നേരറിയാത്ത സി.ബി.ഐ
പിറ്റേന്നു തന്നെ തിരിച്ചുവരാമെന്ന ഉറപ്പോടെ പൊലിസിനൊപ്പം ഇറങ്ങിപ്പോയ 19 വയസുള്ള എന്റെ മകന്റെ നിഷ്‌കളങ്കമായ മുഖം മനസില്‍നിന്നു മരിച്ചാലും മായില്ല. ഓരോ ഉരുള ചോറും എന്റെ തൊണ്ടയില്‍ കുടുങ്ങുന്നു. തൂക്കുകയറില്‍ക്കിടന്നാടുന്ന എന്റെ കുഞ്ഞിന്റെ ശരീരം ദുസ്വപ്നമായി വന്ന് ഉറക്കം കെടുത്തുന്നു.
കഴിഞ്ഞ 23 വര്‍ഷമായി അവന്റെ ജീവനുവേണ്ടി ഞാന്‍ കയറിയിറങ്ങാത്ത വാതിലുകളില്ല. രാഷ്ട്രീയ നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, ന്യായാധിപന്‍മാര്‍ എല്ലായിടത്തും ഭിക്ഷാം ദേഹിയായി ഞാന്‍ കാത്തുനിന്നു, ഇപ്പോഴും നില്‍ക്കുന്നു. ദയയ്ക്കുവേണ്ടിയല്ല, നീതിക്കുവേണ്ടി. എന്നിട്ടും ഒരു വാതിലും എനിക്കുമുന്നില്‍ തുറക്കപ്പെട്ടില്ല.
(അടഞ്ഞ വാതിലുകള്‍ക്കു മുന്‍പില്‍ അര്‍പ്പുതമ്മാള്‍. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പേരറിവാളന്റെ അമ്മ)
മനഃസാക്ഷിയുള്ള മനുഷ്യരുടെ പ്രാര്‍ഥനകളില്‍ ഈ അമ്മയും മകനും സങ്കടങ്ങളുടെ നോവായി മാറിയത് രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ലീലാവിലാസങ്ങളെ തുടര്‍ന്നായിരുന്നു. നഴ്‌സറി കുട്ടികളുടെ സാമാന്യ ബുദ്ധിപോലും പെരുംനുണയാണെന്നു സമ്മതിച്ചുതരുന്ന അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിച്ചതിന് ബലികൊടുക്കേണ്ടി വരികയായിരുന്നു ആ ചെറുപ്പക്കാരന്റെ ജീവിതം. അന്വേഷണ ഏജന്‍സികള്‍ വഴിയാധാരമാക്കിയ ജീവിതങ്ങളും അനാഥമാക്കിയ കുടുംബങ്ങളും വികൃതമായ അന്വേഷണങ്ങളും എത്രവേണമെങ്കിലുമുണ്ട്. \
1914ല്‍ സ്ഥാപിതമായ സ്‌പെഷ്യല്‍ പൊലിസില്‍ നിന്നാണ് സി.ബി.ഐയുടെ തുടക്കം. 1963 ഏപ്രില്‍ ഒന്നിനാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ സി.ബി.ഐ നിലവില്‍ വരുന്നത്.
ആന്റി കറപ്ഷന്‍ ഡിവിഷന്‍, സ്‌പെഷ്യല്‍ ക്രൈംസ് ഡിവിഷന്‍ എന്നിങ്ങനെയാണ് സി.ബി.ഐയിലെ രണ്ട് അന്വേഷണ വിഭാഗങ്ങള്‍. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, സാധാരണ കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം അന്വേഷണ വിഷയങ്ങളാവാറുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ പൊതു കുറ്റകൃത്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോ സുപ്രിംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിര്‍ദേശമോ ഉണ്ടെങ്കിലേ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാറുള്ളൂ. ഇന്റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സി.ബി.ഐയാണ്. പ്രധാനമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. എങ്കിലും കൂട്ടിലടക്കപ്പെട്ട ഈ തത്ത അന്വേഷിച്ചു കണ്ടെത്തിയ കേസുകളുടെ പട്ടിക നിരത്തിയാല്‍ സത്യസന്ധമായ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ നിരവധി കേസുകളുണ്ട്. എന്നാല്‍ പണ്ടൊരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ചത്തെന്നു കരുതി എല്ലായ്‌പ്പോഴും ചക്ക വീഴുമ്പോള്‍ മുയല്‍ ചാവില്ലെന്നു സമീപകാലത്തെ ഒട്ടേറെ കേസുകളിലൂടെ അവര്‍ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ചില കേസുകളിലെ പ്രതികളോ പേരറിവാളനെപ്പോലെയുള്ള നിരപരാധികളും. പേരറിവാളനു വധശിക്ഷ ലഭിക്കാന്‍ കാരണമായത് കേസിന്റെ ശക്തിക്കുവേണ്ടി കുറ്റപത്രത്തില്‍ ചില തിരുത്തലുകള്‍ വരുത്തിയതുകൊണ്ടാണെന്ന് കുറ്റസമ്മതം നടത്തിയത് മറ്റാരുമായിരുന്നില്ല, ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു.
