അനധികൃത കൈയേറ്റം; മീനങ്ങാടി പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെന്ന്
കല്‍പ്പറ്റ: മീനങ്ങാടി പഞ്ചായത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി ഒത്താശ ചെയ്യുകയാണെന്ന് മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശിശുമന്ദിരം കെട്ടിടത്തിന് അപകട ഭീഷണി ഉയര്‍ത്തിയ മണ്‍തിട്ട ഇടിഞ്ഞു വീഴാതിരിക്കുന്നതിന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 2004-05 കാലയളവില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയും സ്ഥലവും അനധികൃതമായി കൈയ്യേറിയാണ് പി.ഡബ്ല്യു.ഡി കരാറുകാരന് വഴിയും ചുറ്റുമതിലും നിര്‍മിക്കുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ തൊട്ടടുത്ത് നടക്കുന്ന ഈ കൈയേറ്റം അധികൃതര്‍ കണ്ടില്ലെന്ന് നടക്കുകയാണ്. ഇതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടും കൈയേറ്റത്തിനെതിരേ നടപടിയെടുത്തില്ലെന്നും കൈയേറ്റം നടത്തിയ സ്വകാര്യ വ്യക്തിയും ഭരണ സമിതിയും തമ്മില്‍ പരസ്പര ധാരണയിലാണ് മുന്നോട്ടു പോകുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതി ശിശുമന്ദിരത്തിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ബേബി വര്‍ഗീസ്, വി.എം വിശ്വനാഥന്, കെ.പി അബ്ദുല്‍ സലാം, പി.ജി സുനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."