യു.എ.ഇ വിസ ഇനി 'നല്ലകുട്ടി'കള്‍ക്കു മാത്രം
യോഗ്യതയും ഭാഗ്യവും മാത്രമുണ്ടായാല്‍ പോരാ, സ്വഭാവംകൂടി നന്നായാലേ ഇനി യു.എ.ഇയിലേയ്ക്കുള്ള തൊഴില്‍ വിസ കിട്ടൂ. അടുത്തമാസം നാലു മുതലാണ് ഇങ്ങനെയൊരു കടമ്പ (നിയമം) കൂടി നിലവില്‍ വരുന്നത്.
'കഴിഞ്ഞ അഞ്ചുവര്‍ഷമായി വിസ അപേക്ഷകന്‍ നല്ല സ്വഭാവക്കാരനാണ്' എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണു വേണ്ടത്. അത് അപേക്ഷകന്റെ മാതൃരാജ്യത്തു നിന്നുള്ളതാകണം. വര്‍ഷങ്ങളായി പുറം രാജ്യത്താണു താമസമെങ്കില്‍ അവസാനത്തെ അഞ്ചുവര്‍ഷം ജീവിച്ച രാജ്യത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്.
ആരെങ്കിലും നല്‍കുന്ന സ്വഭാവസര്‍ട്ടിഫിക്കറ്റ് പോരാ. അതത് രാജ്യത്തെ യു.എ.ഇ എംബസിയോ വിദേശകാര്യ വിഭാഗമോ ശരിവച്ചു സീല്‍ പതിച്ചതാവണം സര്‍ട്ടിഫിക്കറ്റ്. നിലവിലുള്ള നിയമപ്രകാരം ഇപ്പറഞ്ഞ രണ്ടിടങ്ങളില്‍നിന്നും അറ്റസ്റ്റേഷന്‍ ലഭിക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രാജ്യത്തിന്റെ വിദേശകാര്യവകുപ്പില്‍ നിന്നുള്ള സീല്‍ ആവശ്യമാണ്. ചിലപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പില്‍ നിന്നുള്ള അനുമതിയും ആവശ്യമായി വരും.
തൊഴില്‍ വിസയ്ക്കു മാത്രമാണു പുതിയനിയമം ബാധകമായിട്ടുള്ളത്. വിസിറ്റ്, ട്രാന്‍സിറ്റ് വിസകള്‍ക്കു സര്‍ട്ടിഫിക്കറ്റ് വേണ്ട. രാജ്യസുരക്ഷ ഉറപ്പുവരുത്തലും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരാണ് അന്യദേശത്തുനിന്നെത്തിയവര്‍ എന്ന് ഉറപ്പുവരുത്തലുമാണു ലക്ഷ്യം.
45 ലക്ഷത്തിലേറെ വിദേശികളുള്ള യു.എ.ഇയില്‍ സമീപകാലത്തു നടന്ന അന്വേഷണമാണ് ഇത്തരമൊരു നിയമനിര്‍മാണത്തിനു വഴിവച്ചത്. അടുത്തകാലത്തു നടന്ന ചില കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടെ പശ്ചാത്തലമന്വേഷിച്ചപ്പോഴാണ് അവര്‍ മാതൃരാജ്യത്തും 'ബഡാ പോക്കിരി'കളായിരുന്നുവെന്നു അധികാരികള്‍ മനസ്സിലാക്കിയത്.
യു.എ.ഇയില്‍ തൊഴിലന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം പുതിയനീക്കം പൊല്ലാപ്പാകും. ചെലുവുമേറും. ഒരു പൊലിസുകാരന്‍ വിചാരിച്ചാലും യാത്ര മുടക്കാനാകും. മറ്റു വിദേശരാജ്യങ്ങളില്‍നിന്നു യു.എ.ഇയിലേയ്ക്കു ജോലി മാറാനുദ്ദേശിക്കുന്നവര്‍ക്കും പുതിയനിയമത്തിനു പിന്നാലെ അല്‍പ്പം ഓടേണ്ടിവരും.