കേരളത്തില്‍നിന്ന് അവരേറ്റടുത്ത കേസുകള്‍ക്കു പറയാനുള്ളതും യുക്തിക്ക് നിരക്കാത്തതും മൂക്കത്തു വിരല്‍വച്ചുപോകുന്നതുമായ വിചിത്ര വിധികളാണ്.
കാസര്‍കോട് ജില്ലയില്‍ നടന്ന പല പാതിരാ കൊലപാതക അന്വേഷണങ്ങളും ഏറ്റെടുത്തു. സി.ബി.ഐ അവയുടെയും നേരറിയാതെ മുട്ടുമടക്കി.
ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി സമൂഹത്തിനു നേരെ ചില ഉദ്യോഗസ്ഥര്‍ കൊഞ്ഞനം കുത്തി അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ ഈ അന്വേഷണ ഏജന്‍സിയില്‍ എങ്ങനെ വിശ്വാസമുണ്ടാകും?
കാസര്‍കോട്ടെ ചില കേസുകള്‍ പരിശോധിച്ചാലും ആരൊക്കെയോ ചൊല്ലിക്കൊടുത്തത് ഏറ്റു പാടുകയായിരുന്നുവെന്ന് വ്യക്തമാകും.
സിസ്റ്റര്‍ അഭയാ കേസ് ആദ്യം ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ശേഷം സി.ബി.ഐയുടെ അഞ്ചോളം ടീമുകള്‍ മാറി മാറി അന്വേഷിച്ചു. അങ്ങനെയാണ് ഒടുവിലെത്തെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അന്വേഷണത്തിനു വേണ്ടി വര്‍ഷങ്ങള്‍ പാഴാക്കി. കോടികള്‍ ചെലവഴിച്ചു. അഭയയുടെ മരണം അവര്‍ സ്വയം ആയുധം കൊണ്ട് തലക്കടിച്ച് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണു നേരത്തെ ഉദ്യോഗസ്ഥര്‍ മൊഴിഞ്ഞിരുന്നത്.
ബേക്കല്‍ മവ്വലിലെ ഷഹനാസ് ഹംസയുടെയും കാസര്‍കോട്ടെ കൊറിയര്‍ സ്ഥാപന ഉടമ ബാലകൃഷ്ണന്‍ വധവും പള്ളിക്കര പനയാല്‍ സര്‍വിസ് സഹകരണ ബാങ്ക് കാവല്‍ക്കാരനായിരുന്ന തച്ചങ്ങാട് വിനോദ് വധക്കേസും അതില്‍ ചിലതുമാത്രം. വിനോദ് വധക്കേസ് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടോയെന്നു പോലും നിശ്ചയമില്ല.
സമസ്ത സീനിയര്‍ ഉപാധ്യക്ഷന്‍ ചെമ്പരിക്കയിലെ സി.എം അബ്ദുല്ല മൗലവിയുടെ കേസും തഥൈവ. സാഹചര്യ തെളിവുകളും ആയിരക്കണക്കിന് ആളുകളും ആ മരണം കൊലപാതകമാണെന്ന് വിളിച്ചുപറഞ്ഞു. എന്നിട്ടും പൊലിസ് അംഗീകരിച്ചില്ല. മറ്റൊരു തരത്തില്‍ വാര്‍ത്ത നല്‍കി. ഇതേറ്റു പാടി തെളിവു സൃഷ്ടിച്ചു. ഇമാം ബൂസൂരിയുടെ കവിതാ ശകലത്തിന്റെ മലയാള അര്‍ഥം മൗലവി ഒരു കടലാസില്‍ എഴുതിവച്ചത് ആത്മഹത്യാ കുറിപ്പാക്കാനും തിടുക്കം കൂട്ടി. കുറിപ്പ് എന്താണെന്നു വിശദീകരിക്കാന്‍ പോയ മൗലവിയുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവരോട് ഒരാള്‍ അങ്ങനെ തീരുമാനിച്ചാല്‍ ആരോഗ്യമില്ലെങ്കിലും തെങ്ങിന്‍ മണ്ടയില്‍ കയറിയും താഴേക്കു ചാടുമെന്നായി പ്രഖ്യാപനം.
