ജഡ്ജിമാരുടെ പ്രതിഷേധം; ഇന്നുവരെ രാജ്യം അഭിമുഖീകരിക്കാത്തത്
ന്യൂഡല്‍ഹി:ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഇന്നലെ കടന്നത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മഥന്‍ വി ലോകൂര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി എന്നിവര്‍ ചീഫ് ജസ്റ്റിസിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ദീപക് മിശ്രയുടെ കാലാവധി കഴിഞ്ഞാല്‍ സുപ്രിം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തേണ്ടത് രഞ്ജന്‍ ഗൊഗോയിയാണ്.
നാലുപേരും വാര്‍ത്താ സമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരേ പ്രതികരിച്ചതിനുപിന്നാലെ രാജ്യത്തെ മുന്‍ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങളും പ്രകടിപ്പിച്ചു.
'രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത ഒന്നാണ് ചീഫ് ജസ്റ്റിസിനെതിരേ സുപ്രിം കോടതി ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം. ദേശീയ താല്‍പര്യം പ്രധാന പരിഗണനയാകുമ്പോള്‍ ഇത്തരം അസാധാരണ സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷിയാകും'
-യശ്വന്ത് സിന്‍ഹ (മുന്‍ കേന്ദ്ര ധനമന്ത്രി)
'ഇത് ഭരണപരമായ പ്രശ്‌നമാണ്. ആരേയും നമുക്ക് കുറ്റപ്പെടുത്താനാകില്ല. ജീവിതകാലം മുഴുവന്‍ നീതിന്യായ വ്യവസ്ഥക്കുവേണ്ടി ഉഴിഞ്ഞുവച്ചവരാണ് നാല് ജഡ്ജിമാരും. അവര്‍ ഉന്നയിച്ച പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. നാല് ജഡ്ജിമാരേയും ചീഫ് ജസ്റ്റിസിനെയും വളിച്ചുവരുത്തി പ്രധാനമന്ത്രി പ്രശ്‌ന പരിഹാരം ഉണ്ടാക്കണം'
-സുബ്രഹ്മണ്യം സ്വാമി
(അഭിഭാഷകന്‍, ബി.ജെ.പി നേതാവ്)
'ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികരിച്ച നാല് ജഡ്ജിമാരേയും ഇംപീച്ച് ചെയ്യണം. ജനാധിപത്യത്തിന് ഒരു കുഴപ്പവുമില്ല. ഇവിടെ പാര്‍ലമെന്റും കോടതികളും പൊലിസും പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രിം കോടതിയില്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം പാടില്ല'
-റിട്ട. ജസ്റ്റിസ് ആര്‍.എസ്.സോധി (സുപ്രിം കോടതി)
'ചീഫ് ജസ്റ്റിസിനുമേല്‍ നിഴല്‍ വീണിരിക്കുന്ന ഗുരുതരമായ സംഭവമാണിത്. അദ്ദേഹം തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുമ്പോള്‍ ആരെങ്കിലുമൊക്കെ പ്രതികരിക്കണമല്ലോ?'
- പ്രശാന്ത് ഭൂഷണ്‍
(സുപ്രിം കോടതി അഭിഭാഷകന്‍)
'ഇത് ജുഡീഷ്യറിയുടെ കറുത്ത ദിനമാണ്. സുപ്രിം കോടതിയുടെ എല്ലാ വിധിന്യായങ്ങളും സാധാരണക്കാരനായ ജനം സംശയത്തോടെയേ നോക്കൂ. എല്ലാ വിധികളും ചോദ്യം ചെയ്യപ്പെടും'
- ഉജ്ജ്വല്‍ നിഗം
(സുപ്രിം കോടതി അഭിഭാഷകന്‍)
'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, ബെഞ്ചുകള്‍ രൂപീകരിക്കുകയും സ്വന്തം താല്‍പര്യപ്രകാരം കേസുകള്‍ ഓരോ ബെഞ്ചിന് കൈമാറുകയും ചെയ്യുന്നു'
- ദുഷ്യന്ത് ദവെ
(സുപ്രിം കോടതി അഭിഭാഷകന്‍)
'സുപ്രിം കോടതിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് നാല് ജഡ്ജിമാരുടെ പ്രതികരണത്തിലൂടെ വ്യക്തമായത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ജഡ്ജിമാര്‍ അക്കാര്യം ചൂണ്ടിക്കാട്ടി മുന്നോട്ട് വരികതന്നെ വേണം'
-റിട്ട. ജസ്റ്റിസ് പി.ബി സാവന്ത്
(സുപ്രിം കോടതി)
'ചീഫ് ജസ്റ്റിസിനെതിരേ നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം ദൗര്‍ഭാഗ്യകരം. സുപ്രിം കോടതിക്കേതിരേ ജനങ്ങളില്‍ സംശയത്തിനുമാത്രമേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കൂ'
-കെ.ജി ബാലകൃഷ്ണന്‍
( മുന്‍ ചീഫ് ജസ്റ്റിസ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."