പീഡനക്കേസില്‍ ഇരകളുടെ വിസ്താരവും തെളിവെടുപ്പും വേഗത്തിലാക്കണം: ഹൈക്കോടതി
കൊച്ചി : പീഡനക്കേസുകളിലെ ഇരകളുടെ സാക്ഷിവിസ്താരവും തെളിവെടുപ്പും കോടതികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പീഡനക്കേസില്‍ ഇരയായ തന്റെ വിവാഹം നിശ്ചയിച്ചതിനാല്‍ വിചാരണ വേഗത്തിലാക്കാന്‍ വിചാരണക്കോടതിയോടു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശിനി നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ഹരജിക്കാരി ഉള്‍പ്പടെ മൂന്നു വനിതകള്‍ സാക്ഷികളായ കേസിന്റെ വിചാരണ മഞ്ചേരിയിലെ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കുകയാണ്. തന്റെ വിവാഹത്തിനു മുന്‍പ് വിചാരണ പൂര്‍ത്തിയാക്കാതെ കല്യാണം കഴിഞ്ഞ് കേസിന്റെ ആവശ്യത്തിനു കോടതി വിളിപ്പിച്ചാല്‍ തന്റെ ജീവിതം ദുരിതത്തിലാവുമെന്ന് പെണ്‍കുട്ടി വാദിച്ചു.
വിചാരണ പെട്ടെന്നു നടത്താന്‍ കഴിയില്ലെങ്കില്‍ ഇരയെന്ന നിലയില്‍ തന്നെ വിസ്തരിക്കുന്നതു വേഗത്തിലാക്കിയാല്‍ മതിയെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഹരജിക്കാരിയുടെ സാക്ഷിവിസ്താരം ഉടന്‍ പൂര്‍ത്തിയാക്കാന്‍ മഞ്ചേരി കോടതിക്ക് നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."