മാലിനമുക്ത മുക്കം പദ്ധതി: വ്യാജരേഖ ചമച്ച് കരാറുകാരന്‍ പണം തട്ടിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്
മുക്കം: മുക്കം നഗരസഭയെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ സുന്ദര നഗരം സുരക്ഷിത ഭക്ഷണം പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്.
നാച്വറല്‍ ഗാര്‍ഡ് പാലസ് എന്ന കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യാജരേഖ ചമച്ച് പണം തട്ടിയതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. 15 ക്യുബിക് മീറ്ററുള്ള ഒരു ലോഡ് മാലിന്യം കര്‍ണാടകയിലെ മാണ്ഡ്യയിലെത്തിക്കുന്നതിനായി 27,000 രൂപക്ക് കമ്പനിയുമായി കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നും എഴുതി തയ്യാറാക്കിയ കരാര്‍ പ്രകാരം സാധനങ്ങള്‍ റീസൈക്ലിംഗ് യൂനിറ്റില്‍ എത്തിയിട്ടില്ലെന്നും വ്യക്തമാവുന്നു. റീസൈക്ലിംഗ് യൂനിറ്റിലെത്തിയ ശേഷം അവിടെ നിന്നു ലഭിച്ച സാക്ഷ്യപത്രം നഗരസഭയില്‍ ഹാജരാക്കിയാല്‍ മാത്രം പണം നല്‍കാന്‍ പാടുള്ളൂ എന്നിരിക്കേ കാലാവധിക്കുള്ളില്‍ കമ്പനി നല്‍കിയ വാഹന നമ്പറുകള്‍ വ്യാജമായിരുന്നുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
കമ്പനി ഹാജരാക്കിയ രേഖകള്‍ പ്രകാരം ലോറികള്‍ക്ക് പകരം 95 സിസി മോട്ടോര്‍ സൈക്കിളില്‍ വരെ മാലിന്യം കടത്തിയതായാണ് ഓഡിറ്റ് വിഭാഗംകണ്ടെത്തിയിരിക്കുന്നത്. കെ.എല്‍ 57 1739 ഹീറോ ഹോണ്ട പാഷന്‍ പ്ലസ്, കെ.എന്‍ 13. കെ 1912 ഹീറോ ഹോണ്ട പാഷന്‍, കെ.എന്‍.16 133 മോട്ടോര്‍ സൈക്കിള്‍ എന്നീ വാഹനങ്ങളാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.
ഈ വാഹനങ്ങള്‍ക്കും ലോഡ് ഒന്നിന് 27,000 രൂപ കമ്പനി കൈപറ്റിയതായും ഓഡിറ്റ് വിഭാഗം പറയുന്നു. വ്യാജരേഖ സമര്‍പിച്ചപ്പോള്‍ തുക നല്‍കിയതിന് വിശദീകരണം ലഭ്യമാക്കണമെന്നും ഓഡിറ്റ് വിഭാഗം ജനുവരി 30 ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."