ഗള്‍ഫില്‍ പോകുന്നയാള്‍ക്കു 'നല്ല പുള്ളി'യാണെന്ന സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ ആദ്യം പൊലിസ് സ്റ്റേഷന്‍ കയറണം. ക്രിമിനല്‍ക്കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കത്ത് അവിടെനിന്നു വാങ്ങണം. ഈ വ്യക്തി കുറേക്കാലമായി തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ സിംഗപൂരോ മറ്റോ ആണു ജീവിച്ചതെന്നിരിക്കട്ടെ. അവിടെനിന്നുള്ള ക്ലിയറന്‍സ് വേണ്ടിവരും. എങ്കില്‍ മാത്രമേ ലോക്കല്‍ സ്റ്റേഷനില്‍നിന്നു സര്‍ട്ടിഫിക്കറ്റ് കിട്ടൂ. അങ്ങനെ സംഭവം ടി.വി സീരിയല്‍പോലെ നീളും.
ഇനി ആ കടമ്പയൊക്കെ താണ്ടിയെന്നു വയ്ക്കുക, ആള്‍ എത്ര 'ക്ലീന്‍' ആണെങ്കിലും 'നാട്ടുനടപ്പ'നുസരിച്ചു ചില്ലറ വീശാതെ സര്‍ട്ടിഫിക്കറ്റു കിട്ടാന്‍ സാധ്യതയില്ല. യാത്ര ഗള്‍ഫിലേക്കാണെന്നതിനാല്‍ ചില്ലറ മതിയായെന്നു വരില്ല.
ഗള്‍ഫിലേക്കു പോകുന്നവര്‍, ഇപ്പോള്‍ത്തന്നെ വിദ്യാഭ്യാസ, തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാന്‍ മുടക്കുന്നതു പതിനായിരക്കണക്കിനു രൂപയാണ്. വടക്കുള്ളവന്‍ എല്ലാം പേറി തെക്കു തിരുവനന്തപുരത്തേക്കു വണ്ടി കയറണം. ഒരു പ്രാവശ്യം കൊണ്ടു കാര്യം നടക്കില്ല. പല തവണ യാത്രചെയ്യണം. വിദ്യാഭ്യാസരേഖകള്‍ നോര്‍ക്കയില്‍ നിന്നു വിദേശകാര്യമന്ത്രാലയം വഴി യു.എ.ഇ എംബസിയിലേക്ക് എന്നതാണു റൂട്ട്.
വിവാഹസര്‍ട്ടിഫിക്കറ്റും ജന നസര്‍ട്ടിഫിക്കറ്റുമൊക്കെ നേരേ സെക്രട്ടേറിയറ്റിലെത്തണം. അവിടന്നുവേണം എംബസിയിലെത്താന്‍. ഇതിനിടയിലേയ്ക്കാണു സ്വഭാവസര്‍ട്ടിഫിക്കറ്റിന്റെ കൂടി എന്‍ട്രി. ഇത് ഇനിയിപ്പോള്‍ ഏതൊക്കെ മേശകള്‍ താണ്ടേണ്ടി വരുമെന്ന് ഒരു നിശ്ചയവുമില്ല.
ഒന്നുറപ്പാണ്. അറ്റസ്റ്റ് ചെയ്യാന്‍ ഒരുങ്ങിനില്‍ക്കുന്ന ഏജന്‍സികള്‍ക്കും പൊലിസുകാര്‍ക്കും ചാകരയായിരിക്കും. സമയവും സന്ദര്‍ഭവും ആവശ്യക്കാരന്റെ തിടുക്കവുമൊക്കെ നോക്കി ചില്ലറ കനത്തില്‍ വാങ്ങാം. ഗള്‍ഫില്‍പ്പോയി അങ്ങനെ നന്നാകണ്ട എന്നു തോന്നിയാല്‍ ആരെയും ഒരു കാര്യവുമില്ലാതെ കുറേനാള്‍ നടത്താം.കുറേക്കാലം മുമ്പ് ചില ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കു പോകാന്‍ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നു. അന്ന് ആ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ ചില്ലറ കൊടുക്കാതെ പറ്റില്ലായിരുന്നു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു വരുന്ന ഏമാന്മാരില്‍ വിഹിതം കിട്ടിയ ശേഷമേ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് അയക്കാറുള്ളൂ.
