യുവാവിനെ തട്ടിക്കൊണ്ടുപോയി 13 ലക്ഷം കവര്‍ന്ന കേസ്: പ്രതി പിടിയില്‍
മഞ്ചേരി: യുവാവിനെ തട്ടിക്കൊണ്ടുപോയി 13 ലക്ഷം രൂപ കവര്‍ന്ന സംഘത്തിലെ പ്രതി പൊലിസ് പിടിയില്‍. അരീക്കോട് ഇരുവേറ്റി കൊല്ലംപടി പുല്ലിക്കുത്ത് വീട്ടില്‍ അക്ഷയ് (18) ആണ് പിടിയിലായത്. ബൈക്ക് യാത്രക്കാരനായ യുവാവിനെ അക്രമിച്ചാണ് പ്രതി 13 ലക്ഷം രൂപ തട്ടിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. വള്ളുവമ്പ്രം സ്വദേശി നൂറേന്‍ മൂച്ചി ബഷീര്‍ മറ്റൊരാള്‍ക്കു നല്‍കാനുള്ള പണവുമായി പോകുന്ന സമയത്തു മഞ്ചേരി അറവങ്കരയില്‍വച്ചു കാറിലെത്തിയ പ്രതി ഉള്‍പ്പെട്ട സംഘം ബഷീറിനെ അക്രമിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി പണം അപഹരിക്കുകയും തുടര്‍ന്ന് മലപ്പുറം മുണ്ടുപറമ്പ് ബൈപാസില്‍ ഇറക്കിവിടുകയുമായിരുന്നു.
പ്രതിയെ ചോദ്യംചെയ്തതില്‍ സംഘത്തില്‍ ഉള്‍പ്പെട്ട ആളുകളെക്കുറിച്ച് വ്യക്തതമായ സൂചന ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിന് സഹായം ചെയ്തുകൊടുത്ത മഞ്ചേരി വള്ളുവമ്പ്രം സ്വദേശി പിടിയിലായതായും സൂചനയുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ അടുത്തിടെ നടന്ന കുഴല്‍പ്പണ കേസുകള്‍ക്കും പ്രതി അറസ്റ്റ് ചെയ്യപ്പട്ടതോടെ തുമ്പാകുമെന്നും പൊലിസ് കരുതുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പണം കണ്ടെടുക്കുന്നതിനായി പൊലിസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം മഞ്ചേരി സി.ഐ ബിജു, എസ്.ഐ കൈലാസ് നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ശ്രീകുമാര്‍, പി. സഞ്ജീവ്, സലിം, സജയന്‍, സുബൈര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."