നാണംകെട്ട സ്റ്റാമ്പ്‌പേപ്പര്‍ രാഷ്ട്രീയം
ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്തതും ഇനി വ്യാപകമായി കേള്‍ക്കാന്‍ സാധ്യതയുള്ളതുമായ ഒരു കൗതുക (ദയനീയ) വാര്‍ത്ത കഴിഞ്ഞദിവസം ചിത്രം സഹിതം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും പ്രമുഖവും പാരമ്പര്യമുള്ളതുമായ ഒരു രാഷ്ട്രീയപ്പാര്‍ട്ടി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരോട് അവരുടെ 'കൂറുറപ്പ് ' എഴുതി ഒപ്പിടുവിച്ചു വാങ്ങിയെന്നാണു വാര്‍ത്ത.
പാര്‍ട്ടി വേറേതുമല്ല, നിസ്വാര്‍ഥമായ രാജ്യസ്‌നേഹത്തിനും അധികാരക്കൊതിയില്ലായ്മയ്ക്കും ലോകത്തിലെതന്നെ എക്കാലത്തെയും ഉന്നതമാതൃകയായ മഹാത്മാഗാന്ധി ഒരിക്കല്‍ നയിച്ച പ്രസ്ഥാനം തന്നെ; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കുറച്ചുദിവസംമുമ്പു നടന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിയര്‍പ്പും പണവും ചെലവിട്ടു ജയിപ്പിച്ചെടുത്ത ജനപ്രതിനിധികളോടാണ് അവരുടെ കൂറു തെളിയിക്കുന്ന സത്യവാങ്മൂലം എഴുതിവാങ്ങിയത്. വെള്ളക്കടലാസിലല്ല, ഉടമ്പടികള്‍ തയാറാക്കുന്ന സ്റ്റാമ്പ് പേപ്പറില്‍!
ഇന്ത്യ സ്വതന്ത്രയായി ഏഴുപതിറ്റാണ്ടു തികയാറായ ഈ കാലയളവില്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഇത്തരമൊരു എഗ്രിമെന്റെഴുത്ത്. എങ്കിലും, ഇനി വ്യാപകമായി ഇത്തരത്തിലുള്ള കരാറെഴുത്തും ഉടമ്പടികളും ഉണ്ടാകുമെന്നുറപ്പ്. ഇന്നു കോണ്‍ഗ്രസില്‍ സംഭവിച്ചത് നാളെ ബി.ജെ.പിയിലും സി.പി.എമ്മിലും സി.പി.ഐയിലും കേരളകോണ്‍ഗ്രസിലുമെല്ലാം സംഭവിക്കാം. ഇന്നു പശ്ചിമബംഗാളില്‍ നടന്നതു നാളെ കേരളമുള്‍പ്പെടെ ഏതു സംസ്ഥാനത്തും സംഭവിക്കാം. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുണ്ടാക്കുന്ന ഉടമ്പടിക്കുപകരം നാമനിര്‍ദേശപത്രിക നല്‍കുന്നതിനു മുമ്പുതന്നെ ഉടമ്പടി തയാറാക്കുന്ന കാലവും അത്തരം ഉടമ്പടികള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാലവും അസംഭവ്യമാണെന്നു കരുതേണ്ടെന്നു സാരം.
പശ്ചിമബംഗാളില്‍ ഇങ്ങനെ സംഭവിച്ചതെന്തുകൊണ്ട്. അതിശക്തമായ കൂറുമാറ്റനിരോധന നിയമം നിലനില്‍ക്കുന്ന ഈ നാട്ടില്‍ ഇങ്ങനെയൊരു ഉടമ്പടിയുടെ പ്രസക്തിയെന്താണ്. രാഷ്ട്രീയത്തില്‍ ഇങ്ങനെ ഉടമ്പടികള്‍ ചമയ്ക്കുന്നത് ഉചിതമാണോ. ഇതില്‍നിന്ന് എന്തു പാഠമാണ് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടത്. കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള 'ഉടമ്പടിരാഷ്ട്രീയം' സംഭവിക്കാതെയും ആവര്‍ത്തിക്കാതെയുമിരിക്കണമെങ്കില്‍ മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തി നടപ്പാക്കിയേ തീരൂ.
