പതിവ് തെറ്റിക്കാതെ ഗാനഗന്ധര്വ്വന് കൊല്ലൂരില്‍
കൊല്ലൂര്‍: ലോകത്തിന്റെ ഏതു കോണിലായാലും പിറന്നാള്‍ ദിനത്തില്‍ മൂകാംബിക ദേവിയുടെ സന്നിധിയില്‍ എത്തുന്ന ഗാനഗന്ധര്വ്വന് യേശുദാസ് ഇത്തവണയും വാഗ്ദേവതയുടെ അനുഗ്രഹം തേടിയെത്തി. 78ാം പിറന്നാളിന്റെ നിറവിലാണ് യേശുദാസ് ഇക്കുറി കൊല്ലൂരില്‍ എത്തിയത്. ഇത് യേശുദാസിന്റെ പിറന്നാള്‍ ദിനത്തിലെ തുടര്‍ച്ചയായ 49ാമത്തെ ദര്‍ശനം. ഭാര്യ പ്രഭ യേശുദാസ്, മകന് വിനോദ് യേശുദാസ് എന്നിവരോടപ്പം ചൊവ്വാഴ്ച രാത്രിയാണ് കൊല്ലൂരില്‍ എത്തിയത്. ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനം നടത്തിയ യേശുദാസ് ചണ്ഡികയാഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് സരസ്വതി മണ്ഡപത്തില്‍ കുട്ടികളുടെ സംഗീതാര്‍ച്ചനയില്‍ സംബന്ധിച്ച് കീര്‍ത്തനം ആലപിച്ചു.
ഇത്തവണത്തെ സൗപര്‍ണ്ണികാമൃതം സംഗീത പുരസ്കാരം ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം ചുട്ടിയാശാന്‍ പി.ആര് ശിവകുമാറിന് യേശുദാസ് സമ്മാനിച്ചു. യേശുദാസിന്റെ ആയുരാരോഗ്യത്തിനു ഷഷ്ഠിപൂര്‍ത്തി വര്‍ഷമായ 2000ത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഗീതാര്‍ച്ചന ഇത്തവണയും ഉണ്ടായി.
യേശുദാസിനൊപ്പം നിലവില്‍ പാടാനുള്ള അപൂര്‍വ ഭാഗ്യം ലഭിക്കുന്ന ഗായകരില്‍ ഒരാള്‍ കൂടിയാണ് കാഞ്ഞങ്ങാട് രാമചന്ദ്രന്. ആരാധനയ്ക്ക് ശേഷം ഇന്നലെ രാത്രിയോടെ യേശുദാസ് കൊല്ലൂരില്‍ നിന്ന് യാത്ര തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."