ഓഖി ഫണ്ട് ആകാശയാത്രക്ക് ഉപയോഗിച്ചത് കേരളത്തിന് അപമാനം: കെ.പി.എ മജീദ്
കോഴിക്കോട്: ഓഖി ദുരന്തം കൈകാര്യംചെയ്യുന്നതില്‍ തുടക്കംമുതല്‍ വീഴ്ചവരുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇരകളോടും കുടുംബത്തോടും കാണിക്കുന്ന കൊടിയ അനീതിയാണ് ഹെലികോപ്റ്റര്‍ വിവാദത്തിലൂടെ പുറത്തുവന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്. സി.പി.എം ജില്ലാ സമ്മേളന നഗരിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി നടത്തിയ യാത്രക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്ന് എട്ടു ലക്ഷം ചെലവാക്കിയത് കേരളത്തിന് അപമാനമാണ്.
ദുരന്തം കൈകാര്യംചെയ്യുന്നതില്‍ എല്ലാനിലക്കും സര്‍ക്കാര്‍ പരാജയമായിട്ടും ദുരന്തമുഖത്ത് കക്ഷിരാഷ്ട്രീയം പറയാതിരുന്നത് ആനുകൂല്യമാക്കുന്നത് അവസാനിപ്പിക്കണം. വിഷയത്തെ മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫിസുകള്‍ തമ്മിലുള്ള വടംവലിയായോ സി.പി.എം- സി.പി.ഐ തര്‍ക്കമായോ കണ്ട് ഹെലികോപ്റ്റര്‍ ധൂര്‍ത്തിന്റെ ഗൗരവം കുറക്കാനാകില്ല.
അടിയന്തരഘട്ടത്തില്‍ ഏതെങ്കിലും ഭരണാധികാരികള്‍ ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയുടെ ആകാശപ്പറക്കല്‍ ന്യായീകരിക്കാനാകില്ല. ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിച്ച് അഴിമതിയിലും കെടുകാര്യസ്ഥതയിലും മത്സരിക്കുകയാണ് മന്ത്രിമാരെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."