'സൈഫ് അല്‍ അബ്‌റജ് ബ്രിഗേഡ് ': സഊദിയിലെ പുതിയ സുരക്ഷാ സേന
റിയാദ്: കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തില്‍ 'സൈഫ് അല്‍ അബ്‌റജ് ബ്രിഗേഡ് 'എന്ന പേരില്‍ സഊദിയില്‍ പുതിയ സുരക്ഷാ സേന. കഴിഞ്ഞ ദിവസം രാജകൊട്ടാരത്തിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ പതിനൊന്നു രാജകുമാരന്മാരെ അറസ്റ്റു ചെയ്തു നീക്കിയതുമുതലാണ് ഇത്തരം സേനയുള്ളതായി രാജ്യത്തിന് വ്യക്തമായത്. രാജകുമാരനെതിരേയും ഭരണസാരഥ്യം വഹിക്കുന്നവര്‍ക്കെതിരേയും ഉയരുന്ന ഭീഷണികള്‍ തടയുകയാണ് സേനയുടെ ലക്ഷ്യം.
കഴിഞ്ഞ ശനിയാഴ്ച 11 രാജകുമാരന്മാര്‍ റിയാദിലെ ഖസ്‌റുല്‍ ഹുകും രാജകൊട്ടാരത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ ഇവരെ നേരിട്ടത് സൈഫ് അല്‍ അബ്‌റജ് ബ്രിഗേഡ് അംഗങ്ങളായിരുന്നു.
സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് സഊദിയുടെ ഭരണം ഏറ്റെടുത്തയുടന്‍ സംഘത്തിനു രൂപംനല്‍കിയിരുന്നതായാണ് പുറത്തുവരുന്ന വാര്‍ത്ത. വ്യത്യസ്ത റാങ്കുകളില്‍പ്പെട്ട ഏറ്റവും നവീനവും കഠിനവുമായ പരിശീലനങ്ങള്‍ നേടിയ അയ്യായിരത്തിലേറെ സുരക്ഷാ സൈനികരാണ് ഇതിലെ അംഗങ്ങള്‍.
രണ്ടാം സഊദി ഭരണകൂട സ്ഥാപകന്‍ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സഊദ് ഉപയോഗിച്ച വാളിന്റെ പേരാണ് 'അല്‍ അബ്‌റജ്'. അറബ് ലോകത്തെ ഏറ്റവും പ്രശസ്തമായ വാളായാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരുന്ന ഈ വാള്‍ തൊടാന്‍ ആരെയും അനുവദിച്ചിരുന്നില്ല.
പിന്നീട് 2010ല്‍ ബഹ്‌റൈന്‍ രാജാവ് അന്നത്തെ സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന് ഈ വാള്‍ സമ്മാനിക്കുകയായിരുന്നു. ഇപ്പോള്‍ ഇത് സല്‍മാന്‍ രാജാവിന്റെ കൈവശമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."