ഇങ്ങനെ സംഭവിച്ചതെന്തുകൊണ്ടെന്ന ആദ്യചോദ്യത്തിനുള്ള മറുപടി എങ്ങനെ ഇതൊക്കെ സംഭവിക്കാതിരിക്കുമെന്ന മറുചോദ്യമാണ് ഉത്തരം. രാഷ്ട്രീയസദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത മട്ടിലാണ് ഇവിടെ ജനപ്രതിനിധികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ചില കോമാളികള്‍ മലക്കംമറിഞ്ഞുകൊണ്ടിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഏതാനും ദിവസംമുമ്പു സംഭവിച്ച കാര്യങ്ങള്‍ നമുക്കറിയാം. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിനെ തള്ളിത്താഴെയിടാന്‍ ബി.ജെ.പി വിരിച്ച വലയില്‍ ഒമ്പതു കോണ്‍ഗ്രസ് അംഗങ്ങള്‍ വീണു.
ബി.ജെ.പി അവരുടെ കൂറുമാറ്റം മുതലെടുത്തു. ഹരീഷ്‌റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ടു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. കോടതി ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നില്ലെങ്കില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നീചമായി അട്ടിമറിക്കപ്പെടുമായിരുന്നു.
കൂറുമാറ്റനിരോധന നിയമം നിലവില്‍വന്നത് 1985 ലാണ്. മുപ്പതുവര്‍ഷത്തിനിടയില്‍ 26 ലോക്‌സഭാംഗങ്ങളും നാലു രാജ്യസഭാംഗങ്ങളുമുള്‍പ്പെടെ നിരവധി ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെട്ടു. എന്നിട്ടും കൂറുമാറ്റം അഭംഗുരം നടക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥമെന്താകാം.
ലളിതമാണ് ഉത്തരം. എത്ര ശക്തമായ വിലക്കിനെയും നിയമത്തെയും തട്ടിമാറ്റാന്‍ പ്രേരിപ്പിക്കുന്ന ശക്തി പണത്തിനുണ്ട്. ഒരു നേട്ടവുമില്ലാതെ വെറും ധാര്‍മികതയുടെ പേരില്‍, ഒരു മന്ത്രിയുള്‍പ്പെടെയുള്ള വിമതന്മാര്‍, നേരം ഇരുട്ടിവെളുക്കുംമുമ്പ് സ്വന്തംപാര്‍ട്ടി വിട്ടു മറ്റൊന്നിലേയ്ക്കു മലക്കം മറിയില്ലല്ലോ. കീശ പരമാവധി വീര്‍ക്കുമെന്നുറപ്പുണ്ടെങ്കില്‍ മാത്രമേ മാറ്റത്തിനായി കാലുയര്‍ത്തൂ.
കമിഴ്ന്നുവീണാല്‍ കാല്‍പ്പണം നക്കിയെടുക്കുന്നവരാണു രാഷ്ട്രീയക്കാരിലൊരുവിഭാഗം. ഉത്തരാഖണ്ഡില്‍ത്തന്നെ അതു തെളിയിക്കപ്പെട്ടു. കാലുമാറിയ വിമതന്മാരെ തിരിച്ചു കാലുമാറ്റാന്‍ ഹരീഷ്‌റാവത്ത് കൈക്കൂലി കൊടുക്കുന്ന ഒളിക്യാമറരംഗം പുറത്തുവന്നു. ഇപ്പോള്‍ അതുസംബന്ധിച്ച നിയമക്കുരുക്കില്‍പ്പെട്ടിരിക്കുകയാണു ഹരീഷ് റാവത്ത്. വാദിയും പ്രതിയും വാദിക്കും പ്രതിക്കുംവേണ്ടി കാലുമാറാന്‍ ഒരുങ്ങിപ്പുറപ്പെട്ടവരും ഒരേ നാണയത്തിന്റെ മറുപുറങ്ങളാണെന്ന് ഇതു തെളിയിക്കുന്നു. ഇത്തരം രാഷ്ട്രീയ ഓന്തുകളെ ജനപ്രതിനിധികളാക്കുമ്പോള്‍ സ്റ്റാമ്പ് പേപ്പറില്‍ ഉടമ്പടി എഴുതിവാങ്ങിക്കുകയല്ല, നിരതദ്രവ്യം കെട്ടിവയ്പ്പികപോലും ചെയ്യേണ്ടിവരും.