പുതിയനിയമത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. മലയാളികളടക്കമുള്ള ചിലരുടെ ചെയ്തികളുടെ അനന്തരഫലമാണത്. കുറ്റംചെയ്തും അറബികളെ പറ്റിച്ചും ഗള്‍ഫില്‍നിന്നു മുങ്ങിയ ഒരുപാടു വിരുതന്മാരുണ്ട് .ബ്ലാക്‌ലിസ്റ്റ് ചെയ്യപ്പെട്ടു പുറത്തുപോയവരുണ്ട്. അവരില്‍ പലരും പേരു തിരിച്ചിട്ടും മറിച്ചുമിട്ടു പാസ്‌പോര്‍ട്ട് മാറ്റിയെടുത്തു തിരിച്ചു ഗള്‍ഫിലെത്തും. വരികമാത്രമല്ല, പിടികൂടപ്പെടാതെ തിരിച്ചെത്തിയതിന്റെ ബഡായി പറഞ്ഞു നടക്കുകയും ചെയ്യും. ഇത്തരക്കാരെ തടയാനാണു വിസ സ്റ്റാമ്പിങ് സമയത്തു തള്ളവിരലടയാളം കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന രീതി കൊണ്ടുവന്നത്.
തരികിടക്കാര്‍ തലപുകഞ്ഞാലോചിച്ച് അതിനും പരിഹാരം കണ്ടെത്തി. തള്ളവിരലിലെ രേഖകള്‍ ചെറുതായി മായ്ക്കാനുള്ള സംവിധാനം. ഇതിനെത്തുടര്‍ന്നു രണ്ടു കൈകളിലെയും തള്ളവിരലുകളും, മറ്റു വിരലുകളുമൊക്കെ പതിപ്പിച്ചെടുത്ത് സൂക്ഷിക്കുന്ന രീതി കൊണ്ടുവന്നു. എന്നിട്ടും വരേണ്ടവര്‍ വന്നുകൊണ്ടേയിരുന്നു.
അപ്പോള്‍ അധികാരികള്‍ കണ്ണു സ്‌കാന്‍ ചെയ്യുന്ന രീതി കൊണ്ടുവന്നു. അതും വെട്ടാനുള്ള രീതി വൈകാതെയെത്തി, കണ്ണില്‍ ഇറ്റിക്കുന്ന പ്രത്യേക തരം മരുന്ന്. വിമാനമിറങ്ങി എമിഗ്രേഷന്‍ കൗണ്ടറിലെത്തുന്നതിനു മുമ്പ് പ്രത്യേക തരം ഓയില്‍ രണ്ടുതുള്ളി കണ്ണിലൊഴിക്കും. അതോടെ നാലുമണിക്കൂര്‍ നേരത്തേയ്ക്കു കണ്ണു സ്‌കാന്‍ ചെയ്താലും കൃത്യത കിട്ടില്ല. ഇത്തരക്കാര്‍ വിമാനമിറങ്ങി ടോയ്‌ലെറ്റില്‍ കയറി കണ്ണിലെണ്ണ ഒഴിച്ചിട്ടേ എമിഗ്രേഷന്‍ കൗണ്ടറിനു മുന്നിലെത്തുമായിരുന്നുള്ളൂ. എണ്ണ ഒഴിച്ചാല്‍ കംപ്യൂട്ടറിലുള്ള കൃഷ്ണമണിയോടു സാമ്യമുണ്ടാകില്ല യഥാര്‍ഥ കൃഷ്ണമണിക്ക്. അങ്ങനെ ആള്‍ക്കു കൂളായി ഇറങ്ങിപ്പോകാന്‍ പറ്റും.
ഈ സംഭവം മണത്ത പൊലിസ് പുതിയ വിദ്യ കൊണ്ടുവന്നു. കുറച്ചു സംശയമുള്ളവരോടു ക്യുവില്‍നിന്നു മാറി കാത്തിരിക്കാന്‍ പറയും. മൂന്നും നാലും മണിക്കൂര്‍ കത്തിരിപ്പിച്ച ശേഷം വീണ്ടും സ്‌കാന്‍ ചെയ്യുന്നതോടെ വില്ലന്‍ കൃഷ്ണമണികള്‍ കണ്ടെത്താനാകും. ഏറ്റവും ആധുനിക ഐ സ്‌കാനിങ് ഉപകരണങ്ങള്‍ സ്ഥാപിച്ചതോടെ കൃഷ്ണമണികളെ തകര്‍ക്കുന്ന എണ്ണ ഏര്‍പ്പാടുകളും അപ്രത്യക്ഷമായി. സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ എംബസ്സിയുടെ കൃത്യമായ പ്രതികരണം വന്നിട്ടില്ല. യു.എ.ഇ അധികൃതര്‍ ഇതെങ്ങനെയാണു നടപ്പാക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നശേഷം പ്രതികരിക്കാം എന്നതാണ് എംബസ്സിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."