ക് കേവലം രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെ അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതം കുറയാതിരിക്കണമെങ്കില്‍ ത്വരിതരീതിയിലുള്ള പ്രവൃത്തികളാണ് ഇനി ചെയ്തു തീര്‍ക്കേണ്ടത്. എന്നാല്‍ ആവശ്യത്തിന് നടത്തിപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അഭാവത്താല്‍ നട്ടം തിരിയുന്ന ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് എത്രത്തോളം പദ്ധതി പൂര്‍ത്തീകരണത്തില്‍ മുന്നേറാന്‍ കഴിയുമെന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യതയും പുതിയ ഭരണ സമിതികളുടെ പ്രവര്‍ത്തന പരിചയക്കുറവുമെല്ലാമാണ് ജില്ലയെ സംസ്ഥാനത്ത് തന്നെ ഏറ്റവും പിറകിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."