നിറുത്തലാക്കിയ ഗ്രാമീണ ബസ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും: എല്‍ദോ എബ്രഹാം എം.എല്‍.എ
മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും നിറുത്തലാക്കിയ ഗ്രാമീണ ബസ് സര്‍വ്വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്നും ആട്ടായംകിഴക്കേകടവ് വഴി കോതമംഗലത്തേക്ക് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ഫ്‌ളാഗോഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്നും ഗ്രാമീണ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന 13ഓളം ബസ്സ് സര്‍വ്വീസുകളാണ് സര്‍വ്വീസ് നിറുത്തിയത്. ആട്ടായംകിഴക്കേകടവ് സര്‍വ്വീസ്, ആരക്കുഴവള്ളിക്കട സര്‍വ്വീസ്, പോത്താനിക്കാട്പുളിന്താനം സര്‍വ്വീസ്, പായിപ്രമാനാറി സര്‍വ്വീസ് വാളകംആവുണ്ട സര്‍വ്വീസ് അടക്കമുള്ള പ്രധാന ബസ്സ് സര്‍വ്വീസുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.റ്റി.സി.നിറുത്തിയത്.
ഈ സര്‍വ്വീസുകളെല്ലാം ഘട്ടം ഘട്ടമായി പുനരാരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും എം.എല്‍.എ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ നഷ്ടത്തിന്റെ കണക്കുകള്‍ നിരത്തി സര്‍വ്വീസ് അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലന്നും സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന ഇത്തരം ബസ്സ് സര്‍വ്വീസുകള്‍ ലാഭത്തിലാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ആന്റണി ജോസഫ്, കെ.എസ്.ആര്‍.ടി.സി.ജീവനക്കാരായ പി.ആര്‍.രാജേഷ്, എം.ആര്‍.മനോജ്, പി.ആര്‍.സുനീബ്, അനീഷ് ആന്റണി, മുന്‍മെമ്പര്‍ എം.വി.സുഭാഷ്, പി.എ.മൈതീന്‍, പി.ഇ.യൂനുസ്, അസീസ് തെങ്ങുംതോട്ടം, പി.കെ.രാജപ്പന്‍, കെ.എം.അബ്ദുല്‍ കരീം, പി.ആര്‍.രാജീവ്, റോയി മാത്യു, പി.ഇ.അഷറഫ്, എം.കെ.രഘു, പി.എസ്.ബിജു, എ.വി.സേവ്യര്‍, പി.സി.ബിജു എന്നിവര്‍ സംമ്പന്ധിച്ചു. രണ്ടര വര്‍ഷം മുമ്പാണ് നഷ്ടമാണന്ന കാരണം പറഞ്ഞ് അധികൃതര്‍ ആട്ടായംകിഴക്കേകടവ് വഴിയുള്ള കെ.എസ്.ആര്‍.റ്റി.സി.സര്‍വ്വീസ് പൊടുന്നനെ നിര്‍ത്തുകയായിരുന്നു. ഇതോടെ കാര്‍ഷീക മേഖല ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങളിലുള്ള നൂറ് കണക്കിന് ആളുകള്‍ക്ക് യാത്ര ദുരിതമായി. ഓട്ടോറിക്ഷകളില്‍ മറ്റും ആശ്രയിച്ചാണ് ഈ പ്രദേശത്തുകാര്‍ മൂവാറ്റുപുഴ, കോതമംഗലം ടൗണുകളില്‍ എത്തിച്ചേര്‍ന്നിരുന്നത്. ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനവും പരാതികളുമായി ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്ത് ഈ പ്രദേശത്തുകാര്‍ മുഖ്യമായും ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു കെ.എസ്.ആര്‍.ടി.സി.ബസ് സര്‍വ്വീസ്.
പുനരാരംഭിച്ച ബസ്സ് സര്‍വ്വീസിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. മുളവൂര്‍ പള്ളിപ്പടിയില്‍ നല്‍കിയ സ്വീകരണത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എ, അബ്ബാസ് മുളാട്ട്, എം.കെ.ഇബ്രാഹിം, ഷംസുദ്ദീന്‍ തോട്ടത്തികുളം എം.വി.സുഭാഷ്, പി.എ.മൈതീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ദിവസവും രാവിലെ 8.10ന് മൂവാറ്റുപുഴ കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്ന ബസ്സ് ആട്ടായം, കിഴക്കേകടവ്, പൊന്നിരിക്കപ്പറമ്പ്, മുളവൂര്‍ പള്ളിപ്പടി, കുരുമ്പിനാംപാറ വഴി കോതമംഗലത്തേക്കും തിരിച്ച് 9.15ന് കോതമംഗലത്ത് നിന്നും മൂവാറ്റുപുഴയിലേക്കും സര്‍വ്വീസ് നടത്തും.
വൈകിട്ട് നാലിന് മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തേക്കും തിരിച്ച് കോതമംഗലത്ത് നിന്ന് 5.10ന് മൂവാറ്റുപുഴിലേക്കും സര്‍വ്വീസ് നടത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."