തൊഴില്‍ പരീക്ഷകള്‍ മലയാളത്തിലെഴുതാന്‍ അവസരമുണ്ടാക്കണം: മുഖ്യമന്ത്രി
കോഴിക്കോട്: തൊഴില്‍ പരീക്ഷകള്‍ മലയാളത്തിലെഴുതാനുള്ള അവസരമുണ്ടാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹിത്യോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു കേരളത്തില്‍ മാതൃഭാഷ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. അതിനെതിരേ ശക്തമായി ഇടപെടണം. മാതൃഭാഷയോടു മലയാളിക്കു സ്‌നേഹമില്ലെന്നു ചിന്തിച്ചു തുടങ്ങേണ്ട സംഭവങ്ങള്‍ ഒട്ടേറെ വരികയാണ്. ഐ.എ.എസ് പരീക്ഷ മലയാളത്തില്‍ എഴുതാന്‍ പറ്റും. എന്നാല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഇംഗ്ലീഷിലേ എഴുതാന്‍ പറ്റൂ. മലയാളത്തെ മലയാളി തന്നെ രണ്ടാംതരം ഭാഷയായി തരംതാഴ്ത്തുന്നു. ഇതു ഗൗരവമായി കണക്കിലെടുക്കണം. കേരളീയര്‍ക്കു മലയാളത്തില്‍ നീറ്റ് എഴുതാന്‍ പറ്റില്ല. തമിഴിലും ബംഗാളിയിലും അസമീസിലുമെല്ലാം ഇതു സാധ്യമാണ്.
പി.എസ്.സി ആയാലും ദേശീയതല പരീക്ഷാ നടത്തിപ്പുകാരായാലും ഈ മനോഭാവം മാറണം. വിജ്ഞാന ഭാഷയെന്ന നിലയില്‍ മലയാളത്തെ വികസിപ്പിക്കാന്‍ കഴിയണം. ഭരണഭാഷ മലയാളമാക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മലയാളം മാധ്യമമാക്കിയുള്ള പഠനം പ്രോത്സാഹിപ്പിക്കും. ഇ-ഗവേണന്‍സും മലയാളത്തിലാക്കും. കോടതി ഭാഷ മലയാളത്തിലാക്കേണ്ടതുണ്ട്. ഇതര സംസ്ഥാനത്തൊഴിലാളികളെ നാട്ടുകാരുമായി ആശയവിനിമയം പുലര്‍ത്താന്‍ മലയാളം പഠിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ സാക്ഷരതാ മിഷന്‍ നടത്തുന്നുണ്ട്. മലയാള ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മറ്റു ഭാഷകള്‍ അറിയുന്നതിനുള്ള കഴിവ് നാം ആര്‍ജിക്കണം.
ഇതിനുതകുന്ന പാഠ്യപദ്ധതി നടപ്പാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എം. മുകുന്ദന്‍, കെ. സച്ചിദാനന്ദന്‍, എ. കെ അബ്ദുള്‍ ഹക്കീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."