നിരത്തില്‍ കാമറയെ പറ്റിച്ചുള്ള ഓട്ടം!
ചങ്ങരംകുളം: ദേശീയ, സംസ്ഥാനപാതകളില്‍ പൊലിസും മോട്ടോര്‍ വാഹന വകുപ്പും സ്ഥാപിച്ചിട്ടുളള വേഗതാ നിയന്ത്രണ കാമറകളെ പറ്റിച്ച് വാഹനങ്ങളുടെ അമിത സ്പീഡിലുള്ള ഓട്ടം. എറണാകുളം മുതല്‍ കോഴിക്കോട് വരെയും തൃശൂര്‍ മുതല്‍ പാലക്കാട് വരെയും കോഴിക്കോട് മുതല്‍ പെരിന്തല്‍മണ്ണ വരെയും കോട്ടക്കല്‍ മുതല്‍ മഞ്ചേരി വരെയുമാണ് ഇത്തരത്തില്‍ വേഗതാ നിയന്ത്രണ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഇവയോടൊപ്പം റോഡില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സര്‍ ലൈനില്‍ക്കൂടി മണിക്കൂറില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ എഴുപതിലും മറ്റു വാഹനങ്ങള്‍ എണ്‍പതിലും കൂടുതല്‍ വേഗതയില്‍ സഞ്ചരിച്ചാലാണ് അമിത വേഗത കാമറയില്‍ പതിയുക. ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കു കാമറയില്‍ പതിഞ്ഞ ഫോട്ടോയടക്കം ആര്‍.സി ഓണറുടെ വിലാസത്തില്‍ പിഴയടക്കാനുള്ള കത്തു വരുന്നതാണ് രീതി. എന്നാല്‍, നിലവില്‍ പലയിടത്തും കാമറയുടെ സെന്‍സര്‍ലൈന്‍ റോഡില്‍ പൂര്‍ണമായി ഘടിപ്പിച്ചിട്ടില്ല. പലയിടങ്ങളിലും ഇത്തരം സെന്‍സറുകള്‍ റോഡിന്റെ മധ്യഭാഗത്തും സൈഡിലും ഇല്ലാത്തതിനാല്‍ അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ സെന്‍സര്‍ലൈന്‍ ഇല്ലാത്ത ഇടങ്ങളിലൂടെ കടന്നുപോയാല്‍ കാമറയില്‍ അവ പതിയില്ല. ഈ ന്യൂനത മുതലെടുത്താണ് നിരത്തില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നത്.
കാമറകള്‍ക്കരികില്‍ എത്തുമ്പോള്‍ സെന്‍സര്‍ലൈനില്‍ കയറാത്തവിധം വാഹനം കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഇതു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും റോഡ് സൈഡിലൂടെ കടന്നുപോകുന്ന ഇരുചക്ര യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടമുണ്ടാക്കാനും സാധ്യതയുണ്ട്. വേഗതാ നിയന്ത്രണ കാമറകളുടെ ന്യൂനതകള്‍ ഉടന്‍ പരിഹരിക്കണമെന്നും അമിത വേഗതയില്‍ ഓടുന്ന ബസുകള്‍ പിടികൂടണമെന്നും ഹൈവേ ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."