ബാങ്ക് മാനേജര്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി; അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടത് 47,000 രൂപ
നിലമ്പൂര്‍: ബാങ്ക് മാനേജരെയും ഓണ്‍ലൈന്‍ തട്ടിപ്പുസംഘം വെറുതെവിട്ടില്ല, ചന്തക്കുന്ന് എസ്.ബി.ടി ബ്രാഞ്ച് മാനേജര്‍ വണ്ടൂര്‍ പി.പി റോഡില്‍ ഓര്‍ക്കിഡ് വില്ലയിലെ കണ്ണന്റെ 47,000 രൂപയാണ് നഷ്ടപ്പെട്ടത്.
എസ്.ബി.ഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആറു മാസംമുന്‍പു പണമിടപാടുകള്‍ ഓണ്‍ലൈനായി നടത്തിയിരുന്നതായി കണ്ണന് പറഞ്ഞു.
ഇന്നലെ രാവിലെ പത്തോടെ മൊബൈല്‍ ഫോണിലേക്ക് അറുപതോളം എസ്.എം.എസുകള്‍ വന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് നടന്നതായി മനസിലായത്. വിവിധ ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നാണ് പല തുകയ്ക്കു സാധനസാമഗ്രികള്‍ വാങ്ങി ഓണ്‍ലൈനിലൂടെ പണം നല്‍കിയതിന്റെ അറിയിപ്പുകള് വന്നത്.
ഓരോ ഇടപാടിനും ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒ.ടി.പി നമ്പറുകള്‍ മൊബൈലില്‍ ആവശ്യപ്പെടാറുണ്ടെന്നിരിക്കെ ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് ഇതാവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നില്ല.
ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് ഒ.ടി.പി നമ്പറുകള്‍ ആവശ്യമില്ലാത്തതിനാലാണ് ഇവ ലഭിക്കാതിരുന്നതന്ന് ഇദ്ദേഹം പറയുന്നു. 50,000 രൂപ വരെ മാത്രമേ ക്രെഡിറ്റില്‍ ലഭ്യമാകൂ എന്നതിനാലാണ് കൂടുതല്‍ തുക നഷ്ടപ്പെടാതിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മൂന്നു മാസം മുന്‍പു നിലമ്പൂരില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ ബാങ്ക് അക്കൗണ്ടില്‍നിന്നു 7,53,500 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടിരുന്നു.
ഈ കേസില്‍ രണ്ട് ഝാര്‍ഖണ്ഡ് സ്വദേശികള്‍ നിലമ്പൂര്‍ പൊലിസിന്റെ പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."