പോരാട്ടം ബാക്കി; പോരാളി യാത്രയായി
തളിപ്പറമ്പ: തെരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂട് പിടിക്കുന്ന അവസരങ്ങളില്‍ ഏതൊരു തളിപ്പറമ്പുകാരന്റെയും മനസില്‍ ഓടിയെത്തുന്ന പേരാണ് പാട്ടത്തില്‍ രാഘവന്‍ മാസ്റ്ററുടേത്. ഏത് തെരഞ്ഞെടുപ്പായാലും ഏതിരാളി ആരായാലും മാസ്റ്ററുടെ സ്ഥാനാര്‍ഥിത്വവും പ്രചാരണ ശൈലിയും ശ്രദ്ധേയമാകാറുണ്ട്. വ്യത്യസ്തമായ പ്രചാരണ രീതിയില്‍ ആകൃഷ്ടരായി ധാരാളം പേര്‍ പാട്ടത്തിലിന്റെ പ്രസംഗം കേള്‍ക്കുവാന്‍ എത്തുമായിരുന്നു. ആക്ഷേപ ഹാസ്യം കലര്‍ത്തിയ മാസ്റ്ററുടെ പ്രസംഗങ്ങളില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് എതിരാളികള്‍ക്ക് ഇന്നും ഉത്തരം നല്‍കാനായിട്ടില്ല. ഏഴ് ലോകസഭാ തെരഞ്ഞെടുപ്പിലും ഏഴ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി മത്സരിച്ചയാളാണ് പാട്ടത്തില്‍ രാഘവന്‍ മാസ്റ്റര്‍. 1970ലാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2009ലായിരുന്നു അവസാന അങ്കം.
1983ല്‍ പൂമംഗലം യു.പി സ്‌കൂളില്‍ നിന്നു വിരമിച്ച ശേഷം മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായ പാട്ടത്തില്‍ രാഘവന്റെ വേഷം വെളുത്ത ജുബ്ബയും ഗാന്ധിതൊപ്പിയുമായിരുന്നു. തളിപ്പറമ്പിന്റെ വീഥിയിലൂടെ എല്ലാവരോടും കുശലം പറഞ്ഞ് പതുക്കെ നടന്നു നീങ്ങുന്ന രാഘവന്‍ മാഷിനെ ആരും മറക്കില്ല. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി കാഞ്ഞിരങ്ങാട്ടുള്ള വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്ന രാഘവന്‍ മാഷിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സുപ്രഭാതം ഇന്റര്‍വ്യൂ ചെയ്തിരുന്നു. പഴയ ഓര്‍മകള്‍ പലതും നഷ്ടമായ അവസ്ഥയിലും തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വാചാലനായിരുന്നു.
വെളുത്ത ജുബ്ബയും ഗാന്ധിതൊപ്പിയും ധരിച്ച് പുഞ്ചിരിയോടെ നമ്മുടെ മുന്നിലൂടെ ഒരു ചോദ്യ ചിഹ്നം പോലെ നടന്നു നീങ്ങിയ പാട്ടത്തില്‍ രാഘവന്‍ മാസ്റ്റര്‍ 90ാം വയസില്‍ ജീവിതത്തില്‍ നിന്നു പടിയിറങ്ങിയത് ജനാധിപത്യം ഉളള കാലത്തോളം ആരും മറക്കില്ല എന്ന അപൂര്‍വത അവശേഷിപ്പിച്ചാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."