പിച്ചവച്ച നാള്‍ മുതല്‍ മരണത്തിന്റെ തലേന്നുവരെ സമൂഹത്തിന്റെ ഇടയില്‍ ജീവിച്ച അബ്ദുല്ല മൗലവി വിഷാദ രോഗം കൊണ്ട് ജീവന്‍ ത്യജിച്ചെന്നതാണ് സി.ബി.ഐയുടെ വിചിത്രഗവേഷണം.
ചെമ്പരിക്കയിലെ സി.എം അബ്ദുല്ല മൗലവിയുടെ കേസിനു സംഭവിച്ചതും അതുതന്നെ. അന്വേഷണ സംഘം പതിനായിരം വട്ടം ഒരേ റിപ്പോര്‍ട്ട് ആവര്‍ത്തിച്ചാലും അത് വിശ്വസിക്കാന്‍ അദ്ദേഹത്തെ അറിയുന്ന ലക്ഷക്കണക്കിന് ആളുകള്‍ തയാറാകില്ല
പൊലിസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടയിലെ പ്രതിഷേധത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും അന്വേഷണം കൈമാറിയത്.
എല്ലാവരും വിശ്വസിച്ചു, ഇവര്‍ സത്യം പുറത്തു കൊണ്ടുവരുമെന്ന്. ആദ്യസംഘം അന്വേഷിച്ചത് ഏഴു മാസത്തോളം. ഒടുവില്‍ ലോക്കല്‍ പൊലിസ് പറഞ്ഞതുതന്നെ ആവര്‍ത്തിക്കാന്‍ ഒരു ഉന്നത ഏജന്‍സിയുടെ ആവശ്യമെന്തിനായിരുന്നു?
പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്ന അബ്ദുല്ല മൗലവി ഉത്തര മലബാറിന്റെ നവോത്ഥാന നായകനായിരുന്നു. ഒട്ടനവധി സ്ഥാപനങ്ങളുടെ സ്ഥാപക നേതാവ്. അദ്ദേഹത്തിന്റെ മനഃശാസ്ത്രം ഏതു രീതിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭാവത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കൂടെ സഞ്ചരിച്ചവരില്‍ നിന്നു തെളിവുകളെടുക്കാനാണ് കോടതി ആവശ്യപ്പെട്ടത്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനും ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് കേസന്വേഷിപ്പിക്കാനും നിര്‍ദേശിച്ചു. എല്ലാം കോടതിയില്‍ സമ്മതിച്ച സി.ബി.ഐ എസ്.പിക്ക് മുകളിലുള്ള ഒരു ഉദ്യോഗസ്ഥനെയും അന്വേഷണം ഏല്‍പ്പിച്ചില്ല. മക്കള്‍, കുടുംബക്കാര്‍, സഹചാരികള്‍ തുടങ്ങി ആരില്‍ നിന്നും ഒരു വാക്കുപോലും ചോദിച്ചറിഞ്ഞതുമില്ല.
അന്വേഷണ സംഘം പതിനായിരം വട്ടം ഇതേ റിപ്പോര്‍ട്ട് ആവര്‍ത്തിച്ചാലും വിശ്വസിക്കാന്‍ അദ്ദേഹത്തെ അറിയുന്ന ലക്ഷക്കണക്കിന് ആളുകള്‍ തയാറാകില്ല. മരണവുമായി ബന്ധപ്പെട്ടു ഇനിയും ഒട്ടനവധി ചോദ്യങ്ങള്‍ ബാക്കിയുണ്ടെന്ന് അധികാരികള്‍ ഓര്‍ക്കണം. ഒപ്പം കണ്ണടച്ച് ഇരുട്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം. അവരെ വിചാരണ ചെയ്യണം. പക്ഷെ ഏതു കോടതിയാണ് അവരെ വിചാരണ ചെയ്യുക? ഏതു നിയമമാണവരെ തുറുങ്കിലിലടക്കുക?
ഉത്തരം വേണ്ടത് ഈ ചോദ്യങ്ങള്‍ക്ക്
[caption id="attachment_234163" align="alignleft" width="203"] അബ്ദുല്ല മൗലവി[/caption]
77 വയസായ അബ്ദുല്ല മൗലവിക്ക് കാല്‍മുട്ട് വളക്കാന്‍ കഴിയുമായിരുന്നില്ല. ഇങ്ങനെയുള്ള ഒരാള്‍ അര്‍ധരാത്രി തനിച്ച് വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ എത്തി ദുര്‍ഘടം പിടിച്ച പാറയ്ക്കു മുകളില്‍ കയറിപ്പറ്റിയതെങ്ങനെ ?
കടലില്‍ ചാടുന്നയാളിന്റെ ബോഡി മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പേ പൊങ്ങുമോ? മൗലവിയുടെ ദേഹം മാത്രം എങ്ങനെ മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പ് പൊങ്ങി?
