തൃശൂര്‍കാര്‍ക്കിത് രണ്ടാം പൂരം
തൃശൂര്‍ : കേള്‍ക്കുന്നതെല്ലാം സംഗീതം, കാണുന്നതെല്ലാം വര്‍ണചിത്രങ്ങള്‍. ഓരോ ചുവടിലും ആവേശം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം നാള്‍ പിന്നിടുമ്പോള്‍ ശക്തന്റെ മടിത്തട്ട് അക്ഷരാര്‍ത്ഥത്തില്‍ രണ്ടാം പൂരവേദിയാക്കുകയാണ് തൃശൂര്‍ക്കാര്‍. നഗരപരിധിയിലെ 25 വേദികളിലായി രാവുംപകലുമായി തുടര്‍ച്ചയായി നടക്കുന്ന മത്സരങ്ങള്‍ക്ക് നേര്‍സാക്ഷിയാകാന്‍ കഴിഞ്ഞമൂന്നുദിവസങ്ങളിലായി നഗരത്തിലെത്തിയത് മൂന്നുലക്ഷത്തിലധികംപേരെന്ന് സ്‌പെഷ്യല്‍ബ്രാഞ്ചിന്റെ സാക്ഷ്യം.
കൈക്കുഞ്ഞുമുതല്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ വരേയുള്ള സംഘങ്ങളായാണ് കലോത്സവത്തിനായി ആളുകളെത്തുന്നത്. പകലന്തിയോളവും, രാവേറെ പിന്നിടുമ്പോഴും കുടുംബങ്ങളുടെ വലിയ തിരക്കാണ് വേദികളില്‍ കാണാനാവുന്നത്. നൃത്തവേദികളിലാണ് കുടുംബമായി എത്തുന്ന പ്രേക്ഷകരിലേറെയും. കലോത്സവം തുടങ്ങിയനാള്‍ മുതല്‍ നഗരത്തിന് ഉറക്കമില്ലാത്ത രാവുകളാണ്. ചെറിയ തട്ടുകടകള്‍ മുതല്‍ വലിയ ഹോട്ടലുകള്‍ വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കലോത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കുമുമ്പേ പൊലിസ് നടത്തിയ മുന്നൊരുക്കങ്ങളാണ് കലോത്സവം സുരക്ഷിതവും സുഗമമവുമായി നടത്താന്‍ സഹായിച്ചതെന്ന് സംഘാടകസമിതിയുടെ വെളിപ്പെടുത്തല്‍.
കലോത്സവത്തിനായി നഗരത്തിലെത്തുന്നവരെ സഹായിക്കാനായി പ്രത്യേകം പരിശീലനം ലഭിച്ച 250 പേരടങ്ങുന്ന സൗഹൃദ ഓട്ടോറിക്ഷകളില്‍ ഏത് വേദികളിലേക്കും തിരിച്ചും പൊലിസ് നിശ്ചയിച്ച വാടകയില്‍ യാത്രചെയ്യാം. തൃശൂര്‍ എ.സി.പി പി.വാഹിദിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സൗഹൃദ ഓട്ടോറിക്ഷകള്‍ നഗരത്തില്‍ ഓടുന്നത്. ഇതിനുപുറമെ നഗരത്തിലോടുന്ന 2000 ഓട്ടോകള്‍ വേറെയും സേവനരംഗത്തുണ്ട്. കലോത്സവവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലകള്‍ക്കായി 2000 പൊലിസുകാരാണ് രാവുംപകലുമായി നഗരത്തില്‍ സേവനമനുഷ്ടിക്കുന്നത്. 1000 നിര്‍ഭയ പ്രവര്‍ത്തകരും എന്‍.സി.സി, സ്‌കൗട്‌സ് എന്നിവരുടെ 500 അംഗങ്ങളും സേവനസജ്ജരാണ്.
തിരക്കുവര്‍ധിക്കുന്നതിനനുസരിച്ച് മുറിവാടക കൂട്ടുന്ന പതിവ് തൃശൂരിലെ ലോഡ്ജ് ഉടമകള്‍ വേണ്ടെന്ന് തീരുമാനിച്ചതാണ് മറ്റൊരു പ്രത്യേകത. കലോത്സവത്തിനെത്തിയവര്‍ക്കായി പ്രത്യേകം സൗകര്യങ്ങളൊരുക്കി നഗരത്തിലെ 121 ലോഡ്ജുടമകളും കലോത്സസംഘാടകരായി മാറി. 60 അംഗ പൊലിസ് ഷാഡോസംഘത്തിന് രാവും പകലും കണ്‍തുറന്ന് പ്രവര്‍ത്തിച്ചിട്ടും ഒരു ചെറിയ ക്രൈം പോലും റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിട്ടില്ലെന്നത് തൃശൂര്‍ക്കാരുടെ അഭിമാനപ്പട്ടികയില്‍ ഒന്നാമതായി ചേര്‍ക്കാം. സിറ്റി പൊലിസ് കമ്മിഷണര്‍ രാഹുല്‍നായര്‍, അസിസ്റ്റ്ന്റ് പൊലിസ് കമ്മിഷണര്‍ പി.വാഹിദ് എന്നിവര്‍ മുഴുസമയവും സ്‌പെഷ്യല്‍ പൊലിസ് കണ്‍ട്രോള്‍ റൂമിലിരുന്ന് നഗരത്തെ നിയന്ത്രിക്കുന്നതിനാല്‍ മത്സരത്തിനെത്തിയവര്‍ക്കും സംഘാടകര്‍ക്കും നിര്‍ഭയമായത്തോടെ കലോത്സവത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."