കാലുമാറ്റരാഷ്ട്രീയവും അതു തടയാനുള്ള സ്റ്റാമ്പ് പേപ്പര്‍ രാഷ്ട്രീയവും ഇവിടെ ആവര്‍ത്തിക്കാതിരിക്കാന്‍ ഒറ്റക്കാര്യമേ ഉറപ്പുവരുത്തേണ്ടതുള്ളു. അവസരവാദരാഷ്ട്രീയം അവസാനിപ്പിക്കണം. രാഷ്ട്രീയപ്രവര്‍ത്തനമെന്നത് അത്യാര്‍ത്തിയോടെയുള്ള ധനസമ്പാദനമല്ലെന്നും നിസ്വാര്‍ഥമായ ജനസേവനമാണെന്നും ഉറപ്പുവരുത്തണം. ജനങ്ങള്‍ക്കിടയില്‍ പ്രതിഫലേച്ഛകൂടാതെ പ്രവൃത്തിച്ചു കഴിവുതെളിയിച്ചവര്‍ക്കുമാത്രമേ ജനപ്രതിനിധികളാവാന്‍ അവസരം ലഭിക്കൂ എന്ന തോന്നലുണ്ടാകണം. പെട്ടിതൂക്കിരാഷ്ട്രീയം പച്ചപിടിക്കില്ലെന്നു നേതാക്കന്മാരുടെ പാദസേവകര്‍ക്ക് അനുഭവത്തില്‍നിന്നു ബോധ്യമാകണം. ഇതൊക്കെ സംഭവിച്ചാല്‍ പാര്‍ട്ടി കൂറു ബോധ്യപ്പെടുത്താനും മലക്കംമറിയലൊഴിവാക്കാനും സ്റ്റാമ്പ്‌പേപ്പര്‍ വാങ്ങാന്‍ പാര്‍ട്ടി നേതാക്കള്‍ ഓടിനടക്കേണ്ടിവരില്ല.
ഇനി വാര്‍ത്തയില്‍ വന്ന സ്റ്റാമ്പ് പേപ്പര്‍ ഉടമ്പടിയുടെ കാണാക്കഥയിലേയ്ക്കു വരാം. ബംഗാളിലെ എം.എല്‍.എമാരോടു പാര്‍ട്ടിക്കൂറു വ്യക്തമാക്കാനല്ല കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ന്യായീകരിക്കാമായിരുന്നു. സംഭവിച്ചതു മറിച്ചാണ്. പാര്‍ട്ടിയോടു കൂറുണ്ടാകുമെന്നല്ല, എം.എല്‍.എമാര്‍ എഴുതിക്കൊടുത്തത്; സോണിയാഗാന്ധിയോടും രാഹുല്‍ഗാന്ധിയോടും കൂറും വിധേയത്വവുമുണ്ടാകുമെന്നാണ്. കോണ്‍ഗ്രസുകാര്‍ക്കു തന്നോടല്ല കോണ്‍ഗ്രസ് പ്രസ്ഥാനത്തോടു കൂറുണ്ടാകണമെന്നാണു ഗാന്ധിജി നിഷ്‌കര്‍ഷിച്ചത്. വ്യക്തികളോടു വിധേയത്വമുണ്ടാകാനേ പാടില്ലെന്നും ആ മഹാത്മാവു പഠിപ്പിച്ചു.
ഇന്നോ.. കൂടുതല്‍ പറയുന്നില്ല. ആ ചോദ്യത്തിനുത്തരം കണ്ടെത്തേണ്ടത് നിങ്ങളോരോരുത്തരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."