ഭൂമി തിരിച്ചു പിടിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നടരാജപിള്ളയുടെ കുടുംബം
തിരുവനന്തപുരം: ലോ അക്കാദമിയുടെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യം. മുന്‍ മന്ത്രി നടരാജപിള്ളയുടെ കുടുംബവും ശൈവപ്രകാശ സഭയുമാണ് ആവശ്യവുമായി രംഗത്തെത്തിയത്.
ഈ ഭൂമിയിലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായി നിലനിര്‍ത്തണമെന്നും ഹാര്‍വിപുരം ബംഗ്ലാവ് ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുത്ത് മനോന്‍മണീയം സുന്ദരം പിള്ള പി.എസ് നടരാജപിള്ള സ്മാരകമായി നിലനിര്‍ത്തണമെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലോ അക്കാദമി സ്ഥിതി ചെയ്യുന്ന 12 ഏക്കര്‍ ഭൂമി സ്വാതന്ത്രത്തിന് മുന്‍പ് രാഷ്ട്രീയ നേതാവായിരുന്ന നടരാജപിള്ളയുടെ പൈതൃക സ്വത്തായിരുന്നു. സര്‍ സി.പിയുടെ ഭരണത്തിനെതിരേ പോരാടിയതിന്റെ പേരിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. പിന്നീടാണ് ഈ ഭൂമി ലോ അക്കാദമിയുടെ പേരില്‍ നാരായണന്‍ നായര്‍ക്ക് പതിച്ചു നല്‍കുന്നത്. കൃഷി ആവശ്യത്തിനെന്ന പേരിലായിരുന്നു ഭൂമി പിടിച്ചെടുത്തത്.
ലോ അക്കാദമി സമരം ചൂടുപിടിച്ചതോടെയാണ് ഭൂമി കൈമാറ്റം വീണ്ടും വിവാദമായത്. ഇതോടെയാണ് നടരാജപിള്ളയുടെ ബന്ധുക്കളും ശൈവപ്രകാശ സഭയും രംഗത്തെത്തി.
പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കാനും പഴയ കെട്ടിടങ്ങളുടെ കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്താനും ജില്ലാ കലക്ടര്‍ സ്റ്റേ ഉത്തരവ് ഇറക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവിലെ ഉടമസ്ഥത അവകാശം മരവിപ്പിക്കണമെന്നും ശൈവപ്രകാശ സഭ ഭാരവാഹികള്‍ പറഞ്ഞു.
ഹാര്‍വിപുരം ബംഗ്ലാവ് ഏറ്റെടുത്ത് മനോന്‍മണീയം സുന്ദരന്‍പിള്ള, നടരാജപിള്ള എന്നിവരുടെ സ്മാരകമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 2015 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ശൈവപ്രകാശ സഭ അപേക്ഷ നല്‍കിയിരുന്നു.
ശൈവപ്രകാശ സഭ പ്രസിഡന്റ് കെ രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ഡോ. കെ കുറ്റാലം പിള്ള, സെക്രട്ടറി എസ്.ടി അരശു, പി.എസ് നടരാജപിള്ളയുടെ മകന്‍ എന്‍ വെങ്കിടേശന്‍, മരുമകന്‍ എസ് അരുണാചലം പിള്ള, ചെറുമകന്‍ ഡോ. എസ് മോട്ടിലാല്‍ നെഹ്‌റു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."