ഭാരതപ്പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തി
കുറ്റിപ്പുറം: കുഴിബോംബും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തി. ഇന്റലിജന്‍സ് ഡി.ഐ.ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.
ഇന്നലെ രാവിലെ ഒന്‍പതോടെ ആരംഭിച്ച തിരച്ചില്‍ വൈകിട്ട് നാലുവരെ നീണ്ടുനിന്നു. പരിശോധനയില്‍ പുഴയില്‍നിന്ന് രണ്ട് പി.എസ്.പി (പിയേഴ്സ് സ്റ്റീല്‍ പ്ലേറ്റ്) കണ്ടെത്തി. സൈന്യത്തിന്റെ വാഹനങ്ങള്‍ ചതുപ്പുകളില്‍ താഴ്ന്നുപോകാതിരിക്കാന്‍ ഉപയോഗിക്കുന്നതാണിത്. മൂന്നടി താഴ്ചയില്‍ നിന്നാണ് പി.എസ്.പി കണ്ടെത്തിയത്.
പാലത്തിനുതാഴെ ചാക്കില്‍ കെട്ടിയ നിലയില്‍ കഴിഞ്ഞ ദിവസം 445ഓളം വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. ചാക്കില്‍ കനമുള്ള വസ്തു കണ്ടതിനെ തുടര്‍ന്ന് പരിസരവാസികളാണ് പൊലിസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലിസ് നടത്തിയ പരിശോധനയിലാണ് പുഴയില്‍നിന്ന് വെടിയുണ്ടകളുടെ വന്‍ ശേഖരം കണ്ടെത്തിയത്. വെടിയുണ്ട ഉപേക്ഷിച്ചത് മാവോയിസ്റ്റുകളാണെന്ന സംശയത്തിലാണ് പൊലിസ്. ദിവസങ്ങള്‍ക്കുമുന്‍പ് ഇവിടെനിന്ന് അഞ്ചോളം കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. കുഴിബോംബ് കണ്ടെത്തിയ കേസില്‍ പൊലിസിനെ കൂടാതെ ദേശീയ സുരക്ഷാ ഏജന്‍സിയും സൈനിക രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ബോംബുകളും വെടിയുണ്ടകളും ഇപ്പോള്‍ മലപ്പുറത്തെ എ.ആര് ക്യാംപില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."