ജ്യോതിഷിനേയും ഗിരിജയേയും ഗാന്ധിഭവന്‍ ഏറ്റെടുത്തു
ചേര്‍ത്തല: ജന്മനാ ചലന-സംസാര ശേഷികളില്ലാത്ത ജ്യോതിഷി(22)നെയും മനോനില തകര്‍ന്ന അമ്മ ഗിരിജ(52)യെയും ഗാന്ധിഭവന്‍ ഏറ്റെടുത്തു. ഇനി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസികളായി ഇവര്‍ തുടരും. രോഗക്കിടക്കയില്‍ 22 വര്‍ഷമായി കഴിയുന്ന ജ്യോതിഷിന്റെ ജനം വൈകല്യത്തോടെയെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഗിരിജയ്ക്ക് മനോനില തകരുകയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തില്‍ ഗാന്ധിഭവന്‍ അധികൃതരാണ് ചേര്‍ത്തല മുനിസിപ്പല്‍ 18-ാം വാര്‍ഡില്‍ തീയാട്ടുവെളി വീട്ടിലെത്തി ഇരുവരെയും ഇന്നലെ പകല്‍ മൂന്നോടെ ഏറ്റുവാങ്ങിയത്. ബന്ധുക്കളും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ സാക്ഷിയായ ചടങ്ങ് വേദനാജനകമായിരുന്നു.കൂലിപ്പണിക്കാരനായ രമേശന്‍ നാട്ടുകാരുടെ സഹായത്തോടെ പതിറ്റാണ്ടുകള്‍ ചികിത്സയിക്കുകയും പരിചരിക്കുകയും ചെയ്തിട്ടും ഭാര്യയെയും ഏകമകനെയും സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ആയിരത്തിലേറെ അന്തേവാസികളെ പരിപാലിക്കുന്ന ഗാന്ധിവനിലേക്ക് ഇരുവരെയും അയച്ചത്. 1994ല്‍ ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗിരിജ ജ്യോതിഷിനു ജന്മം നല്‍കിയത്.
യഥാസമയം പ്രസവം നടക്കാഞ്ഞതിനാല്‍ ശാരീരികവും മാനസികവുമായ വൈകല്യത്തോടെയാണ് കുഞ്ഞ് പിറന്നത്. ഇതറിഞ്ഞതോടെ ഗിരിജയുടെ മനോനില തെറ്റി. വൈദ്യശാസ്ത്രത്തിന് ഇരുവരെയും മോചിപ്പിക്കാനായില്ല. രമേശന്റെ കുടുംബജീവിതം സമാനതകളില്ലാത്ത യാതനയുടെയും തീരാദുഃഖത്തിന്റേതുമായി. തീയാട്ടുവെളി ഒറ്റമുറി വീട്ടില്‍ ഭാര്യയും ഏകമകനും വര്‍ഷങ്ങളായി കിടപ്പിലായി. ഇരുവരുടെയും മലമൂത്രവിസര്‍ജനം കിടക്കയില്‍തന്നെയായി. അതിനിടെ രമേശനെയും ശാരീരിക അവശതകള്‍ പിടികൂടി. ശസ്ത്രക്രിയ നിശ്ചയിച്ചുവെങ്കിലും ഭാര്യയെയും മകനെയും പരിചരിക്കേണ്ടതിനാല്‍ ശസ്ത്രക്രിയയ്ക്ക് സാഹചര്യമില്ല.ഈ ഘട്ടത്തിലാണ് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി പി. തിലോത്തമന്റെ ശ്രദ്ധയില്‍ രമേശന്റെയും കുടുംബത്തിന്റെയും ദൈന്യത എത്തിച്ചത്. അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതി മനസിലാക്കുകയും അടിയന്തരമായി ഇടപെട്ട് ഗാന്ധിഭവന്റെ സേവനം എത്തിക്കുകയുമായിരുന്നു.
ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ് അമല്‍രാജ്, കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷമീര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്.ജി രാജു, സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍.എസ് ശിവപ്രസാദ്, എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി ടി.ടി ജിസ്‌മോന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ രത്‌നവല്ലി തുടങ്ങിയവര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."