വെള്ളത്തില്‍ ഒരാള്‍ ചാടുമ്പോള്‍ കഴുത്തെല്ല് പൊട്ടുമോ? കണ്‍കുഴികളില്‍ നഖം കൊണ്ട് കീറിയതു പോലുള്ള മുറിവുണ്ടാകുമോ?
അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന പാറക്കെട്ടില്‍ നിന്നും ചാടിയാല്‍ വെള്ളത്തിലെത്താന്‍ ഒന്നോ ഒന്നരയോ മീറ്റര്‍ അകലമാണ് ഉണ്ടാവുക. എന്നാല്‍ ഇവിടെ നിന്നും ചാടിയാല്‍ കഴുത്തെല്ലിലെ കശേരുക്കള്‍ പൊട്ടുമെങ്കില്‍ എത്രയോ ആളുകള്‍ കുളത്തിലും ആഴമേറിയ കിണറ്റിലും ചാടാറുണ്ട്. ഇവരുടെയൊക്കെ കഴുത്തെല്ലും നട്ടെല്ലും പൊട്ടിയ എത്ര സംഭവങ്ങള്‍ അന്വേഷണ സംഘത്തിനു കാണിച്ചുതരാന്‍ പറ്റും ?
സംഭവ ദിവസം രാത്രി മൂന്നേ പതിനഞ്ചോടെ വെളുത്ത കാര്‍ ഈ കടുക്കകല്ലിനു സമീപം വന്നതായി തൊട്ടടുത്ത വീട്ടിലെ വൃദ്ധന്റെ മൊഴിയുണ്ട്. ഏതാണ്ട് മൂന്നരയോടെ കഴുത്തു ഞെരിച്ചു പിടിച്ചാലുണ്ടാകുന്ന നിലവിളി ഇവിടെ നിന്നു കേട്ടുവെന്ന് മറ്റൊരു വൃദ്ധയും മൊഴിനല്‍കി. ഇതും മരണം കൊലപാതകമാണെന്ന സൂചന നല്‍കുന്നില്ലേ?
ഭൗതികശരീരം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകുന്നതിന് മുന്‍പുതന്നെ പൊലിസ് ഉദ്യോഗസ്ഥന്‍ മരണത്തെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ധൃതി കാണിച്ചതെന്തിന്? രാത്രി പൊലിസ് ജീപ്പാണ് അവിടെ വന്നതെന്ന് പൊലിസ് പറയുമ്പോള്‍ സ്ത്രീ പറഞ്ഞ നിലവിളി എന്തുകൊണ്ട് പൊലിസ് സംഘം കേട്ടില്ല ? പൊലിസ് വണ്ടി ഈ സമയത്ത് അവിടെ വന്നിട്ടില്ലെന്നും വീട്ടുടമ പറഞ്ഞ വെളുത്ത കാറാണ് വന്നതെന്നും അനുമാനിച്ചുകൂടേ?
അബ്ദുല്ല മൗലവിയുടെ വീട്ടില്‍ ജീവിച്ചിരുന്നവര്‍ രോഗങ്ങളും വേദനകളും തിരിച്ചറിയാത്തവരല്ല, മാസങ്ങള്‍ക്കു മുന്‍പേ അദ്ദേഹത്തിന് ശസ്ത്രക്രിയയും നടത്തിയിരുന്നു.
അന്നും വിഷാദരോഗത്തെക്കുറിച്ച് അവര്‍ക്കറിവില്ല. ഉണ്ടെങ്കില്‍ ലോകത്തു സര്‍വവ്യാധിക്കും മരുന്നുള്ള ഇക്കാലത്ത് വിഷാദരോഗത്തിനും മരുന്നുകള്‍ വാങ്ങിക്കൊടുക്കുമായിരുന്നില്ലേ ?
ഇതിനു ശേഷമാണ് ഈ രോഗം ഉണ്ടായതെങ്കില്‍ കാല്‍മുട്ട് വളയ്ക്കാന്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തിന് വീടിന്റെ അടുത്തുള്ള ആഴമേറിയ വലിയ കുളം ഉണ്ടായിരിക്കേ ഒരു കിലോമീറ്റര്‍ അകലെയുള്ള കടലില്‍പോയി ചാടേണ്ടതുണ്ടായിരുന്നോ?
കാല്‍മുട്ട് വളയ്ക്കാന്‍ കഴിയാത്ത അബ്ദുല്ല മൗലവി ഈ പാറക്കൂട്ടങ്ങള്‍ ചവിട്ടിക്കടന്ന് കടലില്‍ ചാടിയെന്നാണ് അന്വേഷണ ഭാഷ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."